തൃശൂർ: ‘ഈ അമ്മ എന്ന സംഘടനയിൽ നിന്നും താൻ പരിഞ്ഞുപോകുകയാണ്. ഇനി മോഹന്‍ലാലാണ് പ്രസിഡന്റ്. പക്ഷേ ഒറ്റക്കാര്യം പറയാം. ഇതിൽ നിന്നും ഒരു രൂപ എടുത്താല്‍ അവന് കാന്‍സര്‍ എന്ന മഹാരോഗം വരും’ സംഘടന ഭാരവാഹിത്വം ഒഴിയുന്ന പ്രസംഗത്തിൽ ഇന്നസെന്റ് പറഞ്ഞു. അന്ന് രാത്രി ഒരു പ്രമുഖ നടി വിളിച്ചു ചോദിച്ചുവത്രെ അപ്പോൾ നിങ്ങൾ പണം അടിച്ചുമാറ്റിയിരുന്നുവല്ലേ.
രസകരമായ ഈ അനുഭവം അദ്ദേഹം പങ്കുവെച്ചതോ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലും. വലിയ കാര്യങ്ങളും തമാശയിൽ കലർത്തിയാണ് അദ്ദേഹം പറയാറുള്ളത്. പതിനെട്ട് വര്‍ഷത്തോളം പ്രസിഡന്റ് സ്ഥാനത്ത് ഇരുന്നാണ് ഇന്നസെന്റ് രാജിവെച്ചത്. മലയാള സിനിമയിലെ വമ്പൻ സ്രാവുകളെയും പരൽമീനുകളെയുമൊക്കെ കോർത്തിണക്കി കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. രാഷ്ട്രീയത്തിലെ മെയ്‍വഴക്കമാണ് ഇത്തരത്തിൽ ഒരു പ്രശ്നവുമില്ലാതെ അമ്മയുടെ പിറവി മുതൽ അമരത്ത് തിളങ്ങാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത്.
ജീവിതവേഷങ്ങൾ
തൃശൂർ: പൊള്ളുന്ന ജീവിതാനുഭവങ്ങളിലൂടെ ചിരിമരുന്നുമായി വിജയവഴികൾ താണ്ടിക്കടന്ന ഇരിങ്ങാലക്കുടക്കാരൻ ഒറ്റവാക്കിൽ ഇന്നസെന്റ് ഇതാണ്. ജീവിക്കാൻ വേണ്ടി കെട്ടിയാടേണ്ടിവന്ന വേഷങ്ങളുടെ വൈവിധ്യവും ഒന്നിനുപിറകെ ഒന്നായി പിന്നെയും പിന്നെയുമെത്തിയ ദുരന്തങ്ങളുമൊക്കെ ചിരിയിൽ അതിജീവിച്ച പച്ചയായ മനുഷ്യൻ.
ഓരോ ക്ലാസിലും രണ്ടും മൂന്നും കൊല്ലം ഇരുന്ന് എല്ലാം നന്നായി പഠിച്ചാണ് മുന്നേറിയതെന്ന് ആത്മകഥയിൽ അദ്ദേഹം പറഞ്ഞുവെക്കുന്നു. മൂന്നുനാല് സ്കൂളുകൾ മാറി എട്ടാം ക്ലാസ്സിലെത്തിയപ്പോഴേക്കും അപ്പൻ തോൽവി സമ്മതിച്ചു. അതോടെ ഇന്നസെന്റിന്റെ പഠിപ്പുതീർന്നു. പിന്നെയാണ് പാഠങ്ങൾ തുടങ്ങിയത്. പേക്ഷ ജീവിത പരീക്ഷണങ്ങളിൽ ആദ്യം ഏറെ കഷ്ടപ്പെട്ടിട്ടാണെങ്കിലും ഒടുവിൽ ജയിച്ചുകയറാൻ ഇന്നസെന്റിനായി.
ഒരുഗതിയും പരഗതിയുമില്ലാതെ വന്നപ്പോൾ ആർ.എസ്.പിയുടെ പ്രാദേശിക നേതാവായത് പോലും ഫലിതത്തോടെ അദ്ദേഹം പങ്കുവെച്ചിരുന്നു. ഡൽഹിയിൽ സിമന്റ് കൺട്രോളറുടെ കൈക്കൂലി ഏജന്റായതും വോളിബാൾ എന്തെന്നറിയാതെ പരിശീലകനായി വിജയങ്ങൾ ചൂടിയതുമെല്ലാം ഹാസ്യത്തിൽ ചാലിച്ച് പലകുറി അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ദാവൺഗരെയിലെ തീപ്പെട്ടിക്കമ്പനി മുതലാളിക്ക് അവിടെനിന്നും ഒളിച്ചോടി പോരേണ്ട ഗതികേട് പറഞ്ഞതും തനി ഇരിങ്ങാലക്കുട ശൈലിയിൽ ഫലിതത്തിൽ തന്നെ.
സിനിമാ മോഹവുമായി കോടമ്പാക്കത്ത് ചെന്ന് പട്ടിണികിടക്കുന്നതിനിടെ കൊതുക് കടിക്കുന്ന കാര്യമൊക്കെ ഏറെ ഹൃദ്യമായ അനുഭവങ്ങളായിരുന്നു ഇന്നസെന്റിന്. കോടമ്പാക്കത്തെ ഇക്കയും തീവണ്ടിയിലെ വേശ്യയും ദാവൺഗരെയിലെ മൈലപ്പയുമൊക്കെ പകർന്നു നൽകിയ സ്നേഹപാഠങ്ങൾ അദ്ദേഹത്തിന്റെ ആത്മകഥയിലെ തുടിപ്പുകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.