തിരൂരങ്ങാടി: യുക്രെയ്നിൽ കുടുങ്ങിയ 350ഓളം മലയാളി വിദ്യാർഥികൾക്കായി സഹായം അഭ്യർഥിക്കുകയാണ് എ.ആർ നഗർ വി.കെ പടി സ്വദേശിനി ജുഹാന. യുക്രെയ്നിലെ ഖാർകീവ് പ്രദേശത്തെ വി.എൻ കാറാസിൻ നാഷനൽ യൂനിവേഴ്സിറ്റിയിൽ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയായ ജുഹാന ഡിസംബർ ആറിനാണ് കോഴിക്കോട്ടെ ഒരു ഏജൻസി വഴി അവിടെയെത്തിയത്. വി.കെ പടി പിലാത്തോട് സൈതലവി- ഖദീജ ദമ്പതികളുടെ മകളാണ്. കിയവിൽനിന്ന് ഏകദേശം 30 മണിക്കൂർ യാത്രാദൂരമുണ്ട് കോളജിലേക്ക്.
യുദ്ധം ആരംഭിച്ചതോടെ ഏറെ ഭീതിയിലാണ് ഹോസ്റ്റലിൽ കഴിയുന്നതെന്ന് ജുഹാന പറഞ്ഞു. കോളജിൽ ഏകദേശം 350 മലയാളി വിദ്യാർഥികൾ പഠിക്കുന്നുണ്ട്. രണ്ട് ഹോസ്റ്റലിലായാണ് ആൺകുട്ടികളും പെൺകുട്ടികളും പുറത്തിറങ്ങാനാവാതെ കഴിയുന്നത്. ജുഹാന ഉൾപ്പെടെ 150ഓളം മലയാളി പെൺകുട്ടികൾ ഇടുങ്ങിയ ഒരു മുറിയിലാണ് ദിവസങ്ങളായി കഴിയുന്നത്. മറ്റുള്ള വിദ്യാർഥികൾ സമീപത്തെ മറ്റൊരു ഹോസ്റ്റലിലാണ്. ഭക്ഷണത്തിന് ക്ഷാമമുണ്ട്.
ശനിയാഴ്ച കുറച്ച് ഭക്ഷണം ലഭിച്ചു. ഞായറാഴ്ചത്തേക്കും അതുപയോഗിച്ചു. തിങ്കളാഴ്ചത്തേക്ക് ലഭിച്ചിട്ടില്ല. കുടിവെള്ളത്തിനും ക്ഷാമമുണ്ട്. ശനിയാഴ്ച വൈകീട്ട് ആറിന് തുടങ്ങിയ ഷെല്ലാക്രമണം ഞായറാഴ്ച രാവിലെ ആറ് വരെ തുടർന്നു. ടോയ്ലറ്റ് സൗകര്യവും കുറവാണ്.
പലർക്കും പനിയും ജലദോഷവും ബാധിച്ചു. ഇടക്കിടെ സൈറൺ മുഴങ്ങും. തുടർന്ന് വലിയ സ്ഫോടനശബ്ദവും. കുടുംബവുമായി ഫോൺ ചെയ്യാൻ സാധിക്കുന്നത് മാത്രമാണ് ഏക ആശ്വാസം. കോഴിക്കോട് കിണാശ്ശേരി സ്വദേശി ശബീറാണ് ജുഹാനയുടെ ഭർത്താവ്. ഇവാൻ മുഹമ്മദ് (രണ്ടര വയസ്സ്) മകനാണ്.
എങ്ങും സൈനികര്‍; ബങ്കറുകളില്‍ ആശങ്ക മാത്രം
കൊണ്ടോട്ടി: ''ഇടക്കിടെ സൈറണ്‍ മുഴങ്ങുമ്പോള്‍ ഫോണും പാസ്പോര്ട്ടുമെടുത്ത് ഹോസ്റ്റലിനടിയിലെ ബങ്കറിലേക്ക്. ഇതിനിടയില്‍ സ്ഫോടന ശബ്ദങ്ങള്‍.
തിരിച്ച് ഹോസ്റ്റല്‍ മുറിയിലെത്തി പുറത്തേക്ക് നോക്കിയാല്‍ എങ്ങും സൈനികര്‍ മാത്രം. ഏതാനും ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും മാത്രമാണ് ഹോസ്റ്റലിലുള്ളത്.
സഹായത്തിന് ആരുമെത്തുന്നില്ല. സമാധാനിക്കാനുള്ള ഒരു സന്ദേശവുമില്ല''- യുക്രെയ്നിലെ സപ്രോസിയ സര്‍വകലാശാലയിലെ ഹോസ്റ്റലില്‍ കഴിയുന്ന കൊണ്ടോട്ടി സ്വദേശികളായ ചെമ്പന്‍ ഷഹനാസും എടക്കോട്ട് ദിയയും ഉള്‍പ്പെടെയുള്ള മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികളുടെ വാക്കുകളാണിത്.
എന്ന് നാട്ടിലെത്താനാകുമെന്നറിയാതെ പകച്ചിരിക്കുകയാണ് ഇവർ. 1,600ലധികം ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ ഹോസ്റ്റലിലുണ്ട്. ഇതില്‍ 600ഓളം പേര് മലയാളികളാണ്.
'എ.ടി.എമ്മുകളിൽ പണമില്ല, ഭക്ഷണശാലകൾ അടഞ്ഞുകിടക്കുന്നു; കൂട്ടുകാരെ രക്ഷിക്കണം'
കൊച്ചി: ''റഷ്യയുടെ തുടർച്ചയായ ഷെല്ലിങ് നടക്കുകയാണ്. 10 മണിക്കൂർ മുമ്പുവരെ അവിടെയുള്ള സുഹൃത്തുക്കൾ ബന്ധപ്പെടുന്നുണ്ടായിരുന്നു. ശനിയാഴ്ച വൈകീട്ട് ആറിനുശേഷം അവരോട് ബങ്കറിലേക്ക് പോകാൻ അധികൃതർ ആവശ്യപ്പെട്ടു. അവർക്ക് അവിടെ ഭക്ഷണമൊന്നും ലഭ്യമല്ല. ആകെ ഒരു പെട്രോൾ പമ്പും അതിനോട് ചേർന്ന ഒരു കഫേയും മാത്രമാണ് തുറന്നിരിക്കുന്നത്. ഭക്ഷണവും പെൺകുട്ടികൾക്കുള്ള സാനിറ്ററി നാപ്കിനും അത്യാവശ്യമായി എത്തിച്ച് നൽകണം''- യുദ്ധഭൂമിയിലെ ഭീതിപ്പെടുത്തുന്ന അവസ്ഥയായിരുന്നു യുക്രെയ്നിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ തിരുവനന്തപുരം സ്വദേശി ജോയലിന് പറയാനുണ്ടായിരുന്നത്. ആദ്യംതന്നെ അതിർത്തി കടക്കാനായതിനാൽ തങ്ങൾക്ക് വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവന്നില്ലെന്നും കിയവ്, ഖാർകിവ് പ്രദേശങ്ങളിലെ സുഹൃത്തുക്കളാണ് കൂടുതൽ കഷ്ടപ്പെടുന്നതെന്നും ജോയൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.