തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ വാട്സ്ആപ് ഗ്രൂപ് രൂപവത്കരിച്ചതിന് സസ്‌പെൻഷനിലായ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ കുറ്റാരോപണ മെമ്മോ നൽകി. 30 ദിവസത്തിനകം രേഖാമൂലം മറുപടി നൽകിയില്ലെങ്കിൽ ഗോപാലകൃഷ്‌ണനെതിരെ അച്ചടക്ക നടപടിയിലേക്ക് കടക്കും.
സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചു, അനൈക്യത്തിന്റെ വിത്തുകൾ പാകി, ഓൾ ഇന്ത്യ സർവിസ് കേഡറുകൾ തമ്മിലുള്ള ഐക്യദാർഢ്യം തകർക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് ആരോപിക്കുന്നത്. വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണനാണെന്നും അദ്ദേഹത്തിന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും ചീഫ് സെക്രട്ടറിയുടെ സസ്‌പെൻഷൻ ഉത്തരവിലും വ്യക്തമാക്കിയിരുന്നു. ഇതെല്ലാം കുറ്റാരോപണ മെമ്മോയിലുമുണ്ട്.
ഗോപാലകൃഷ്ണൻ ഫോൺ റീസെറ്റ് ചെയ്ത ശേഷമാണ് ഫോറൻസിക് പരിശോധനക്ക് നൽകിയത്. ഗോപാലകൃഷ്ണന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാവും തുടരന്വേഷണത്തിനുള്ള തീരുമാനം. വിശദീകരണം തൃപ്തികരമാണെങ്കിൽ നടപടികൾ അവസാനിപ്പിക്കാനും അല്ലെങ്കിൽ തുടരന്വേഷണത്തിന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും സർക്കാറിനാവും.
അതേസമയം, അഡീ. ചീഫ് സെക്രട്ടറി എ. ജയതിലകിനെ വിമർശിച്ചതിന് സസ്‌പെൻഷനിലായ എൻ. പ്രശാന്തിന് മെമ്മോ നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.