ആലുവ: പള്ളികളിൽ നിന്ന് ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിക്കുന്നയാൾ പിടിയിൽ. തിരുവനന്തപുരം നാവായിക്കുളം പ്ലാവില പുത്തൻവീട്ടിൽ സിദ്ദിഖ് ഷമീർ (32)നെയാണ് ആലുവ പൊലീസ് പിടികൂടിയത്. 27ന് ചാലക്കൽ മജുമഉ ജുമാമസ്ജിദിൻ്റെ ഓഫിസ് മുറിയിൽ നിന്ന് ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
ഇൻവെർട്ടർ സർവിസ് ചെയ്യുന്ന ആളാണെന്ന് പറഞ്ഞ് പള്ളികളിൽ വന്ന് ഇൻവെർട്ടർ ഇരിക്കുന്ന സ്ഥലം നോക്കിവെക്കും. പള്ളി ഭാരവാഹികളെ പരിചയപ്പെടുകയും ചെയ്യും. തുടർന്ന് മറ്റൊരു ദിവസം ആളില്ലാത്ത സമയം നോക്കി ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിക്കുകയാണ് ഇയാളുടെ രീതി.
പുലർച്ചെ പള്ളികളിൽ പ്രാർഥന നടക്കുന്ന സമയത്താണ് മിക്കവാറും മോഷണം നടത്തുന്നത്. കോതമംഗലം, മൂവാറ്റുപുഴ, ഞാറയ്ക്കൽ, പന്തീരങ്കാവ്, ചടയമംഗലം, കടക്കൽ (മൂന്നു കേസ്), വെഞ്ഞാറമൂട് തുടങ്ങി നിരവധി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്.
മോഷ്ടിച്ച ബാറ്ററിയും ഇൻവെർട്ടറും കടകളിൽ മറിച്ചു വിൽക്കുകയാണ് പതിവ്. ജൂലൈയിലാണ് ഒരു കേസിൻ്റെ ശിക്ഷ കഴിഞ്ഞ് ഇയാൾ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.