ചെങ്ങന്നൂർ: ഓഹരി വിപണിയിൽ പത്ത് ശതമാനം പലിശയും ലാഭവിഹിതവും വാഗ്ദാനം നൽകി യുവാവിൽ നിന്നും 18 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പത്തനംതിട്ട പുറമുറ്റം പടുതോട് കാവുങ്കൽ വീട്ടിൽ അജീഷ് ബാബുവിനെ (42) ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു.
2020 സെപ്റ്റംബറിൽ ബാങ്ക് വഴിയാണ് ചെങ്ങന്നൂർ തിരുവൻവണ്ടൂർ സ്വദേശി വിഷ്ണു കെ. പത്മമനാഭനിൽ നിന്ന് അജീഷ് പണം കൈപ്പറ്റിയത്. അജീഷിനോട് പലവട്ടം പണം തിരികെ ആവശ്യപ്പെട്ടിട്ടും കിട്ടാതെ വന്നപ്പോഴാണ് വിഷ്ണു പൊലീസിൽ പരാതി നൽകിയത്.
കോയിപ്പുറത്ത് സമാനമായ രീതിയിൽ 32 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഇയാൾ പിടിയിലായി ജാമ്യത്തിലിറങ്ങിയതായിരുന്നു. കേസുമായി ബന്ധപ്പെട്ട് മറ്റ് ഇടനിലക്കാരുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്.
ഓഹരി വിപണിയിൽ നിക്ഷേപിച്ച് ട്രേഡിങിലൂടെ പലിശയും കമീഷനുമടക്കം കൂടുതൽ ലാഭവിഹിതം നേടിത്തരാമെന്ന് പറഞ്ഞാണ് വിഷ്ണുവിനെ അജീഷ് സ്വാധീനിച്ചത്. തുടർന്ന് വിപണിയിൽ നിക്ഷേപിക്കാനെന്ന വ്യാജേന വിഷ്ണുവിന്‍റെ പക്കൽ നിന്ന് 18 ലക്ഷത്തിലേറെ രൂപയാണ് അജീഷ്ബാബു തട്ടിയെടുത്തത്.
2020 സെപ്റ്റംബർ മുതൽ തുടർച്ചയായി ചില മാസങ്ങളിൽ വിഷ്ണുവിന്‍റെ ബാങ്ക് അക്കൗണ്ടിലൂടെയാണ് അജീഷിന് പണം കൈമാറിയത്. എന്നാൽ പിന്നീട് വാഗ്ദാനപ്രകാരമുള്ള ലാഭവിഹിതമൊന്നും തിരികെ ലഭിക്കാതായതോടെ താൻ കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ വിഷ്ണു ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
അറസ്റ്റിലായ പ്രതി അജീഷ് നേരത്തെ കോയിപ്രം പൊലീസ് രജിസ്റ്റർ ചെയ്ത സമാനകേസിൽ അറസ്റ്റിലായിട്ടുണ്ട്. ഈ കേസിൽ ജാമ്യം നേടിയിരുന്നു. പുറമറ്റം സ്വദേശി സിബി കുട്ടപ്പനെ സമാന രീതിയിൽ കബളിപ്പിച്ച് 32 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കോയിപ്രം പൊലീസ് രജിസ്റ്റർ ചെയ്ത കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.