കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ പച്ചക്കറിക്കടയിൽനിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനായി അന്വേഷണം ഊർജിതമാക്കി. മുണ്ടക്കയം വണ്ടൻപതാൽ 10 സെന്റ് കോളനിയിൽ പുതുപ്പറമ്പിൽ പി.ബി. ഷിഹാബ് (36) ഒളിവിൽ പോയത്. വ്യാഴാഴ്ച രാവിലെ കാഞ്ഞിരപ്പള്ളി കോടതിയിൽ മുൻകൂർ ജാമ്യത്തിന് എത്തുമെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് കാത്തുനിന്നെങ്കിലും പ്രയോജനമുണ്ടായില്ല.
ഇയാൾ എത്താൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും പൊലീസിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞദിവസം ഡ്യൂട്ടി കഴിഞ്ഞുവരുന്നതിനിടെ പേട്ട കവലക്ക് സമീപം കടയുടെ മുന്നിലിരുന്ന മാങ്ങ എടുത്ത് ഷിഹാബ് തന്റെ സ്കൂട്ടറിലാക്കി മുങ്ങുകയായിരുന്നു. സി.സി ടി.വി ദൃശ്യത്തിലൂടെ തിരിച്ചറിഞ്ഞ ഷിഹാബിനെതിരെ പൊലീസ് കേസെടുത്തതോടെ ഇടുക്കി ജില്ല പൊലീസ് മേധാവി ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.
ഇയാളുടെ പ്രവർത്തനം പൊലീസ് സേനക്കാകെ നാണക്കേടുണ്ടാക്കിയതിനാൽ ഡി.ജി.പി തലത്തിൽ വരെയുള്ള ഇടപെടലാണ് ഉണ്ടായത്. ഇയാൾ മുമ്പ് പീഡനക്കേസിൽ ഇരയെ ശല്യം ചെയ്തതിലും വീടുകയറി ആക്രമിച്ചതടക്കമുള്ള കേസ് വിചാരണയിലാണ്. ഇതിനിടയിലാണ് പുതിയ കേസ്. അന്വേഷണം ഊർജിതമാക്കിയതായും ഉടൻ അറസ്റ്റിലാകുമെന്നും കാഞ്ഞിരപ്പള്ളി സി.ഐ ഷിന്റോ പി. കുര്യൻ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.