മണിയാര്‍ ഡാം: സ്വകാര്യ കമ്പനികളുടെ ദല്ലാളായി മുഖ്യമന്ത്രി മാറി- എസ്.ഡി.പി.ഐ

തിരുവനന്തപുരം: സ്വകാര്യ കമ്പനികളുടെ ദല്ലാളായി മുഖ്യമന്ത്രി മാറിയിരിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മണിയാര്‍ ഡാം കരാര്‍ സ്വകാര്യ കമ്പനിക്ക് പുതുക്കി നല്‍കാനുള്ള തീരുമാനമെന്ന് എസ്.ഡി.പി.ഐ. വൈദ്യുതി ബോര്‍ഡിന്റെ എതിര്‍പ്പ് പോലും മറികടന്നുള്ള തീരുമാനത്തിനു പിന്നില്‍ വ്യവസായ മന്ത്രിയും വൈദ്യുതി മന്ത്രിയും കൂട്ടുത്തരവാദികളാണ്.

വൈദ്യുതി ബോര്‍ഡിന് പ്രതിവര്‍ഷം 18 കോടിയിലധികം രൂപയുടെ നഷ്ടം വരുത്തുന്ന തീരുമാനത്തിനു പിന്നില്‍ കോടികളുടെ അഴിമതി നടന്നതായി സംശയമുണ്ട്. മണിയാറില്‍ 12 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിക്കായി 1991 മേയ് 18 നാണ് കെഎസ്ഇബി കാര്‍ബോറാണ്ടം യൂനിവേഴ്സല്‍ ലിമിറ്റഡുമായി ബിഒടി പ്രകാരം 30 വര്‍ഷത്തേക്ക് കരാറില്‍ ഒപ്പിട്ടത്. 1994 ല്‍ ഉല്‍പാദനവും തുടങ്ങിയിരുന്നു.

കാലാവധി കഴിഞ്ഞാല്‍ ജനറേറ്റര്‍ ഉള്‍പ്പടെയുള്ള യന്ത്രസാമഗ്രികള്‍ അടക്കം സംസ്ഥാനത്തിന് കൈമാറണമെന്നായിരുന്നു കരാര്‍ വ്യവസ്ഥ. പദ്ധതി ഏറ്റെടുത്ത് കൈമാറണമെന്ന് കാണിച്ച് കെഎസ്ഇബി ഊര്‍ജ്ജ വകുപ്പിന് നല്‍കിയ കത്ത് പോലും പരിഗണിക്കപ്പെട്ടിട്ടില്ല. ഈ മാസം 30 ന് കരാര്‍ കാലാവധി അവസാനിക്കാനിരിക്കേ 25 വര്‍ഷത്തേക്ക് കൂടി പുതുക്കി നല്‍കാനാണ് നീക്കം നടത്തുന്നത്.

2018 ലെ വെള്ളപ്പൊക്കത്തില്‍ കമ്പനിക്ക് നഷ്ടമുണ്ടായെന്ന കള്ളക്കഥ പടച്ചുണ്ടാക്കിയാണ് പുതിയ അഴിമതിക്ക് കളമൊരുക്കിയത്. വൈദ്യുതി ബോര്‍ഡിന്റെ നഷ്ടം നികത്താന്‍ നിരക്ക് വര്‍ധനയിലൂടെ ജനങ്ങളെ കൊള്ളയടിക്കുമ്പോഴും ബോര്‍ഡിന് കോടികളുടെ നഷ്ടം വരുത്തി സ്വകാര്യ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കാനുള്ള ഇടതു സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമാണ്.

കരാര്‍ റദ്ദാക്കി പദ്ധതി ഏറ്റെടുക്കണമെന്നും കരാര്‍ പുതുക്കി നല്‍കാനുള്ള തീരുമാനത്തിനു പിന്നിലെ അഴിമതി സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും സംസ്ഥാന സെക്രട്ടറി പി. ജമീല ആവശ്യപ്പെട്ടു. 

Tags:    
News Summary - Maniyar Dam: Chief Minister has become a broker of private companies - SDPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.