മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തിലെ പരിധിയിൽ വരുന്ന തദ്ദേശ സ്ഥാപന അധ്യക്ഷ-ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരെഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും പരസ്പരം സഹകരിക്കാൻ സാധ്യത. ഇടത്-വലത് മുന്നണികൾ നേരിട്ട് മത്സരമുള്ള ഇടങ്ങൾ ഒഴിവാക്കി ബി.ജെ.പിക്ക് ഭരണസാധ്യത ഉള്ള സ്ഥാപനങ്ങളിൽ ആണ് ധാരണക്ക് ഇരുമുന്നണികളുടെയും ശ്രമം.
ബി.ജെ.പിയെ ഭരണത്തിൽ നിന്നും അകറ്റുക എന്ന നയത്തെ തുടർന്നാണ് ഈ തീരുമാനം ഉണ്ടാവുക. തദ്ദേശ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ നാലിടത്ത് ബി.ജെ.പിക്ക് ഭരണ സാധ്യത നിലനിൽക്കുന്നുണ്ട്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്, പൈവളിഗെ, മീഞ്ച, കുമ്പള എന്നീ പഞ്ചായത്തുകളിലാണ് ബി.ജെ.പിക്ക് ഭരണസാധ്യത നിലനിൽക്കുന്നത്.
മഞ്ചേശ്വരം ബ്ലോക്ക്, കുമ്പള പഞ്ചായത്തുകളിൽ യു.ഡി.എഫിനെയും, പൈവളിഗെ, മീഞ്ച എന്നീ പഞ്ചായത്തുകളിൽ എൽ.ഡി.എഫിനെയും ഭരണത്തിൽ കൊണ്ടു വരാനാണ് നീക്കം. മഞ്ചേശ്വരം ബ്ലോക്കിൽ ആകെയുള്ള 15 സീറ്റിൽ മുസ്ലിം ലീഗ് -ആറ്, ബി.ജെ.പി- ആറ്, സി.പി.എം- രണ്ട്, എസ്.ഡി.പി.ഐ- ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. തെരെഞ്ഞെടുപ്പിൽ മുസ്ലിം ലീഗും ബി.ജെ.പിയും തുല്യത വന്നാൽ നറുക്കെടുപ്പിൽ ഭാഗ്യം തുണക്കുന്നവർ അധികാരത്തിലെത്തും.
19 അംഗങ്ങളുള്ള പൈവളിഗെ പഞ്ചായത്തിൽ എൽ.ഡി.എഫിന് എട്ട്, ബി.ജെ.പി-എട്ട്, മുസ്ലിം ലീഗ്- രണ്ട്, കോണ്ഗ്രസ്- ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഇവിടെയും തുല്യമായ വോട്ട് ലഭിച്ചാൽ നറുക്കെടുപ്പ് വേണ്ടി വരും. നറുക്കെടുപ്പിൽ ഭാഗ്യത്തെ കാത്തുനിൽക്കുന്നത് രാഷ്ട്രീയ അപകടമാണെന്ന് ഇരുമുന്നണികളും കരുതുന്നു.
15 സീറ്റുള്ള മീഞ്ചയിൽ ബി.ജെ.പി- 6, എൽ.ഡി.എഫ്-5, മുസ്ലിം ലീഗ്-3, സ്വതന്ത്രൻ-1 എന്നിങ്ങനെയാണ് കക്ഷിനില. ലീഗ് പിന്തുണച്ചാൽ ഇടതുപക്ഷത്തിന് ഭരണം ലഭിക്കും. 23 സീറ്റുള്ള കുമ്പള പഞ്ചായത്തിൽ യു.ഡി.എഫ്-9, ബി.ജെ.പി-9, എൽ.ഡി.എഫ്-3, എസ്.ഡി.പി.ഐ-1, സ്വതന്ത്ര-1, എന്നിങ്ങനെയാണ് കക്ഷിനില.
ബി.ജെ.പിയും യു.ഡി.എഫും തുല്യയതയിലായതിനാൽ ഇവിടെയും നറുക്കെടുപ്പ് ആവശ്യമായി വരും. ഇവിടെ എൽ.ഡി.എഫ് നിലപാട് നിർണായകമാണ്. മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളായ മംഗൽപാടി, എന്മകജെ എന്നിവിടങ്ങളിൽ യു.ഡി.എഫും, വോർക്കാടി, പുത്തിഗെ എന്നിവിടങ്ങളിൽ എൽ.ഡി.എഫും ഭരണം ഉറപ്പിച്ചിട്ടുണ്ട്.
മഞ്ചേശ്വരത്ത് സ്വതന്ത്രർ എടുക്കുന്ന തീരുമാനം നിർണായകമാകും. 21 അംഗ പഞ്ചായത്തിൽ സ്വതന്ത്ര അടക്കം യു.ഡി.എഫിന് ഏഴ് അംഗങ്ങളും, ബി.ജെ.പി-6, എൽ.ഡി.എഫ്-3, സ്വതന്ത്രർ-5 എന്നിങ്ങനെയാണ് കക്ഷിനില. ഒരു സ്വതന്ത്രെൻറ പിന്തുണ ലഭിച്ചാൽ യുഡിഎഫിന് ഭരണം നിലനിർത്താൻ പറ്റും. എന്നാൽ, അഞ്ച് സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം തിരിച്ചു പിടിക്കാനുള്ള ശ്രമം എൽഡിഎഫ് നടത്തുന്നുണ്ട്. ബിജെപിക്ക് സാധ്യത ഇല്ലാത്തതിനാൽ നേരിട്ടുള്ള മത്സര പരീക്ഷണത്തിന് ഇരുമുന്നണികളും തയ്യാറായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.