ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ മൃതദേഹം എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിനുവെച്ചപ്പോൾ
കൊച്ചി: മലയാള സിനിമാലോകത്തിന് മറക്കാനാകാത്ത നൂറുകണക്കിന് പാട്ടുകളെഴുതിയ ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന് നാടിന്റെ വിട. അദ്ദേഹത്തെ അവസാനമായി ഒരു നോക്കുകാണാൻ പ്രമുഖരുൾപ്പെടെ ആയിരക്കണക്കിനാളുകളെത്തി. മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഏറ്റവും കൂടുതൽ ഗാനങ്ങൾ രചിച്ച സിനിമകളുടെ സംവിധായകൻ ഹരിഹരൻ ഉൾപ്പെടെ സിനിമ രംഗത്തെയുൾപ്പെടെ നിരവധിപേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.
മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽനിന്ന് രാവിലെ ഒമ്പതിന് മൃതദേഹം എറണാകുളം ടൗൺഹാളിലെത്തിച്ച് പൊതുദർശനത്തിന്െവച്ചു. സർക്കാറിനുവേണ്ടി എ.ഡി.എം വിനോദ്രാജ്, മന്ത്രി പി. രാജീവിനുവേണ്ടി ഡെപ്യൂട്ടി കലക്ടർ കെ. മനോജ്കുമാർ, മേയർ എം. അനിൽകുമാർ, എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട്, സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഉണ്ണികൃഷ്ണൻ, കെ.ജെ. യേശുദാസിനുവേണ്ടി എസ്.എൻ. സ്വാമി തുടങ്ങിയവർ പുഷ്പചക്രം അർപ്പിച്ചു.
തുടർന്ന്, തൈക്കൂടം എ.കെ.ജി റോഡിലെ ‘ലക്ഷാർച്ചന’ വീട്ടിൽ പൊതുദർശനത്തിനുെവച്ച മൃതദേഹത്തിൽ ചെന്നൈയിൽനിന്നുള്ള സിനിമാ പ്രവർത്തകരും അന്ത്യാഞ്ജലി അർപ്പിച്ചു. രമേശ് ചെന്നിത്തല, ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ, കൊച്ചിൻ മൻസൂർ, ഗായകരായ പ്രദീപ് പള്ളുരുത്തി, ഗണേഷ് സുന്ദരം, രഞ്ജിനി ജോസ്, സാബു കലാഭവൻ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. 3.30ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി. 3.10ന് മകൻ ജി. യദുകൃഷ്ണൻ ചിതക്ക് തീകൊളുത്തി. വൈകീട്ട് തൈക്കൂടത്ത് അനുശോചന യോഗവും ചേർന്നു.
ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലം തിങ്കളാഴ്ച വൈകീട്ട് 4.55നായിരുന്നു അന്ത്യം. 200ലേറെ മലയാള സിനിമകളിലായി എഴുന്നൂറിലധികം ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ബാഹുബലി ഉൾപ്പെടെ വിവിധ അന്യഭാഷ ചിത്രങ്ങളിലെ മലയാളം പാട്ടുകളും അദ്ദേഹത്തിേന്റതായി പുറത്തിറങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.