കുട്ടനാട്: കുടിക്കാനും കഞ്ഞി വെക്കാനും കുളിക്കാനും നനയ്ക്കാനും കുട്ടനാട് മങ്കൊമ്പ് അറുപതിൻചിറ കോളനി നിവാസികൾ ഇപ്പോഴും ആശ്രയിക്കുന്നത് പൊതുജലാശയത്തെ. വികസനം പേരിന് പോലുമെത്താത്ത കോളനിയിൽ അടിസ്ഥാന സൗകര്യങ്ങളുമില്ല. പുളിങ്കുന്ന് 13ാം വാർഡിലെ കോളനിയിൽ കുടിവെള്ള ദുരിതത്തിന് കാലമേറെയായി. കോളനിയിൽ കുടിവെള്ളമെത്തിക്കാൻ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ആറ് ലക്ഷം രൂപ വാട്ടർ അതോറിറ്റിയിൽ അടച്ചെങ്കിലും അധികൃതർ ചെറുവിരൽപോലുമനക്കിയിട്ടില്ല. 44 കുടുംബങ്ങളാണ് കോളനിയിൽ താമസിക്കുന്നത്. 22 പട്ടികജാതി വിഭാഗത്തിലുള്ളവരും 22 മറ്റിതര വിഭാഗത്തിലുള്ളവരും. വഴിയും വഴിവിളക്കുമില്ലാത്തതിനാൽ രാത്രികാല സഞ്ചാരവും ദുഷ്കരമാണ്. ഇഴ ജന്തുക്കളുടെ വിഹാരകേന്ദ്രമായി കോളനിമാറിയതിനാൽ പുറത്തിറങ്ങാനും പേടിയാണ് കോളനി വാസികൾക്ക്. നവീകരണത്തിന്റെ ഭാഗമായി 1989ൽ റോഡ് പുറംപോക്ക് ഭൂമിയിൽ നിന്ന് ചമ്പക്കുളം പഞ്ചായത്തിലേക്കാണ് ഇവരെ ആദ്യം മാറ്റി പാർപ്പിച്ചത്. പിന്നീട് പുളിക്കുന്ന് പഞ്ചായത്ത് അറുപതിൻ ചിറ കോളനിയിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.