മാങ്കുളം: ഇടുക്കി ജില്ലയിലെ മാങ്കുളം പെരുമ്പൻകുത്തിൽ വനപാലകരും നാട്ടുകാരും തമ്മിലുള്ള സംഘർഷത്തിൽ പ്രതിഷേധവുമായി ഇരുവിഭാഗവും രംഗത്ത്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വനപാലകരെ സംഘം ചേർന്ന് മർദിക്കുകയും സർക്കാർ വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്ത ജനപ്രതിനിധികൾ അടക്കമുള്ളവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ഗസറ്റഡ് ഫോറസ്റ്റ് ഓഫിസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
മാങ്കുളം ഡി.എഫ്.ഒ സുഭാഷ് മൂന്നാർ, എ.സി.എഫ് ജോബ് ജെ നേര്യംപറമ്പിൽ, എറണാകുളം ഫ്ലൈയിംഗ് സ്ക്വാഡ് ഡി.എഫ്.ഒ മനു സത്യൻ എന്നിവർക്കും മറ്റു വനപാലകർക്കും നേരെയാണ് അക്രമം നടന്നത്. വനപാലകർക്കെതിരെ വധഭീഷണി മുഴക്കുകയും അപകീർത്തിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും തെറ്റായ പ്രചരണം നടത്തുകയും ചെയ്ത കയ്യേറ്റ മാഫിയയെ നിലയ്ക്കുനിർത്താൻ സർക്കാരും രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വവും തയ്യാറാവണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
‘വന സംരക്ഷണം ഉറപ്പുവരുത്താനും വന്യമൃഗ സംഘർഷങ്ങളിൽ നിന്ന് പൊതുജനങ്ങൾക്ക് സംരക്ഷണം നൽകാനും അഹോരാത്രം പ്രയത്നിക്കുന്ന വനപാലകരുടെ ആത്മവീര്യം കെടുത്തുന്ന കാര്യങ്ങളാണ് സമീപകാലത്ത് ആവർത്തിക്കുന്നത്. മതിയായ സംരക്ഷണം ഉറപ്പുവരുത്താത്തതിനാൽ ഇടുക്കി, വയനാട് മേഖലകളിൽ ജോലി നിർവഹിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇക്കാര്യത്തിൽ ഭരണകൂടത്തിന്റെ ശക്തമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് പോകേണ്ടി വരും’ -അസോസിയേഷൻ പത്രക്കുറിപ്പിൽ അറിയിച്ചു.
ആക്രമണത്തിൽ കേരള ഫോറസ്റ്റ് റെയ്‌ഞ്ചേഴ്‌സ് അസോസിയേഷനും പ്രതിഷേധിച്ചു. അക്രമികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. സ്വതന്ത്രമായും നിഷ്‌പക്ഷമായും തൊഴിൽ ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും ജീവനും സ്വത്തിനും സുരക്ഷ ഇല്ലാതെ തൊഴിലെടുക്കാൻ സാധിക്കുകയില്ലെന്നും വാർത്താകുറിപ്പിൽ പറഞ്ഞു.
‘മാങ്കുളം റിസർവ് വനത്തിനകത്തെ അനധികൃത നിർമ്മിതികൾക്കെതിരെ നിയമാനുസരണം നടപടി സ്വീകരിക്കാൻ എത്തിയ ഉദ്യോഗസ്ഥരാണ് ആക്രമിക്കപ്പെട്ടത്. ഭൂമികയ്യേറ്റക്കാരുടെ നടപടികൾ സംരക്ഷിതവനങ്ങളെ തീർത്താൽ തീരാത്ത നഷ്ടത്തിലേക്കാണ് കൊണ്ടുചെന്നെത്തിക്കുന്നത്. ഇതു തടയാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ അക്രമിക്കുന്നത് ഭരണഘടനയെ അക്രമിക്കുന്നതിന് തുല്യമാണ്. ഇതിനെതിരെ സമൂഹമനസാക്ഷി ഉണർന്നില്ലെങ്കിൽ പച്ചപ്പിന്റെ അവസാന തുരുത്തുകളും നമുക്ക് നഷ്ട്‌ടമായേക്കാം’ -പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, വനപാലകര്‍ മർദിച്ചുവെന്ന് ആരോപിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ മാങ്കുളത്ത് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഡി.എഫ്ഒ ഓഫിസ് മാര്‍ച്ചുമുണ്ടാകും. ജനപ്രതിനിധികളെ ഉള്‍പ്പെടെ വനപാലകര്‍ മർദിച്ചുവെന്നാണ് നാട്ടുകാരുടെ ആരോപണം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിന്‍ ജോസഫ്, പഞ്ചായത്തംഗം അനില്‍ ആന്റണി എന്നിവരെ പരിക്കുകളോടെ ഇടുക്കി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
മാങ്കുളം പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടത്തിന് സമീപം ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച് പവലിയനുമായി ബന്ധപ്പെട്ടാണ് ഇന്നലെ തര്‍ക്കവും സംഘര്‍ഷവുമുണ്ടായത്. സംഭവത്തിൽ ഡി.എഫ്.ഒയുടെ പരാതിയിൽ നാട്ടുകാര്‍ക്കെതിരെയും നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ ഡി.എഫ്.ഒ സുഭാഷ് അടക്കമുളള വനപാലകര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.