കണ്ണൂർ: കടവത്തൂർ പുല്ലൂക്കരയിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. അറസ്റ്റിലായ ഷിനോസിെൻറ മൊബൈൽ ഫോണില്‍ നിന്നാണ് അന്വേഷണത്തിന് വഴിത്തിരിവാകുന്ന തെളിവുകൾ ലഭിച്ചത്. കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയതുള്‍പ്പെടെയുള്ള തെളിവ് ലഭിച്ചതായാണ് സൂചന. ഷിനോസിൻറ ഫോൺ, പൊലീസിന് അക്രമ സ്ഥലത്തുനിന്ന് ലഭിച്ചിരുന്നു. ഇതിലെ വാട്സ്ആപ് സന്ദേശമടക്കം അന്വേഷണ സംഘം പരിശോധിച്ചു. അക്രമവുമായി ബന്ധപ്പെട്ട ഗൂഢാലോചന വാട്സ്ആപ് വഴിയാണ് നടന്നത്. കൊല്ലപ്പെട്ട മൻസൂറിെൻറ സഹോദരൻ മുഹ്സിന് പണികൊടുക്കണമെന്ന സന്ദേശം ഫോണിലെ വാട്സ്ആപ് പരിശോധിച്ചപ്പോൾ അന്വേഷണ സംഘത്തിന് ലഭിച്ചു. അക്രമത്തിന് ആവശ്യമായ ആയുധം ശേഖരിച്ചത് വാട്സ്ആപ്പിലൂടെയുള്ള സന്ദേശം വഴിയാണ്. ചില സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തതായും കണ്ടെത്തി. ഒളിവിലുള്ള മറ്റുപത്രികളുമായി, അക്രമം നടന്ന ദിവസം ഷിനോസ് നിരവധി തവണ ബന്ധപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്.
വിദഗ്ധ പരിശോധനക്കായി ഫോൺ സൈബർ സെല്ലിന് കൈമാറി. അന്വേഷണ സംഘത്തലവൻ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ. ഇസ്മായിലിെൻറ നേതൃത്വത്തിൽ ചൊക്ലി പൊലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച യോഗം ചേർന്നു. മൻസൂറിെൻറ സഹോദരൻ മുഹ്സിെൻറ മൊഴി ഉടൻ രേഖപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി.
ഇതിനിടെ, കൊല നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും കൂടുതൽ പ്രതികളെ പിടികൂടാത്തതിൽ രൂക്ഷ വിമർശനവുമായി യു.ഡി.എഫ് നേതാക്കൾ രംഗത്തെത്തി. ആകെ 25 പ്രതികളുള്ള കേസിൽ 11 പേരെ തിരിച്ചറിഞ്ഞിരുന്നു. ഇതിൽ ഡി.വൈ.എഫ്.െഎ പ്രവർത്തകനായ ഷിനോസ് മാത്രമാണ് അറസ്റ്റിലായത്. ഒളിവിലുള്ള മറ്റുപത്രികളെ കണ്ടെത്താനായി രണ്ട് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
പൊലീസിലെ സി.പി.എം ക്രിമിനൽ സംഘമാണ് ഇപ്പോൾ അന്വേഷിക്കുന്നതെന്ന് ആരോപിച്ച കെ. സുധാകരൻ എം.പി, ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. കേസിൽ യു.എ.പി.എ ചുമത്തണം. ഇല്ലെങ്കിൽ കോടതിയെ സമീപിക്കും. െഎ.പി.എസ് ഉദ്യോഗസ്ഥൻ നേതൃത്വം നൽകുന്ന അന്വേഷണ സംഘത്തെ കേസിെൻറ ചുമതല ഏൽപിക്കണമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച പാനൂരിൽ പ്രതിഷേധ സംഗമം നടത്തും. സംഗമത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരടക്കമുള്ള നേതാക്കൾ പെങ്കടുക്കുന്നുണ്ട്.
എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണം –കുഞ്ഞാലിക്കുട്ടി
മലപ്പുറം: പാനൂരിലെ മുസ്ലിം ലീഗ് പ്രവര്ത്തകന് മന്‍സൂറിെൻറ കൊലപാതകം ആസൂത്രിതമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ല. മന്‍സൂറിെൻറ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ നിയമപരമായി ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം മലപ്പുറത്ത് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
ഇൗയിടെയുണ്ടായ കൊലപാതകങ്ങള്‍ക്കെല്ലാം സാമ്യമുണ്ട്. പ്രതികള്‍ക്ക് നിയമത്തെക്കുറിച്ച് ഒരു ആശങ്കയുമില്ല. പൊലീസിനെ സ്വന്തം ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു. അന്വേഷണ സംഘത്തിെൻറ മേധാവിതന്നെ കേസ് അട്ടിമറിക്കാനുള്ള ഉദ്യോഗസ്ഥനാണ്. പഴയതുപോലെ കേസുകള്‍ തേച്ചുമായ്ച്ചു കളയാമെന്ന് സര്‍ക്കാര്‍ കരുതേെണ്ടന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൊതു സ്വീകാര്യനായ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന് കേസ് അന്വേഷിക്കണമെന്നതാണ് പാര്‍ട്ടി നിലപാട്. ശനിയാഴ്ച രാവിലെ 11ന് മന്‍സൂറിെൻറ വീട്ടില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിക്കും. കുടുംബത്തെ സഹായിക്കാന്‍ എന്തെല്ലാം കഴിയുമെന്ന കാര്യം ചര്‍ച്ചയില്‍ തീരുമാനിക്കും. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന ശിക്ഷ ഉറപ്പാക്കുമെന്നും കൊലപാതകത്തിലെ ഗൂഢാലോചനകള്‍ പുറത്തു കൊണ്ടുവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.