2021ൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിൽ ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ ആസ്ഥാനമായ യൂത്ത് സെന്ററിൽ അന്നത്തെ ജില്ലാ പ്രസിഡന്റ് മനു തോമസ് പതാക ഉയർത്തുന്നു. ഇടത്തുനിന്ന് രണ്ടാമത് അന്നത്തെ ജില്ലാ സെക്രട്ടറി എം. ഷാജർ 

‘എം. ഷാജർ ഗൂഢാലോചന നടത്തി’ -മനു തോമസിന്റെ കത്ത് പുറത്ത്

കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റി അംഗവും സംസ്ഥാന യുവജനക്ഷേമ ബോർഡ് അധ്യക്ഷനുമായ എം. ഷാജർ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച്, സി.പി.എം ജില്ല കമ്മിറ്റിയിൽനിന്ന് പുറത്തായ മനു തോമസ് സംസ്ഥാന കമ്മിറ്റിക്ക് നൽകിയ കത്ത് പുറത്തായി.

കഴിഞ്ഞവർഷം ഏപ്രിൽ 23ന് സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് നൽകിയ കത്താണ് പുറത്തുവന്നത്. സ്വർണക്കടത്ത് -ക്വട്ടേഷൻ സംഘങ്ങളുമായി ചേർന്ന് എം. ഷാജർ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഇതുസംബന്ധിച്ച് ഒരുവർഷം മുമ്പ് ജില്ല കമ്മിറ്റിക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നുമാണ് കത്തിന്റെ ഉള്ളടക്കം.

ക്വട്ടേഷൻ അംഗം ആകാശ് തില്ലങ്കേരിയുടെ ശബ്ദരേഖ ഹാജരാക്കിയിട്ടും മൂന്നു തവണ ജില്ല കമ്മിറ്റിയിൽ ഉന്നയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും കത്തിലുണ്ട്. പാർട്ടിയിലെ ചിലർക്ക് ക്വട്ടേഷൻ സംഘവുമായി ബന്ധമുണ്ടെന്നുകാണിച്ച് മനു തോമസിന്റെ പരാതി ലഭിച്ചിട്ടുണ്ടെങ്കിലും ആരുടെയും പേര് പരാമർശിക്കുന്നില്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഇന്നലെ പറഞ്ഞതിനു പിന്നാലെയാണ് കത്ത് പുറത്തുവന്നത്.

‘ക്വട്ടേഷൻ’ ബന്ധം: സമൂഹ മാധ്യമത്തിൽ പോർമുഖം തുറന്ന് പി. ജയരാജനും മനു തോമസും

കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റിയിൽനിന്ന് മനു തോമസ് പുറത്തായതിനുപിന്നാലെ വിവാദം പുതിയ തലത്തിലേക്ക്. ഡി.വൈ.എഫ്.ഐ നേതാവും സി.പി.എം ജില്ല കമ്മിറ്റിയംഗവുമായ എം. ഷാജറിനെതിരെ ആരോപണമുന്നയിച്ച മനു തോമസിനെതിരെ സി.പി.എം സംസ്ഥാന സമിതിയംഗം പി. ജയരാജൻ രംഗത്തെത്തി. 15 മാസമായി ഒരു രാഷ്ട്രീയ പ്രവര്‍ത്തനവും നടത്താതെ വീട്ടിലിരുന്നയാളെ ‘ഒരു വിപ്ലവ’കാരിയുടെ പതനം എന്ന് പരിഹസിച്ച് ഫേസ്ബുക്കിലാണ് പി. ജയരാജൻ രംഗത്തെത്തിയത്. പാർട്ടിയെ പലവട്ടം പ്രതിസന്ധിയിൽ ആക്കിയയാളാണ് പി. ജയരാജൻ എന്ന വിമർശനത്തോടെ ക്വാറി മുതലാളിക്കുവേണ്ടി മലയോരത്ത് പാർട്ടി ഏരിയ സെക്രട്ടറിമാരെ മാറ്റിയെന്ന ഗുരുതര ആരോപണവുമായി മനു തോമസ് ഫേസ്ബുക്കിൽ തിരിച്ചടിച്ചു. വ്യാജ ആരോപണത്തിന് നിയമ നടപടിയെടുക്കുമെന്ന് പി. ജയരാജൻ മുന്നറിയിപ്പ് നൽകി. ഫാൻസുകാർക്കുവേണ്ടി കമന്റ് ബോക്സ് തുറക്കുന്നില്ല എന്നും മനു തോമസ് പോസ്റ്റിൽ പരിഹസിച്ചു.

പി. ജയരാജന്റെ പോസ്റ്റിൽനിന്ന്:

ഒരു ‘വിപ്ലവകാരി’യുടെ പതനം എത്ര ആഘോഷമായാണ് മാധ്യമങ്ങൾ ആഘോഷിക്കുന്നത്. വർഷങ്ങളായി പാർട്ടിയിൽ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് ഇതുവരെ നല്‍കാത്ത ‘അനീതിക്കെതിരായ പോരാളി’ പരിവേഷം ഇപ്പോള്‍ മാത്രം നല്‍കുന്നതിന്റെ പിന്നിലെന്താണ് ? ഒറ്റ ഉത്തരമേ ഉള്ളൂ. അദ്ദേഹം പാർട്ടിയിൽനിന്ന് പുറത്തുപോയിരിക്കുന്നു. പാര്‍ട്ടിയിലെ ആരെയെങ്കിലും ലക്ഷ്യംവെച്ച് ബോധപൂർവം ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അതിന് അരുനില്‍ക്കാന്‍ പാര്‍ട്ടിയെ കിട്ടില്ല. അദ്ദേഹമാണ് തിരുത്തല്‍ വരുത്തേണ്ടത്. ജില്ല കമ്മിറ്റിയില്‍ മുഴുസമയ പ്രവര്‍ത്തകന്‍ ആയപ്പോള്‍ ഒരു കാര്യം പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. തളിപ്പറമ്പിലും തലശ്ശേരിയിലും നടത്തുന്ന വ്യാപാര സംരംഭങ്ങളില്‍നിന്ന് ഒഴിവാകണം. ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്തേണ്ടത് അദ്ദേഹം (മനുതോമസ്) തന്നെയായിരുന്നു. അതിനാല്‍, പ്രസ്ഥാനത്തെ കരിവാരിത്തേക്കാതിരിക്കാന്‍ അദ്ദേഹം ഇനിയെങ്കിലും ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മനു തോമസിന്റെ പോസ്റ്റിൽനിന്ന്:

‘പി. ജയരാജൻ, താങ്കൾ സംവാദത്തിന് തുടക്കമിട്ട സ്ഥിതിക്ക് മാധ്യമങ്ങളിലൂടെ പാർട്ടിയെ കൊത്തിവലിക്കാൻ അവസരമൊരുക്കുകയാണ് ചെയ്യുന്നത്. ഉന്നത പദവിയിലിരുന്ന് പാർട്ടിയെ പലവട്ടം പ്രതിസന്ധിയിൽ ആക്കിയ ആളാണ് താങ്കൾ. ഓർമയുണ്ടാകുമല്ലോ. താങ്കളുടെ ഇന്നത്തെ അവസ്ഥ പരമദയനീയവുമാണ്. ഫാൻസുകാർക്ക് വേണ്ട കണ്ടൻറ് പാർട്ടിയുടേത് എന്ന് തെറ്റിദ്ധരിപ്പിച്ച് തുടങ്ങിയതുകൊണ്ട് നമുക്ക് സംവാദം തുടങ്ങാം. ക്വാറി മുതലാളിക്കുവേണ്ടി മലയോരത്ത് പാർട്ടി ഏരിയ സെക്രട്ടറിമാരെ വരെ സൃഷ്ടിക്കാൻ കഴിയുന്ന താങ്കളുടെ പാടവവും വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് കെട്ടിപ്പൊക്കിയ ‘കോപ്പി’ കച്ചവടങ്ങളും എല്ലാം നമുക്ക് പറയാം. പാർട്ടിയിൽ പുതിയ ഗ്രൂപ് ഉണ്ടാക്കാൻ ചർച്ച നടത്തിയതടക്കം എല്ലാം ജനമറിയട്ടെ. പണിയെടുത്ത് തിന്നുന്നതാണ് എനിക്കിഷ്ടം. 

Tags:    
News Summary - manu-thomas-against-cpm-leader-m-shajar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.