തൃശൂർ: വിയ്യൂർ അതിസുരക്ഷ ജയിലിൽ തടവുകാരൻ അവശനിലയിലെന്നും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും ആക്ഷേപം. രണ്ടുവർഷം മുമ്പ് റോഡപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അറസ്റ്റ് ചെയ്ത രാജൻ ചിറ്റിലപ്പിള്ളിയാണ് ആശുപത്രിയിൽ ഗുരുതര സാഹചര്യത്തിൽ കഴിയുന്നതെന്ന് മനുഷ്യാവകാശപ്രവർത്തകർ പറയുന്നു. കഴിഞ്ഞ ദിവസം ജയിലിൽ കാണാനെത്തിയ മനുഷ്യാവകാശപ്രവർത്തകനും പോരാട്ടം സംഘടന നേതാവുമായ സി.എ. അജിതനാണ് രാജന്‍റെ ദുരിതാവസ്ഥ പങ്കുവെച്ചത്. പ്രമേഹം, രക്തസമ്മർദം, കരൾരോഗവുമടക്കം നിരവധി അസുഖാവസ്ഥകളുടെ പ്രയാസം അലട്ടുന്നെന്ന് അജിതൻ പറഞ്ഞു. 2020ൽ ഒല്ലൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് കൂർക്കഞ്ചേരിയിൽ ചികിത്സയിലെത്തിച്ച അടുത്ത ദിവസമാണ് രാജനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അപകടത്തിൽ തോളെല്ല് പൊട്ടിയിരുന്നു. അറസ്റ്റിന് ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നൽകി. എന്നാൽ, വൈകാതെ ജയിലിലേക്കുതന്നെ മാറ്റി.
രാജൻ ചിറ്റിലപ്പിള്ളിക്ക് വിദഗ്ധ ചികിത്സ അടിയന്തരമാണെന്ന് മനുഷ്യാവകാശപ്രവർത്തകർ പറയുന്നു. രാജൻ 17 വർഷത്തോളം ഒളിവിലായിരുന്നുവത്രെ. 2016ലും 2017ലും മാവോവാദി സംഘടനയുടെ പശ്ചിമഘട്ട മേഖലയോഗത്തിൽ പങ്കെടുത്ത് സർക്കാറിനെതിരെ ആയുധമെടുത്ത് പോരാടാൻ ആഹ്വാനം ചെയ്തതിന്റെ തെളിവുണ്ടെന്നാണ് അന്വേഷണസംഘത്തിന്‍റെ വിശദീകരണം. ഇതിൽ എടക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റിലായത്. എടക്കരയിലെ വിവാദ പൊലീസ്-മാവോവാദി ഏറ്റുമുട്ടലിലും രാജന് പങ്കുണ്ടെന്നാണ് വിലയിരുത്തൽ. രണ്ടുവർഷമായി അറസ്റ്റ് ചെയ്തിട്ടെങ്കിലും ഇതുവരെയും കേസിൽ വിചാരണ തുടങ്ങിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.