തിരുവനന്തപുരം: വാർത്തയുടെ പേരിലുള്ള ക്രൈംബ്രാഞ്ച് നടപടിക്കും ലേഖകന്‍റെ ഫോൺ പിടിച്ചെടുക്കാനുള്ള നീക്കത്തിനുമെതിരെ കേരള പത്രപ്രവത്തക യൂനിയൻ സംസ്ഥാന വ്യാപകമായി പൊലീസ് കാര്യലയങ്ങളിലേക്ക് മാർച്ച് നടത്തി. മാധ്യമ സ്വാതന്ത്ര്യത്തിനും ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനുമെതിരായ നടപടി ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്ന് പ്രഖ്യാപിച്ചായിരുന്നു മാർച്ച്.
സംസ്ഥാന പൊലീസ് മേധാവിയുടെ കാര്യാലയത്തിന് മുന്നിൽ നടത്തിയ സമരം മുതിർന്ന കോൺഗ്രസ് നേതാവും യു.ഡി.എഫ് കൺവീനറുമായ എം.എം ഹസൻ ഉദ്ഘാടനം ചെയ്തു. വാർത്തയെഴുതിയതിന്‍റെ പേരിൽ പത്രപ്രവർത്തകനെ ചോദ്യം ചെയ്തത് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഗൗരവമായ കടന്നാക്രമമാണെന്നും ഫാഷിസ്റ്റ് നടപടിയാണെന്നും എം.എം. ഹസൻ പറഞ്ഞു.
അന്താരാഷ്ട്ര മാധ്യമ മര്യാദകളോടുള്ള കടുത്ത അവഹേളനമാണിത്. മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള ഈ കൈയേറ്റത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും ശക്തമായി അപലപിക്കണം. മുഖ്യമന്ത്രിയും സർക്കർ മാധ്യമവേട്ടയിൽ നിന്ന് അടിയന്തരമായി പിൻമാറണം. വിഷയം നിയമസഭയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പത്രസ്വാതന്ത്ര്യത്തിനുമെതിരെ അതിഗുരുതരമായ ഭീഷണിയാണ് ഈ കേസ് മുന്നോട്ടുവെക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച് പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡന്‍റ് കെ.പി. റെജി അഭിപ്രായപ്പെട്ടു. വാർത്തയുടെ ഉറവിടം വെളിപ്പെടുത്താതിരിക്കുക എന്നത് മാധ്യമപ്രവർത്തകരുടെ അടിസ്ഥാന ധർമമാണ്. ജനാധിപത്യം നിലനിൽക്കുന്ന എല്ലാ രാജ്യങ്ങളിലും മാധ്യമപ്രവർത്തകരുടെ ഈ അവകാശം സംരക്ഷിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ടെലിഗ്രാഫ് എഡിറ്റർ അറ്റ് ലാർജ് ആർ. രാജഗോപാൽ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി. ശിവൻകുട്ടി, യൂനിയൻ മുൻ സംസ്ഥാന പ്രസിഡന്‍റ് ജേക്കബ് ജോർജ്, മുൻ ജനറൽ സെക്രട്ടറി ആർ. കിരൺ ബാബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രജീഷ് കൈപ്പുള്ളി, പി. സനിത, കെ. അനസ്, അൻസാർ എസ്. രാജ്, ലേഖാ രാജ്, ജില്ലാ പ്രസിഡന്‍റ് ഷില്ലർ സ്റ്റീഫൻ, വൈസ് പ്രസിഡന്‍റ് എ. രാജ എന്നിവർ സംസാരിച്ചു. സംസ്ഥാന പ്രസിഡന്‍റ് കെ.പി റജി അധ്യക്ഷത വഹിച്ചു.
കോഴിക്കോട് നടത്തിയ സമരം എം.കെ മുനീർ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകൻ വാർത്തയുടെ ഉറവിടം വെളിപ്പെടുത്തണമെന്ന് തിട്ടൂരം ഇറക്കാൻ ഒരു തമ്പ്രാനെയും അനുവദക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ പൊലിസിനെ മർദനോപാധിയായി മാറ്റരുത്. അനിരു അശോകന്റെ ഫോൺ പിടിച്ചെടുക്കാനുള്ള നീക്കത്തിൽ നിന്ന് പത്തി മടക്കി പൊലീസ് തിരിച്ചു പോകണം. പൊലീസ് ഈ നീക്കവുമായി മുന്നോട്ട് പോയാൽ രാഷ്ട്രീയ കക്ഷി ബന്ധങ്ങൾക്ക് അപ്പുറം പൊതുസമൂഹം മാധ്യമ പ്രവർത്തകർക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.പി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നജീബ് കാന്തപുരം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തി ന്റെ ഒരു തൂണിനെ ആസൂത്രിതമായി തകര്‍ക്കാനുള്ള ശ്രമമായി വേണം മാധ്യമം ലേഖകന്‍ അനിരു അശോകനെതിരായി നടക്കുന്ന നീക്കത്തെ കാണാനെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്തയുടെ ഉറവിടം തേടിയല്ല, മറിച്ച് കുറ്റകൃത്യത്തെ തേടിയാണ് പോലീസ് പോകേണ്ടതെന്നും നജീബ് കാന്തപുരം എം.എല്‍.എ പറഞ്ഞു. ഓരോമാധ്യമ പ്രവര്‍ത്തകന്റെയും വാര്‍ത്താ ഉറവിടങ്ങള്‍ വിശ്വാസ്യയോഗ്യമായി സൂക്ഷിക്കുക എന്നതു ഒരോ മാധ്യമ പ്രവര്‍ത്തകന്റേയും കടമയാണ്. കോടതി പോലും വാര്‍ത്താ ഉറവിടം വെളിപ്പെടുത്താന്‍ ആവശ്യപ്പെടാറില്ല. അടുത്ത നിയസമഭാ സമ്മേളനത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചു സഭയില്‍ വിഷയം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകന്റെ മൊബൈല്‍ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ചിന്റെ നീക്കത്തിനെതിരെ മാധ്യമ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി ഏതറ്റംവരേയും സമര രംഗത്തുണ്ടാകുമെന്നു ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ പറഞ്ഞു. മലപ്പുറം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എസ്.മഹേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.അജയകുമാര്‍, സി. പ്രജോഷ് കുമാര്‍, സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, സെക്രട്ടറി എന്‍.വി.മുഹമ്മദലി, മലപ്പുറം പ്രസ്‌ക്ലബ്ബ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം വി.പി.റാഷാദ്, സമീര്‍ കല്ലായി, മലപ്പുറം പ്രസ്‌ക്ലബ്ബ് സെക്രട്ടറി വി.പി.നിസാര്‍ സ്വാഗതവും ട്രഷറര്‍ പി.എ അബ്ദുല്‍ ഹയ്യ് നന്ദിയും പറഞ്ഞു.
തൂശൂരിൽ ജില്ലാ കമ്മിറ്റി ഡി.ഐ.ജി ഓഫീസിലേക്ക് നടത്തിയ മാർച്ച് മുൻ എം.പി ടി.എൻ.പ്രതാപൻ ഉദ്ഘാടനം ചെയ്തു. പത്ര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. വാർത്തകളുടെ സോഴ്‌സ് വെളിപ്പെടുത്തണമെന്നത് കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ്. വിമർശനങ്ങളെ അസഹിഷ്ണതയോടെ കാണുന്ന സമീപനം മാറ്റണമെന്നും പ്രതാപൻ പറഞ്ഞു. യൂണിയൻ വൈസ് പ്രസിഡന്റ് ജിജോ ജോൺ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ അനിൽ അക്കര, പത്രപ്രവർത്തക യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം ജീനേഷ് പൂനത്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറി രഞ്ജിത്ത് ബാലൻ സ്വാഗതവും കമ്മിറ്റിയഗം കെ.എ.മുരളീധരൻ നന്ദിയും പറഞ്ഞു. പ്രസ് ക്ലബ്ബ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് ഡി.ഐ.ജി ഓഫീസിന് മുന്നിൽ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു.
കൊച്ചിയിൽ നടന്ന സമരം മുൻ എം.പി സെബാസ്റ്റ്യൻ പോളും കൊല്ലത്ത് കൊടിക്കുന്നിൽ സുരേഷ് എം.പിയും സമരം ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട മുൻ എം.എൽ.എ ജോസഫ് എം. പുതുശേരി ഉദ്ഘാടനം ചെയ്തു. കെ.യു.ഡബ്ല്യു.ജെ മുൻ പ്രസിഡന്‍റ് ബോബി ഏബ്രഹാം ചെയ്തു.
പാലക്കാട് ജില്ലാ പ്രസിഡൻറ് നോബിൾ ജോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് വെള്ളിമംഗലം, മാധ്യമം ജേർണലിസ്റ്റ് യൂനിയൻ നിർവാഹക സമിതി അംഗം പി.പി. പ്രശാന്ത്, ജില്ലാ വൈസ് പ്രസിഡൻറ് മുഹമ്മദ് ഷാഫി, ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ രമേഷ് എഴുത്തച്ഛൻ, മുഹമ്മദ് അലി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം. ശ്രീനേഷ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.