കൊച്ചി: സംസ്ഥാനം മത്സ്യലഭ്യതയിൽ സ്വയംപര്യാപ്തത നേടുന്നതിന് ഉൾനാടൻ മത്സ്യോൽപാദനം വർധിപ്പിക്കുകയെന്നതാണ് പരിഹാരമെന്ന് ഫിഷറീസ് വകുപ്പിന്റെ വിലയിരുത്തൽ. 2022-23 വർഷത്തെ കണക്കുകൾ പ്രകാരം കടൽ മത്സ്യോൽപാദനം ലഭിക്കാവുന്നതിന്റെ പാരമ്യതയിലാണ്. മത്സ്യ സ്വയം പര്യാപ്തത കൈവരിക്കാൻ ഉൾനാടൻ മത്സ്യോൽപാദനം വർധിപ്പിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് 2521 മെട്രിക് ടൺ മത്സ്യമാണ് പ്രതിദിനം ഉപയോഗിക്കുന്നത്. കയറ്റുമതിക്കുശേഷം സംസ്ഥാനത്തിന്റെ ശരാശരി പ്രതിദിന മത്സ്യലഭ്യത 1923 മെട്രിക് ടൺ ആണ്. ഇതര സംസ്ഥാനങ്ങളിൽനിന്നും പ്രതിദിനം 598 ടൺ മത്സ്യം എത്തുന്നുണ്ട്.
2022-23 കാലയളവിൽ തദ്ദേശീയമായി ലഭിച്ച മത്സ്യത്തിന് പുറമെ ഏകദേശം 2.18 ലക്ഷം മെട്രിക് ടൺ മത്സ്യം അധികമായി കേരളത്തിന് ആവശ്യമായി വന്നു. ഇത്രയും അധികം മത്സ്യം കൂടി കടൽ മേഖലയിൽനിന്ന് ലഭിക്കുന്നതിന് സാധ്യതയില്ല. ഈ ഘട്ടത്തിലാണ് ഉൾനാടൻ മത്സ്യോൽപാദനത്തിലൂടെ പരിഹാരം കാണാമെന്ന നിഗമനത്തിൽ എത്തിയത്.
2016-17 വരെയുള്ള കാലഘട്ടത്തിലെ കണക്കുകൾ പ്രകാരം കടൽ മത്സ്യലഭ്യതയിൽ ഇടിവുണ്ടായിട്ടുണ്ട്. അതിനാൽ ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുന്നതിന് 2017 സെപ്റ്റംബറിൽ കെ.എം.എഫ്.ആർ നിയമ ഭേദഗതി വരുത്തുകയും 2018ൽ സെപ്റ്റംബറിൽ കെ.എം.എഫ്.ആർ റൂൾ നിലവിൽ വരികയും ചെയ്തു. ഇത് നടപ്പാക്കിയതിലൂടെ 2018-19 വർഷത്തിൽ കടൽ മത്സ്യോൽപാദനം 6.09 ലക്ഷം മെട്രിക് ടണ്ണായി വർധിച്ചു. എന്നാൽ, 2019-20, 2020-21 വർഷങ്ങളിൽ കോവിഡ് പ്രതിസന്ധി മൂലം ചില മാസങ്ങളിൽ മത്സ്യബന്ധനം നടക്കാതെ വന്നതിനാൽ ലഭ്യത കുറഞ്ഞു. തുടർന്നുവന്ന വർഷങ്ങളിൽ മത്സ്യലഭ്യത വർധിച്ചിട്ടുണ്ട്. 10 വർഷത്തിനിടെ ഉൾനാടൻ മത്സ്യലഭ്യതയിൽ ഇടിവുണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.