High Court

വേർപിരിയുമ്പോൾ ജീവനാംശം വേണ്ടെന്ന് ഭർത്താവുമായി കരാറുണ്ടാക്കിയാലും ഭാര്യക്കും മക്കൾക്കും ജീവനാംശം കിട്ടാനുള്ള അവകാശം ഇല്ലാതാകില്ല -ഹൈകോടതി

കൊച്ചി: വിവാഹബന്ധം വേർപിരിയുമ്പോൾ ജീവനാംശം വേണ്ടെന്ന് ഭർത്താവുമായി കരാറുണ്ടാക്കിയാലും ഭാര്യക്കും മക്കൾക്കും ജീവനാംശം കിട്ടാനുള്ള അവകാശം ഇല്ലാതാകില്ലെന്ന് ഹൈകോടതി. മുൻ ഭാര്യയായി മാറിയതിന്റെ പേരിൽ ഗാർഹികപീഡന നിയമ പ്രകാരമുള്ള ജീവനാംശം ഇല്ലാതാകുന്നില്ല. ഒത്തുതീർപ്പ് കരാറിൽ വ്യവസ്ഥ ചെയ്താലും ജീവനാംശമെന്ന അവകാശം ഒഴിവാക്കപ്പെടില്ലെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി.

ഭാര്യക്ക് പ്രതിമാസം 30,000 രൂപ ജീവനാംശം അനുവദിച്ച മജിസ്ട്രേറ്റ് കോടതി വിധി തിരുവനന്തപുരം ജില്ല കോടതി ശരിവെച്ചതിനെതിരെ കൊച്ചി സ്വദേശിയായ ഭർത്താവ് നൽകിയ അപ്പീൽ തള്ളിയാണ് ഉത്തരവ്. ഗാർഹികപീഡനം തടയൽ നിയമപ്രകാരമാണ് മജിസ്ട്രേറ്റ് കോടതിയിൽ ജീവനാംശം തേടിയത്.

2018ലായിരുന്നു വിവാഹമോചനം. വിവാഹവേളയിൽ 301 പവനും 10 ലക്ഷം രൂപയും ജീവിതക്ഷേമത്തിന് നൽകിയതാണെന്നും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നുമാണ് ഭാര്യയുടെ പരാതി. പൈലറ്റായ ഭർത്താവിന് പ്രതിമാസം 8.3 ലക്ഷം രൂപ ശമ്പളമായി കിട്ടുമെന്ന് വിലയിരുത്തിയാണ് 30,000 രൂപ വീതം ജീവനാംശം നൽകണമെന്ന് വിചാരണ കോടതി വിധിച്ചത്. ഭാര്യക്ക് മറ്റു ജീവിതമാർഗം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് നൽകിയ അപ്പീലാണ് നേരത്തേ ജില്ല കോടതി തള്ളിയത്.

ജീവനാംശത്തിൽ ഇളവ്​ നൽകുന്നതോ ഉപേക്ഷിക്കുന്നതോ ആയി കരാറുണ്ടാക്കിയാലും ഭാര്യക്കും കുട്ടികൾക്കും അത്​ നിഷേധിക്കുന്നത് പൊതുനയത്തിന്​ വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. വിവാഹമോചനം നടന്നശേഷം ഗാർഹികപീഡനം തടയൽ നിയമപ്രകാരമുള്ള ബാധ്യത മുൻ ഭർത്താവിൽനിന്ന് ഒഴിവാകുന്നില്ല. അതിനാൽ മുൻ ഭാര്യക്ക് ജീവനാംശം അവകാശപ്പെടാവുന്നതാണെന്നും കോടതി പറഞ്ഞു.

Tags:    
News Summary - Even if you make an agreement with your husband, your right to alimony will not be lost - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.