നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയി അതിനെയൊക്കെ അതിജീവിച്ച് സധൈര്യം മുന്നോട്ടുപോയ ‘മറുനാടൻ മലയാളി’ അതിന്റെ ഏറ്റവും വലിയ പ്രതിസന്ധിയിലാണെന്ന് ചീഫ് എഡിറ്ററും എം.ഡിയുമായ ഷാജൻ സ്കറിയ. ഒരുപക്ഷെ ഇല്ലാതായാൽ പോലും അദ്ഭുതപ്പെടേണ്ടതില്ലെന്നും 18 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ അദ്ദേഹം വിശദീകരിച്ചു.
‘മറുനാടന്റെ ഫേസ്ബുക്ക് പേജ് കഴിഞ്ഞ ദിവസം ആരോ ഹാക്ക് ചെയ്തു. മറുനാടൻ ടി.വി എന്ന് പരിശോധിച്ചാൽ ഇപ്പോൾ കിട്ടുകയില്ല. ഒരു മില്യണോടടുത്ത് ഫോളോവേഴ്സുള്ള ടി.വി പേജാണ് അപ്രത്യക്ഷമായിരിക്കുന്നത്. യു ട്യൂബ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ ശ്രമം നടന്നുകൊണ്ടിരിക്കുന്നു. മറുനാടനെ പൂട്ടിക്കെട്ടുമെന്ന് വെല്ലുവിളിച്ച അൻവറായിരിക്കും ഇതിന് പിന്നിലെന്ന് ന്യായമായും സംശയിക്കുന്നു. അൻവറിനെ മുന്നിൽ നിർത്തി ഈ നാട്ടിലെ ഛിദ്ര ശക്തികൾ ഞങ്ങൾക്കെതിരെ ഒരുമിക്കുന്നതാണ്. മൂന്ന് കൂട്ടരാണ് ഞങ്ങളെ പൂട്ടിക്കെട്ടാൻ കോടിക്കണക്കിന് രൂപ മുടക്കി രംഗത്തിറങ്ങിയിരിക്കുന്നത്. ഒന്ന് പിണറായിസ്റ്റുകൾ എന്ന് ഞങ്ങൾ വിളിക്കുന്ന അടിമകൾ, രണ്ട് ഇസ്‍ലാമിസ്റ്റുകൾ എന്ന് ഞങ്ങൾ വിളിക്കുന്ന രാജ്യവിരുദ്ധർ, മൂന്ന് എല്ലാവരാലും സ്തുതിഗീതങ്ങൾ മാത്രം കേട്ട് തഴമ്പിച്ച തട്ടിപ്പും വെട്ടിപ്പും നടത്തി നാട്ടുകാരെ പറ്റിച്ചു കഴിയുന്ന കളങ്കിതരായ വൻകിട ബിസിനസ് ഭീമന്മാർ... ഈ മൂന്നു കൂട്ടരും ഒരുമിക്കുമ്പോൾ ഇവർക്ക് പണത്തിന് കുറവില്ല, അധികാരത്തിന് കുറവില്ല, സ്വാധീനത്തിന് കുറവില്ല. ഇവരോടാണ് ഞങ്ങൾ പോരാടി പരാജയത്തിന്റെ വക്കിലെത്തി നിൽക്കുന്നത്. ഞങ്ങളെ അവിടെനിന്ന് കരകയറ്റാൻ പ്രേക്ഷകർക്ക് മാത്രമേ കഴിയൂ. അതിനാൽ പുതുതായി തുടങ്ങിയ പേജ് ലൈക് ചെയ്യണം’, സാജൻ അഭ്യർഥിച്ചു.
‘എന്നെ തെരുവിലിട്ട് തല്ലുക എന്നതാണ് ഇപ്പോൾ ഇവരുടെ പ്രധാന അജണ്ട. അതിനുള്ള അന്തരീക്ഷം അവർ ഭംഗിയായി ഒരുക്കിക്കൊണ്ടിരിക്കുന്നു. രാജ്യത്തുടനീളം കേസ് കൊടുത്ത് ബുദ്ധിമുട്ടിക്കുക എന്നതാണ് മറ്റൊരു രീതി. പരാതി കിട്ടിയിട്ടുണ്ടെന്നും ഹാജരാവണമെന്നും ആവശ്യപ്പെട്ട് കേരളത്തിലെ പല പൊലീസ് സ്റ്റേഷനുകളിൽനിന്നും വിളി വന്നുകൊണ്ടിരിക്കുന്നു. മറുനാടനെതിരെ രാജ്യത്തെമ്പാടും കേസ് കൊടുക്കാൻ പ്രോത്സാഹനം നൽകുന്നു. തിരുവനന്തപുരം കോർപറേഷനെ ഉപയോഗിച്ചും ഞങ്ങൾക്കെതിരെ നടപടിയെടുക്കാൻ നീക്കം നടക്കുന്നു. എന്റെ തൊഴിലുമായി ഒരു ബന്ധവും ഒരു ഉത്തരവാദിത്തവും ഇല്ലാത്ത ഭാര്യക്കെതിരെ പോലും നിരന്തരം വ്യാജ പരാതികൾ നൽകാൻ ചിലർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. മടുത്ത് സർക്കാർ ഉദ്യോഗം അവസാനിപ്പിച്ചാലോ എന്ന ചിന്തയിലാണ് അവർ. തന്നെ പിന്തുണക്കുന്നവരുടെയും ജീവിതം പ്രതിസന്ധിയിലാവുന്നു. ഞാൻ മുസ്‍ലിം വിരുദ്ധനാണെന്നും വ്യാജവാർത്തക്കാരനാണെന്നും ഉള്ള ഒരു കളം ഒരുക്കിയിരിക്കുകയാണവർ. അതുകൊണ്ട് എന്നെ പിന്തുണക്കാൻ പലരും ഭയക്കുന്നു. ബി.ആർ.എം ഷഫീറും രമ്യ ഹരിദാസും ശോഭ സുരേന്ദ്രനും മുരളി തുമ്മാരുകുടിയും ജോയ് മാത്യുവുമെല്ലാം ഇപ്പോൾ പീഡനമേറ്റുവാങ്ങുന്ന കാഴ്ചയാണ്’, ഷാജൻ സ്കറിയ വിഡിയോയിൽ പറഞ്ഞു.
മറുനാടൻ മലയാളിയുടെ പട്ടത്തെ ഓഫിസിൽനിന്ന് ഷാജൻ സ്കറിയയെ താഴെയിറക്കുമെന്നും ഓഫിസ് പൂട്ടിക്കുമെന്നുമുള്ള മുന്നറിയിപ്പുമായി പി.വി അൻവർ എം.എൽ.എ രംഗത്തുവന്നിരുന്നു. വ്യാജരേഖ ചമച്ച് നേടിയ രജിസ്ട്രേഷൻ റദ്ദാക്കിക്കുമെന്നും വ്യാജരേഖാ നിർമാണ കേസിൽ വീട്ടിലിരിക്കുന്നവരെയുൾപ്പെടെ നിയമപ്രകാരം തന്നെ പ്രതികളാക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകി. തടുക്കാനൊക്കുമെങ്കിൽ തടുത്ത് കാണിക്കെന്നും അദ്ദേഹം വെല്ലുവിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മറുനാടൻ പേജുകൾ അപ്രത്യക്ഷമായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.