‘മറുനാടൻ ഓഫിസ് പൂട്ടിക്കും, രജിസ്ട്രേഷൻ റദ്ദാക്കിക്കും’; മുന്നറിയിപ്പുമായി പി.വി അൻവർ

മറുനാടൻ മലയാളിയുടെ പട്ടത്തെ ഓഫിസിൽനിന്ന് ഷാജൻ സ്കറിയയെ താഴെയിറക്കുമെന്നും ഓഫിസ് പൂട്ടിക്കുമെന്നുമുള്ള മുന്നറിയിപ്പുമായി പി.വി അൻവർ എം.എൽ.എ. വ്യാജരേഖ ചമച്ച് നേടിയ രജിസ്ട്രേഷൻ റദ്ദാക്കിക്കുമെന്നും വ്യാജരേഖാ നിർമാണ കേസിൽ വീട്ടിലിരിക്കുന്നവരെയുൾപ്പെടെ നിയമപ്രകാരം തന്നെ പ്രതികളാക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകി. തടുക്കാനൊക്കുമെങ്കിൽ തടുത്ത്‌ കാണിക്കെന്നും അദ്ദേഹം വെല്ലുവിളിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

മറുനാടൻ ഷാജൻ സ്കറിയയോടാണ്...

1. നിന്റെ പട്ടത്തെ ഓഫിസിൽനിന്ന് നിന്നെ താഴെ ഇറക്കും. അതിനിപ്പോ നിന്റെ ഓശാരമൊന്നും വേണ്ട. വെറുതെ പൂട്ടുമെന്നല്ല പറഞ്ഞത്‌. "പൂട്ടിക്കും" എന്നാണ് പറഞ്ഞത്‌.

2. രജിസ്ട്രാർ ഓഫ്‌ കമ്പനീസിൽ വ്യാജരേഖ ചമച്ച്‌, നീ രജിസ്റ്റർ ചെയ്തിരിക്കുന്ന നിന്റെ Tidings Digital Publications Private Limited എന്ന കമ്പനിയുടെ നിലവിലെ രജിസ്ട്രേഷൻ കാൻസൽ ചെയ്യിപ്പിച്ചിരിക്കും.

3. വ്യാജരേഖ ചമച്ച വിഷയത്തിൽ പരാതി നൽകും. നീ വീട്ടിൽ പോയി പറഞ്ഞാൽ മതിയെന്നല്ലേ പറഞ്ഞത്‌? നിന്റെ വീട്ടിലിരിക്കുന്ന ആളുകളെ ഉൾപ്പെടെ വ്യാജരേഖാ നിർമാണ കേസിൽ നിയമപ്രകാരം തന്നെ പ്രതികളാക്കും.

ഈ പറയുന്ന മൂന്നും നടക്കും. നടന്നിരിക്കും. കൃത്യമായി എന്തൊക്കെയാണ് കാര്യങ്ങൾ എന്നങ്ങ്‌ ആദ്യമേ പറയുന്നു. തടുക്കാനൊക്കുമെങ്കിൽ നീ ഒന്ന് തടുത്ത്‌ കാണിക്ക്‌... പിന്നെ ഏഷ്യാനെറ്റിലെ നിന്റെ കൂട്ടുകാരുടെ കാര്യം. അതുങ്ങൾടെ പാട്‌ അതുങ്ങൾക്കറിയാം.

Full View

മണിക്കൂറുകൾക്ക് മുമ്പ് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെയും ഓഫിസ് പൂട്ടിക്കുമെന്ന് അൻവർ മുന്നറിയിപ്പ് നൽകിയിരുന്നു. ‘തോൽക്കേണ്ടവരുടെ ലിസ്റ്റിൽ പി.വി.അൻവറിനെ രണ്ടാമതാക്കി നടന്ന താടിയുള്ള മഞ്ഞപത്രക്കാരാ...നിയമപരമായി തിരിച്ച്‌ ഞാനൊന്ന് തരുന്നുണ്ട്‌. ഒരു ദിവസമെങ്കിൽ ഒരു ദിവസം...നീ ഞെളിഞ്ഞിരുന്ന് വിഡിയോ തള്ളുന്ന ആപ്പീസ്‌ ഞാൻ പൂട്ടിക്കും. പണ്ടേ പറഞ്ഞിട്ടുണ്ട്‌... തരുന്നതിനും മുമ്പ്, പറഞ്ഞിട്ട്‌ തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത...’, എന്നിങ്ങനെയായിരുന്നു ആദ്യ കുറിപ്പ്.

അപകീർത്തി കേസുമായി ബന്ധപ്പെട്ട് ഷാജൻ സ്കറിയക്കെതിരെ നിരവധി കേസുകളുണ്ട്. വ്യവസായി എം.എ യൂസഫലി, നടൻ പൃഥ്വിരാജ് തുടങ്ങിയവരെല്ലാം കേസ് നടപടികളുമായി മുന്നോട്ടുപോകുകയാണ്. ലുലു ഗ്രൂപ്പിനും ചെയർമാൻ എം.എ യൂസഫലിക്കുമെതിരായ അപകീർത്തികരമായ വിഡിയോകൾ പിൻവലിച്ചില്ലെങ്കിൽ 'മറുനാടൻ' ചാനൽ പൂട്ടാൻ കഴിഞ്ഞ ദിവസം ഡൽഹി ഹൈകോടതി ഉത്തരവിട്ടിരുന്നു. 24 മണിക്കൂറിനകം വിവാദ വിഡിയോകളും വാർത്തകളും പിൻവലിക്കാനാണ് കോടതി ആവശ്യപ്പെട്ടിരുന്നു.

തനിക്കെതിരായ വ്യാജ ആരോപണങ്ങൾക്കെതിരെ സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും നിയമത്തിന്റെ ഏതറ്റം വരെ പോകുമെന്നുമുള്ള മുന്നറിയിപ്പുമായി ദിവസങ്ങൾക്ക് മുമ്പാണ് പൃഥ്വിരാജ് രംഗത്തുവന്നത്. ‘വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാർമികത എന്നതിനാൽ സാധാരണഗതിയിൽ ഇത്തരം വ്യാജ ആരോപണങ്ങളെയും വാർത്തകളെയും ഞാൻ അത് അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാൽ തീർത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു "കള്ളം", വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാ മാധ്യമധർമത്തിന്റെയും പരിധികൾ ലംഘിക്കുന്നതാണ്. ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും’, എന്നിങ്ങനെയായിരുന്നു നിയമനടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചത്.

Tags:    
News Summary - 'Marunadan office will be closed, registration will be cancelled'; PV Anwar with warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-05 04:25 GMT