ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയൻ ഉള്‍പ്പെട്ട മാസപ്പടി കേസിൽ കൊച്ചിന് മിനറല്‍ ആന്‍ഡ് റൂട്ടൈല്‍സ് (സി.എം.ആർ.എല്‍) കമ്പനിക്കെതിരെ എസ്.എഫ്.ഐ.ഒ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ്) നടത്തുന്ന അന്വേഷണം തുടരുന്നതിന് ഡല്‍ഹി ഹൈകോടതി അനുമതി നൽകി.
ഈ മാസം 28, 29 തീയതികളില്‍ ചെന്നൈയില്‍ ഹാജരാകാൻ സി.എം.ആര്.എല്‍ ഡയറക്ടര്‍മാരായ രവിചന്ദ്രന്‍ രാജന്, നബീല്‍ മാത്യു ചെറിയാന്, അനില്‍ ആനന്ദ പണിക്കര്‍, കമ്പനി സെക്രട്ടറി പി. സുരേഷ് കുമാര്‍, ഐ.ടി വിഭാഗം മേധാവി എന്‍.സി. ചന്ദ്രശേഖരന്, റിട്ട. കാഷ്യര്‍ കെ.എം. വാസുദേവന്‍, ഓഡിറ്റര്‍മാരായ മുരളീകൃഷ്ണന്, സാഗേഷ് കുമാര്‍ എന്നിവർക്ക് എസ്.എഫ്.ഐ.ഒ അയച്ച സമന്‍സ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയാണ് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ഉത്തരവ്.
അതേസമയം, ഭാരതീയ ന്യായ് സുരക്ഷ സംഹിതയുടെ 528ാം വകുപ്പ് പ്രകാരം എസ്.എഫ്.ഐ.ഒ നടത്തുന്ന അന്വേഷണം തടയണമെന്ന ആവശ്യത്തിൽ വാദം കേൾക്കാൻ തീരുമാനിച്ച ഹൈകോടതി, അറസ്റ്റ് അടക്കമുള്ള തുടർ നടപടികളിലേക്ക് കടക്കുന്നത് വിലക്കുകയും ചെയ്തു. ഈ മാസം 28, 29 തീയതികളിൽ അന്വേഷത്തിന് ചെന്നൈയിൽ ഹാജരായില്ലെങ്കിൽ 2013ലെ കമ്പനി നിയമത്തിലെ 217 (8) പ്രകാരമുള്ള നടപടി ഉണ്ടാകുമെന്ന് എസ്.എഫ്.ഐ.ഒ മുന്നറിയിപ്പ് നൽകിയിരുന്നു.
വെള്ളിയാഴ്ച ഹരജി പരിഗണിച്ചപ്പോൾ അന്വേഷണവുമായി സി.എം.ആര്.എല്‍ സഹകരിക്കണമെന്ന് എസ്.എഫ്.ഐ.ഒ അഭിഭാഷകന് ആവശ്യപ്പെട്ടു.
അന്വേഷണത്തോട് സഹകരിക്കാമെന്നും എന്നാൽ, മാസപ്പടി കേസില്‍ എസ്.എഫ്.ഐ.ഒയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നടത്തുന്ന അന്വേഷണങ്ങള്‍ക്കെതിരെ നല്കിയ ഹരജിയിലെ അന്തിമ വിധി വരെ അന്വേഷണ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാൻ അനുവദിക്കരുതെന്നും സി.എം.ആര്.എല്ലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപില്‍ സിബല്‍ ബോധിപ്പിച്ചു. ഈ ആവശ്യത്തില്‍ നിലപാട് അറിയിക്കാൻ എസ്.എഫ്.ഐ.ഒ അഭിഭാഷകനോട് ആവശ്യപ്പെട്ട ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് കേസ് വീണ്ടും പരിഗണിക്കാനായി ഈ മാസം 30ലേക്ക് മാറ്റി.
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷന്‍സ് എന്ന കമ്പനിക്ക് നല്‍കാത്ത സേവനത്തിന് സി.എം.ആര്.എല്‍ പ്രതിഫലം നല്‍കിയെന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലാണ് മാസപ്പടി കേസിന്റെ തുടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.