തിരുവനന്തപുരം: മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണത്തിന്റെ പ്രസക്തി തുടക്കം മുതൽ തന്നെ ചോദ്യച്ചിഹ്നമായിരുന്നെങ്കിലും ആവശ്യം ഹൈകോടതി നിരസിച്ചതോടെ, മുഖ്യമന്ത്രി പിണറായി വിജയനും സർക്കാറിനും ലഭിച്ചത് രാഷ്ട്രീയാശ്വാസം. ക്രമക്കേടിന് തെളിവുണ്ടെന്ന് നിയമസഭയിലും പുറത്തും നിരന്തരം അവകാശവാദമുന്നയിച്ച പ്രതിപക്ഷത്തിന് പക്ഷേ, കോടതിയിൽ സ്ഥാപിക്കാനാകാത്തതാണ് ഇനി ഇടതുപക്ഷം ആയുധമാക്കുക. സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ പുകമറ സൃഷ്ടിക്കാനുള്ള മഴവിൽ സഖ്യത്തിന്റെ നീക്കം കോടതിയിൽ തകർന്നെന്ന പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആദ്യ പ്രതികരണത്തിൽ തന്നെ കാര്യങ്ങൾ വ്യക്തം.
ഹൈകോടതി തള്ളിയെങ്കിലും മാസപ്പടി വാങ്ങി എന്ന വസ്തുത നിലനിൽക്കുമെന്ന് പ്രതിപക്ഷം വാദമുഖമുയർത്തുന്നുണ്ടെങ്കിലും സർക്കാറിന് പിടിവള്ളി നൽകിയെന്നല്ലാതെ എന്ത് ഗുണമാണ് കോടതി വ്യവഹാരത്തിലൂടെയുണ്ടായതെന്നതും വെട്ടിലാക്കുന്ന ചോദ്യം. ഇനി കേസ് ഹൈകോടതി തള്ളിയില്ലെങ്കിൽ തന്നെ മുഖ്യമന്ത്രിക്ക് കീഴിലുള്ള ഏജൻസിയുടെ മുഖ്യമന്ത്രിക്കെതിരെയുള്ള അന്വേഷണത്തിന്റെ ഭാവി ഏറക്കുറെ പ്രവചനീയമാണ്. ഈ സാധ്യത മുൻനിർത്തിയാണ് വിജിലൻസ് അന്വേഷണത്തിന്റെ പ്രസക്തിയില്ലായ്മയെ കുറിച്ച് തുടക്കം മുതൽ തന്നെ വിമർശനമുയർന്നിരുന്നത്. ഫലത്തിൽ നിയമപരമായ വിജയത്തിനപ്പുറം സർക്കാറിനെ സംബന്ധിച്ച് രാഷ്ട്രീയ വിജയം കൂടിയാണ് കോടതി വിധി.
മാസപ്പടിക്കേസിൽ നിലവിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം തുടരുകയാണ്. ഏറ്റവും ഒടുവിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് കേസിൽ ഇടപെട്ടത്. കേന്ദ്ര കമ്പനികാര്യ മന്ത്രാലയം കഴിഞ്ഞ വർഷം ജനുവരിയിൽ തുടങ്ങിയ അന്വേഷണമാണ് ഇപ്പോൾ ഇ.ഡിയിൽ എത്തിനിൽക്കുന്നത്. അതായത് ചുരുങ്ങിയ കാലയളവിനുള്ളിൽ കേന്ദ്ര ഏജൻസികളുടെ നാലുതരം അന്വേഷണങ്ങളാണുണ്ടായത്. ജനുവരിയിലാണ് ബംഗളൂരുവിലെയും കൊച്ചിയിലെയും രജിസ്ട്രാർ ഓഫ് കമ്പനീസ് ഓഫിസുകൾ ആദ്യം പ്രാഥമികാന്വേഷണം നടത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം അനുസരിച്ച് ഇ.ഡിയും അഴിമതി നിരോധന നിയമം അനുസരിച്ച് സി.ബി.ഐയും അന്വേഷിക്കാവുന്ന ഇടപാടുകൾ കണ്ടെത്തിയെന്നായിരുന്നു അവരുടെ അന്വേഷണ റിപ്പോർട്ട്. അതേ സമയം രജിസ്ട്രാർ ഓഫ് കമ്പനീസിലെ മൂന്ന് ഇൻസ്പെക്ടർമാരുടെ അന്വേഷണമാണ് കേന്ദ്രം പ്രഖ്യാപിച്ചത്.
പിന്നീടാണ് ഗുരുതര നിയമലംഘനങ്ങൾ നടന്നെന്ന വിലയിരുത്തലിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്.എഫ്.ഐ.ഒ) അന്വേഷണം തുടങ്ങിയത്. കള്ളപ്പണം വെളുപ്പിക്കൽ, അഴിമതി തുടങ്ങിയവ ഇവരുടെ നേരിട്ടുള്ള അന്വേഷണത്തിൽ വരില്ല. ഇതിനെല്ലാം പിന്നാലെയാണ് ഇ.ഡി കൂടി എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.