പെരിന്തൽമണ്ണ: ഡി.ജി.പിയടക്കം ഉന്നത ഉദ്യോഗസ്ഥർ മാസ്ക് വെക്കാതെ ചടങ്ങിൽ പങ്കെടുത്തത് സംബന്ധിച്ച് പരാതി നൽകിയയാൾക്ക് പൊലീസ് നൽകിയത് മുഖ്യമന്ത്രിയുടെ വിശദീകരണം. ഗുരുവായൂർ ടെംപ്ൾ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനചടങ്ങിൽ നടന്ന പ്രോേട്ടാകോൾ ലംഘനം സംബന്ധിച്ച് പരാതി നൽകിയ വിവരാവകാശ പ്രവർത്തകനായ തിരൂർക്കാട് സ്വദേശി അനിൽ ചന്ദ്രത്തിനാണ്, ഗുരുവായൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സംഭവം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ വിശദീകരണം തന്നെ മറുപടിയായി നൽകിയത്.
അനിലും പൊലീസുകാരനും തമ്മിൽ നടക്കുന്ന സംഭാഷണം സോഷ്യൽമീഡിയയിൽ പ്രചരിച്ചു. 'മാധ്യമം' പത്രത്തിൽ വന്ന ചിത്രത്തിെൻറ അടിസ്ഥാനത്തിലാണ് പരാതി നൽകിയത്. പരാതി സംബന്ധിച്ച് എന്താണ് പറയാനുള്ളതെന്ന് പൊലീസുകാരൻ ചോദിച്ചപ്പോൾ സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും പൊലീസുകാർ പങ്കെടുത്തത് നിയമലംഘനമാണെന്ന് അനിൽ മറുപടി നൽകി.
ഇക്കാര്യത്തിൽ മുഖ്യമന്ത്രി നൽകിയ വിശദീകരണം കേട്ടിരുന്നോയെന്ന് പൊലീസുകാരൻ ചോദിച്ചപ്പോൾ ആ മറുപടി നിയമപരമായി നിലനിൽക്കില്ലെന്നും നിയമലംഘനം നടന്നോ എന്നത് മാത്രമാണ് പരിശോധിക്കേണ്ടതെന്നും പരാതിക്കാരൻ മറുപടി നൽകി. ഗുരുവായൂർ സ്റ്റേഷനിലേക്ക് വരേണ്ട സമയമറിയിച്ച് പിന്നീട് വിളിക്കാമെന്ന് പൊലീസുകാരൻ പറഞ്ഞെങ്കിലും താനങ്ങോട്ട് വരില്ലെന്നും മൊഴിയെടുക്കാനാണെങ്കിൽ പെരിന്തൽമണ്ണ സ്റ്റേഷൻ വഴിയാകാമെന്നും പരാതിക്കാരൻ പറഞ്ഞു. എസ്.ഐയുമായി ആലോചിക്കണമെന്നും തങ്ങളുടേതായ രീതിയിലേ പോകാനാകൂവെന്നും പൊലീസുകാരൻ വിശദീകരിക്കുന്നുണ്ട്. ഫോൺ വിളി സംബന്ധിച്ച് അനിൽ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. നടപടിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും പരാതിക്കാരൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.