കൊച്ചി: സിറോ മലബാർ സഭയിലും എറണാകുളം-അങ്കമാലി അതിരൂപതയുടെ തലപ്പത്തും നേതൃമാറ്റം വന്നതോടെ കാലങ്ങളായി അതിരൂപതയുടെ തലവേദനയായി മാറിയ കുർബാന വിവാദത്തിന് അന്ത്യമാവുമെന്ന പ്രതീക്ഷക്ക് മങ്ങലേൽക്കുന്നു. നേതൃമാറ്റത്തിന് പിന്നാലെ സിനഡ് കുർബാന അർപ്പിക്കണമെന്ന നിർദേശം വത്തിക്കാനിൽനിന്ന് ഫ്രാൻസിസ് മാർപാപ്പ വിഡിയോ സന്ദേശത്തിലൂടെ ഉത്തരവിട്ടതോടെ, കുർബാന ഏകീകരണം വരുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഒരുവിഭാഗം. എന്നാൽ, കുർബാന അർപ്പണരീതിയിൽ മാറ്റം വരുത്താൻ അനുവദിക്കില്ലെന്നും ജനാഭിമുഖ കുർബാനതന്നെ മതിയെന്നുമുള്ള നിലപാടിലാണ് അതിരൂപതയിലെ പ്രബലവിഭാഗം.
കുർബാന അർപ്പണം സംബന്ധിച്ച മാർപാപ്പയുടെ ആഹ്വാനത്തിൽ വസ്തുതാപരമായ തെറ്റുണ്ടെന്ന ആശങ്ക വ്യാഴാഴ്ച അതിരൂപത അൽമായ മുന്നേറ്റം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തെ കല്ദായ വാദികൾ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ഇതിലെ സത്യാവസ്ഥ ബോധിപ്പിക്കേണ്ടത് പുതിയ അഡ്മിനിസ്ട്രേറ്ററായ മാർ ബോസ്കോ പുത്തൂരാണെന്നും കൂട്ടായ്മ വ്യക്തമാക്കിയിട്ടുണ്ട്. കർദിനാൾ ജോർജ് ആലഞ്ചേരിയുടെയും മാർ ആൻഡ്രൂസ് താഴത്തിന്റെയും രാജിയിലൂടെ അതിരൂപതയിലെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ലെന്നും ജനാഭിമുഖ കുർബാനയുടെ വിഷയത്തിൽ നിലപാടിൽ ഒരു മാറ്റവുമില്ലെന്നും അൽമായ മുന്നേറ്റം ആവർത്തിക്കുന്നു.
എന്നാൽ, നേരത്തേ മുതൽ ഔദ്യോഗിക വിഭാഗത്തിനൊപ്പമുള്ള സംയുക്ത സഭാ സംരക്ഷണ സമിതി, അൽമായ ശബ്ദം തുടങ്ങിയ കൂട്ടായ്മകൾ ഏകീകൃത കുർബാനതന്നെ നടപ്പാക്കണമെന്നും മാർപാപ്പയുടെ ഉത്തരവ് അനുസരിക്കണമെന്നുമുള്ള നിലപാടിലാണ്. സഭ നിർദേശിക്കുന്ന കുർബാനയർപ്പിച്ച് അനുസരിക്കുക അല്ലെങ്കിൽ പുറത്തുപോവുക എന്ന ഒരേയൊരു മാർഗമാണ് അതിരൂപതയിലെ വൈദികർക്ക് മുന്നിലുള്ളതെന്ന് സംയുക്ത സഭാ സംരക്ഷണ സമിതി മുന്നറിയിപ്പ് നൽകുന്നു. നേതൃമാറ്റം വന്നതോടെ അതിരൂപതയിൽ ജനാഭിമുഖ കുർബാനതന്നെ തുടരുമെന്ന പ്രതീക്ഷയിലായിരുന്നു വിമത വിഭാഗമെങ്കിലും തൊട്ടുപിറകെ പോപ്പിന്റെ ഉത്തരവ് വന്നതോടെ ഇവർക്ക് തിരിച്ചടിയായി. എന്നാൽ, നിലവിലെ രീതിയിൽനിന്ന് അണുവിട മാറാൻ അനുവദിക്കില്ലെന്ന നിലപാടിൽ വിമതർ ഉറച്ചുനിന്നാൽ കുർബാന തർക്കം പരിഹരിക്കുന്നത് പുതിയ അഡ്മിനിസ്ട്രേറ്റർക്ക് വലിയ തലവേദനയാകുമെന്ന് ഉറപ്പാണ്.
മാർപാപ്പ പറഞ്ഞത്: വരുന്ന പിറവിത്തിരുനാളോടെ സിറോ മലബാർ സിനഡ് തീരുമാനമനുസരിച്ചുള്ള കുർബാന അർപ്പിക്കാനാണ് മാർപാപ്പ ഉത്തരവിട്ടത്. ആരാധനക്രമത്തിൽ നിങ്ങളുടെ മേജർ ആർച് ബിഷപ്പിന്റെ പേരുപറയുകയും അദ്ദേഹത്തിനുവേണ്ടി പ്രാർഥിക്കുകയും ചെയ്യണമെന്നും പരിശുദ്ധ കുർബാന ഐക്യത്തിന്റെ മാതൃകയാകണമെന്നും അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കി. അതിരൂപതയുടെ മെത്രാൻ സിനഡ് ദീർഘവും ശ്രമകരവുമായ പരിശ്രമത്തിനുശേഷം കുർബാന അർപ്പണരീതി സംബന്ധിച്ച് യോജിപ്പിലെത്തിയതാണെന്ന് ചൂണ്ടിക്കാട്ടിയ മാർപാപ്പ അതിരൂപത അംഗങ്ങൾക്കിടയിൽ അക്രമം നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ചില വൈദികർ സിനഡിന്റെ തീരുമാനങ്ങളെ അനുസരിക്കാതിരിക്കാനും എതിർക്കാനും വർഷങ്ങളായി പ്രേരിപ്പിക്കുന്നുണ്ടെന്നും എതിർപ്പിനുള്ള ചില കാരണങ്ങൾക്ക് കുർബാനയർപ്പണവുമായോ ആരാധനക്രമവുമായോ ഒരു ബന്ധവുമില്ലെന്നും മാർപാപ്പ പറയുന്നു.
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ ശാന്തിയും സമാധാനവും ഉറപ്പുവരുത്തുകയാണ് തന്റെ ആദ്യലക്ഷ്യമെന്നും അതിരൂപതയുടെ ഹൃദയമായ ബസിലിക്ക തുറക്കലാണ് അതിന്റെ ആദ്യ കാൽവെപ്പെന്നും പുതിയ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ ബിഷപ് ബോസ്കോ പുത്തൂർ പറഞ്ഞു.
സ്ഥാനമേറ്റശേഷം മാധ്യമങ്ങളുമായി സംസാരിക്കവെയാണ് അദ്ദേഹം മനസ്സു തുറന്നത്. താനെന്നും പ്രതീക്ഷയും ശുഭാപ്തി വിശ്വാസവുമുള്ളവനാണ്. എന്നാൽ, എല്ലാ കാര്യങ്ങളും ജനകീയമായി കൈകാര്യം ചെയ്യാനാവില്ല.അതിരൂപതയിലെ കുർബാന പ്രശ്നത്തിൽ അവസാന തീരുമാനമെടുത്തിട്ടുള്ളത് ഫ്രാൻസിസ് മാർപാപ്പയാണ്. സിറോ മലബാർ സഭയെ സംബന്ധിച്ചിടത്തോളം ലിറ്റർജിക്കൽ തീരുമാനമെടുക്കേണ്ടത് സിനഡാണ്. സിനഡ് നേരത്തേതന്നെ എടുത്തതാണെങ്കിലും സ്വീകാര്യത ഇല്ലാത്തതിനാലാണ് നീണ്ടുപോയത്.
റോമിൽനിന്ന് ഇടപെട്ടാൽ പ്രശ്നപരിഹാരമാവുമെന്ന് ഇരുവിഭാഗവും അന്ന് വ്യക്തമാക്കിയിരുന്നു. കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം മാർപാപ്പയാണ് പൊതുസ്വരം. ആ സ്വരം കൂടുതൽ ജാഗ്രതയോടെ താനും മെത്രാന്മാരും വൈദികരും സന്യസ്തരും വിശ്വാസ സമൂഹവുമെല്ലാം ഉൾക്കൊള്ളാൻ പരിശ്രമിക്കുമ്പോൾ കാര്യങ്ങൾ ഭംഗിയായി പോവും. അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.