ഹരിപ്പാട് സി.പി.എമ്മിൽ കൂട്ടരാജി


ആലപ്പുഴ: ഹരിപ്പാട് സി.പി.എമ്മിൽ കൂട്ടരാജി. ഹരിപ്പാട് കുമാരപുരത്ത് 36 സി.പി.എം അംഗങ്ങൾ രാജിക്കത്ത് നൽകി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ജില്ലാ സെക്രട്ടറിക്കുമാണ് കത്ത് നൽകിയത്. പാർട്ടി ഭരിക്കുന്ന കുമാരപുരം പഞ്ചായത്ത്‌ പ്രസിഡന്റ് ഉൾപ്പടെയാണ് പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് നൽകിയത്. ജില്ലയിൽ സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങാനിരിക്കെയാണ് ഹരിപ്പാട് പ്രശ്നങ്ങൾ രൂക്ഷമായത്.

കായംകുളം പുള്ളിക്കണക്ക് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ മാവേലി സ്റ്റോർ ബ്രാഞ്ച് കമ്മിറ്റിയിലെ 14 അംഗങ്ങളിൽ 12 പേരും കഴി‌ഞ്ഞ ദിവസം രാജി വെച്ചിരുന്നു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് രണ്ട് സ്ത്രീകളടക്കം രാജിക്കത്ത് നൽകിയത്. ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ ഷാം പാർട്ടി അംഗം മോഹനൻ പിള്ള എന്നിവരെ വാർഡ് സഭയിലെ തർക്കത്തെ തുടർന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പാർട്ടി സമ്മേളനങ്ങൾ തുടങ്ങാനിരിക്കെയുള്ള കൂട്ടരാജി.

ലോക്കൽ, ബ്രാഞ്ച് ഭാരവാഹികൾക്കെതിരെ എടുത്ത നടപടി റിപ്പോർട്ട് ചെയ്യാൻ വിളിച്ചുചേർത്ത ബ്രാഞ്ച് കമ്മിറ്റി യോഗത്തിൽ ഭൂരിപക്ഷ അംഗങ്ങളും നേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോയി. പ്രാദേശിക വിഭാഗീയതയുടെ ഭാഗമായാണ് പാർട്ടി സമ്മേളനം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇരുവർക്കുമെതിരെ ഉണ്ടായ അച്ചടക്ക നടപടിയെന്ന ആക്ഷേപമുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പാർട്ടി അംഗങ്ങൾ പാർട്ടി വിടുമെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനയച്ച കത്തിലെ പരാമർശം.

ബാങ്കിലെ ക്രമക്കേടുകൾക്കെതിരെ ഏരിയ കമ്മിറ്റി അംഗമായ ബിജു പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ കമീഷനെ നിയോഗിക്കുകയും ചെയ്തുവെന്നാണ് വിവരം. ഇതിന്റെ പശ്ചാത്തലത്തിൽ ഹരിപ്പാട് ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോൾ പരാതി നൽകിയ ബിജുവിനെ ഒഴിവാക്കി. പിന്നീട് ഉൾപ്പെടുത്താമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞെങ്കിലും വാക്കു പാലിച്ചില്ല. മാത്രമല്ല, ബാങ്കിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ചർച്ചയും നടന്നില്ല. ഇതേ തുടർന്നാണ് അംഗങ്ങൾ രാജിക്കത്ത് നൽകിയതെന്നാണ് അറിയുന്നത്. എന്നാൽ ഏരിയ കമ്മിറ്റിക്ക് ആരും രാജിക്കത്ത് നൽകിയിട്ടില്ലെന്ന് കായംകുളം സി.പി.എം ഏരിയ സെക്രട്ടറി അരവിന്ദാക്ഷൻ വ്യക്തമാക്കി.

Tags:    
News Summary - Mass resignation in Haripad CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.