ആലപ്പുഴ: കുട്ടനാട്ടിൽ സി.പി.എമ്മിൽ വൻ കൊഴിഞ്ഞുപോക്ക്. പാർട്ടി വിട്ട 222 പേർക്ക് സി.പി.ഐയിൽ അംഗത്വം. സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസിന്റെ സാന്നിധ്യത്തിൽ ഞായറാഴ്ച ചേർന്ന കുട്ടനാട് മണ്ഡലം കമ്മിറ്റിയാണ് ഇവർക്ക് അംഗത്വം നൽകാൻ തീരുമാനിച്ചത്.
തിങ്കളാഴ്ച ജില്ല കൗൺസിൽ യോഗത്തിനുശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. 166 പേർക്ക് പൂർണ അംഗത്വവും 69 പേർക്ക് കാൻഡിഡേറ്റ് അംഗത്വവുമാണ് ലഭിക്കുക. ബാക്കിയുള്ളവർ പ്രവർത്തകരായി തുടരും. ഇവർക്ക് ആറുമാസത്തിനുശേഷം പൂർണ അംഗത്വം നൽകും.
രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേന്ദ്രകുമാർ അടക്കം ആറ് ജനപ്രതിനിധികളും ഏരിയ കമ്മിറ്റി അംഗങ്ങളായ എ.എസ്. അജിത്, വി.കെ. കുഞ്ഞുമോൻ, ഡി.വൈ.എഫ്.ഐ നേതാവ് എൻ.ഡി. ഉദയകുമാർ അടക്കമുള്ള നേതാക്കളും പ്രവർത്തകരുമാണ് സി.പി.എം വിട്ടത്. സി.പി.എം ശക്തികേന്ദ്രമായ രാമങ്കരിയിൽ പഞ്ചായത്ത് ഭരണംപോലും നഷ്ടമാകും.
നിലവിൽ ഒമ്പത് അംഗങ്ങളിൽ ആറുപേർ സി.പി.ഐയിൽ അപേക്ഷ നൽകിയവരാണ്. പഞ്ചായത്ത് രൂപവത്കരിച്ചതിനുശേഷം രണ്ടുതവണ മാത്രമാണ് സി.പി.എമ്മിന് ഭരണം നഷ്ടമായത്. കൂറുമാറ്റ നിരോധന നിയമത്തിന്റെ നൂലാമാലകൾ നിയമവിദഗ്ധരുമായി ആലോചിച്ചശേഷമാണ് അംഗങ്ങൾ പുതിയ നീക്കം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.