മൂവാറ്റുപുഴ: മാതാപിതാക്കൾ ഗുരുതരരോഗം ബാധിച്ച് ആശുപത്രിയിൽ കഴിയുമ്പോൾ, മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്ക് വീട് ജപ്തി ചെയ്ത് ഇറക്കിവിട്ട കുട്ടികളുടെ നിസ്സഹായാവസ്ഥ കണ്ടാണ് വീടിന്‍റെ വാതിൽ തകർത്ത് കുട്ടികളെ പുനരധിവസിപ്പിച്ചതെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. ഇതിന്‍റെ പേരിൽ എന്തുനടപടി വന്നാലും നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. പായിപ്ര സ്വദേശി അജേഷിന്‍റെ വീടാണ് ബാങ്ക് ജപ്തി ചെയ്തത്.
സർഫാസി നിയമത്തിന്‍റെ പേരിൽ 12 വയസ്സിന് താഴെയുള്ള മൂന്ന് പെൺകുട്ടികളെയും ഒരാൺകുട്ടിയെയും മാതാപിതാക്കൾ ആശുപത്രിയിൽ കഴിയുന്ന സമയത്ത് വീട് ജപ്തി ചെയ്ത് പുറത്തിറക്കിവിടാൻ കഴിയില്ല. ഇവിടെ മാനുഷിക പരിഗണനയാണ് നൽകേണ്ടിയിരുന്നത്. എന്നാൽ, അതുണ്ടായില്ല. ബാങ്കിൽനിന്ന് എത്തിയവരോട് അയൽവാസികൾ അടക്കമുള്ളവർ മാതാപിതാക്കൾ ആശുപത്രിയിലാണെന്നും സാവകാശം നൽകണമെന്നും പറഞ്ഞിരുന്നു. വിവരം അറിഞ്ഞ് എത്തിയ പഞ്ചായത്ത് മെമ്പർ 10 ദിവസത്തെ സാവകാശവും ചോദിച്ചു.
എന്നാൽ, കുട്ടികളെ ഇറക്കിവിട്ടശേഷം പിൻവാതിൽ ഇല്ലാതിരുന്ന വീടിന് ആക്രിക്കടയിൽനിന്ന് എത്തിച്ച താൽക്കാലിക വാതിൽ സ്ഥാപിച്ചശേഷം, മുൻവാതിൽ പൂട്ടി സീൽ ചെയ്യുകയായിരുന്നെന്ന് എം.എൽ.എ പറഞ്ഞു. നാല് കുട്ടികളുടെയും പാഠപുസ്തകങ്ങൾ മാത്രം എടുക്കാനാണ് അനുവദിച്ചത്. വിവരമറിഞ്ഞ് എത്തിയ താൻ ബാങ്കിന്‍റെ ഉത്തരവാദപ്പെട്ടവരെ വിളിച്ച് കാര്യങ്ങൾ പറഞ്ഞിരുന്നു. ഉടൻ താക്കോലുമായി എത്തുമെന്ന് അവർ അറിയിച്ചെങ്കിലും എത്തിയില്ല. തുടർന്നാണ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ പൂട്ട് പൊളിച്ച് കുട്ടികളെ പുനരധിവസിപ്പിച്ചത്. താൻ ഇത് രാഷ്ടീയവത്കരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വീടിനു പുറത്തിറക്കിവിട്ട് ജപ്തി നടപടി നടത്തിയ സംഭവത്തിൽ ബാലാവകാശ കമീഷൻ ഇടപെടണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ പറഞ്ഞു. സാധാരണക്കാർക്കുകൂടി വേണ്ടിയുള്ളതാണ് ബാലാവകാശ കമീഷനെന്നും പട്ടികജാതി വിഭാഗങ്ങൾക്കെതിരെ സംസ്ഥാനത്ത് തുടരെ ഉണ്ടാകുന്ന ആക്രമണങ്ങളിലും ചൂഷണങ്ങളിലും പട്ടികജാതി വർഗ കമീഷനും കോടതികളും അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.