കോഴിക്കോട്: കാസർകോട്ടെ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ ആരോപണ വിധേയനായ മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീൻ ഇന്ന് മുസ്‍ലിം ലീഗ് നേതാക്കൾക്ക് നേരിട്ട് വിശദീകരണം നൽകും. ഇന്നലെ രാത്രിയോടെ അദ്ദേഹം പാണക്കാട്ടെത്തി.
ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പിനെതിരെ കൂടുതൽ പരാതിയുമായി നിക്ഷേപകർ രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 14 കേസുകളാണ്. ഇതോടെ കാസർകോട് ചന്തേര സ്റ്റേഷനിൽമാത്രം 26 കേസുകളായി. കാസർകോട് സ്റ്റേഷനിൽ അഞ്ചും ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ രണ്ടും ഉൾപ്പെടെ 33 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മൂന്ന് ബ്രാഞ്ചുകളായി പ്രവർത്തിച്ചിരുന്ന ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ നിക്ഷേപം നൽകിയവരാണ് കൂട്ടത്തോടെ പരാതി നൽകുന്നത്. ഫാഷൻ ഗോൾഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ട നിക്ഷേപത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അറിയിച്ചു.
എം.സി. ഖമറുദ്ദീൻ ചെയർമാനായ ജ്വല്ലറിയിൽ പണം നിക്ഷേപിച്ചവർക്ക് തിരിച്ചുനൽകിയില്ലെന്ന പരാതിയിലാണ് കേസുകളെടുത്തത്. ജ്വല്ലറി അടച്ചുപൂട്ടിയിട്ടും ലാഭവിഹിതമോ നിക്ഷേപിച്ച പണമോ തിരികെ ലഭിച്ചില്ലെന്നാണ് പരാതിക്കാർ പറയുന്നത്.
ലീഗ് നേതാക്കളെ കാണുന്ന ഖമറുദ്ദീൻ ഫാഷന്‍ ഗോള്‍ഡിന് തുടക്കം കുറിച്ച ഡയറക്ടര്‍മാരില്‍ പലരും സ്ഥാപനം പ്രതിസന്ധിയിലായതോടെ നിക്ഷേപം പിന്‍വലിച്ച് ഒഴിഞ്ഞ് മാറിയത് സംബന്ധിച്ച് നേതാക്കളോട് വിശദീകരിക്കുമെന്നാണ് സൂചന. എല്ലാ ഡയറക്ടര്‍മാരും പ്രശ്ന പരിഹാരത്തിന് ശ്രമിക്കാത്തതാണ് നിക്ഷേപകര്‍ക്ക് പണം തിരിച്ച് കൊടുക്കുന്നതിന് തടസ്സമെന്നും ആക്ഷേപമുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കാനുള്ള നിര്‍ദ്ദേശമാവും നേതാക്കള്‍ ഖമറുദ്ദീന് നല്‍കുക. എം.എല്‍.എ സ്ഥാനം ഒഴികെ മറ്റെല്ലാ പദവികളും അദ്ദേഹം ഒഴിയാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.