'എല്ലാവര്‍ക്കും വേണ്ടത് തന്‍റെ ചോര'; വിവാദങ്ങളിൽ പ്രതികരിച്ച് എം.സി. ഖമറുദ്ദീന്‍ എം.എല്‍.എ

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപകേസുമായി ബന്ധപ്പെട്ട് തനിക്കെതിരെയുയര്‍ന്ന ആരോപണങ്ങളില്‍ മറുപടിയുമായി മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീന്‍. സമൂഹത്തിന്‍റെ മുമ്പിലുള്ളത് താനാണ്, അതുകൊണ്ട് എല്ലാവര്‍ക്കും വേണ്ടത് തന്‍റെ ചോരയാണെന്നും എം.സി. ഖമറുദ്ദീൻ 'മീഡിയവണി'നോട് പ്രതികരിച്ചു.

സജീവരായിരുന്ന പല ഡയറക്ടര്‍മാരും കമ്പനി നഷ്ടത്തിലായതോടെ രാജിവെച്ച് ഒഴിഞ്ഞതായി എം.സി. ഖമറുദ്ദീന്‍ എം.എല്‍.എ പറഞ്ഞു. ഫാഷന്‍ ഗോള്‍ഡ് സ്ഥാപനം ആരംഭിക്കുന്നത് സംബന്ധിച്ചുള്ള പ്രാഥമിക ചര്‍ച്ചകളില്‍ താന്‍ പങ്കെടുത്തിട്ടില്ല. പൂക്കോയ തങ്ങള്‍ ഉള്‍പ്പടെയുള്ളവരാണ് സ്ഥാപനം ആരംഭിച്ചത്. അവരാണ് തന്നെ സമീപിച്ചത്. ചെയര്‍മാന്‍ ആവാനില്ലെന്ന് ആവര്‍ത്തിച്ചതായിരുന്നു. അവരുടെ നിര്‍ബന്ധപ്രകാരമാണ് ചുമതല ഏറ്റെടുത്തതുപോലും. പക്ഷേ, സ്ഥാപനം ആരംഭിക്കാന്‍ മുന്‍കൈയെടുത്ത പലരും ഇപ്പോള്‍ രംഗത്ത് ഇല്ലെന്നും എം.എൽ.എ പറഞ്ഞു.

സ്ഥാപനം നഷ്ടത്തിലായപ്പോഴും ഡിവിഡന്‍റ് നല്‍കിക്കൊണ്ടിരുന്നത് പ്രതിസന്ധി രൂക്ഷമാക്കി. സ്ഥാപനം പൂട്ടാതിരിക്കാന്‍ ശ്രമം നടത്തിയെങ്കിലും അത് പരിഹരിച്ചില്ല. സ്ഥാപനത്തിനായി ഒരുഘട്ടത്തില്‍ പോലും താന്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആസ്തികള്‍ വില്‍പന നടത്തി പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നുണ്ട്. വിഷയം ശ്രദ്ധയില്‍പ്പെടുത്താന്‍ തങ്ങളെയും കുഞ്ഞാലിക്കുട്ടി എം.പിയെയും കാണുമെന്നും എം.എല്‍.എ എന്നത് തന്നെ ഭാരിച്ച ഉത്തരവാദിത്വമാണെന്നും അതിനാല്‍, മറ്റ് പദവികള്‍ ഒഴിവാക്കി തരണമെന്ന് പാര്‍ട്ടിയോട് നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.