കൊണ്ടോട്ടിയിലെ വീട്ടില്‍നിന്ന് എം.ഡി.എം.എ പിടികൂടിയ കേസ്: അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ കൂടി പിടിയിൽ

കൊണ്ടോട്ടിയിലെ വീട്ടില്‍നിന്ന് എം.ഡി.എം.എ പിടികൂടിയ കേസ്: അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ കൂടി പിടിയിൽ

കൊണ്ടോട്ടി: കൊണ്ടോട്ടി നെടിയിരുപ്പിലെ വീട്ടില്‍നിന്ന് ഒമാനില്‍ നിന്നെത്തിച്ച 1.665 കിലോ എം.ഡി.എം.എ പിടികൂടിയ കേസില്‍ അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ കൂടി കരിപ്പൂര്‍ പൊലീസിന്റെ പിടിയിലായി. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി കല്ലിങ്ങല്‍ മുഹമ്മദ് സനില്‍ (30), കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി കൊട്ടപറമ്പില്‍ വീട്ടില്‍ നാഫിദ് (27) എന്നിവരാണ് അറസ്റ്റിലായത്.

കേസിലെ പ്രധാന പ്രതി നെടിയിരുപ്പ് ചിറയില്‍ മുക്കൂട് മുള്ളന്‍മടക്കല്‍ ആഷിഖിനെ (27) മാര്‍ച്ച് 25ന് മട്ടാഞ്ചേരി സബ് ജയിലിലെത്തി അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. കേസിലുള്‍പ്പെട്ട വിദേശ പൗരനുള്‍പ്പെടെ സംഘത്തിലെ മറ്റുള്ളവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി കരിപ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ അബ്ബാസലി അറിയിച്ചു.

കൊച്ചിയിലെ വിവിധ ഭാഗങ്ങളിലേക്ക് ഒമാനില്‍നിന്ന് എം.ഡി.എം.എ എത്തിച്ചു നല്‍കിയതിന് മട്ടാഞ്ചേരി പൊലീസ്, മാര്‍ച്ച് ഏഴിന് ആഷിഖിനെ അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ച് 10ന് ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘവും കരിപ്പൂര്‍ പൊലീസും ചേര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വന്‍ എം.ഡി.എം.എ ശേഖരം കണ്ടെടുത്തു. ഒമാനില്‍നിന്ന് ചെന്നൈയിലേക്ക് എയര്‍ കാര്‍ഗോ വഴി കൊണ്ടുവന്ന് വീട്ടിലെത്തിച്ച പാര്‍സല്‍ പെട്ടിയില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് ശേഖരം. അടുത്ത കാലത്തായി സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ എം.ഡി.എം.എ വേട്ടകളില്‍ ഒന്നുകൂടിയായിരുന്നു ഇത്.

കഴിഞ്ഞയാഴ്ച ആഷിഖിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതിലാണ് ലഹരിക്കടത്ത് സംഘത്തില്‍ ഉള്‍പ്പെട്ട പ്രധാന കണ്ണികളെക്കുറിച്ച് വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ശനിയാഴ്ച ഗോവയില്‍നിന്ന് വരുന്ന വഴിയാണ് സിനിലിനെ പിടികൂടിയത്. നാഫിദിന്റെ പേരില്‍ വേങ്ങര സ്റ്റേഷനില്‍ ലഹരിക്കടത്തുമായി ബന്ധപ്പെട്ട കേസ് നിലവിലുണ്ട്. ജില്ല പൊലീസ് മേധാവി ആര്‍. വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡിവൈ.എസ്.പി പി.കെ. സന്തോഷ്, കരിപ്പൂര്‍ ഇൻസ്​പെക്ടര്‍ അബ്ബാസ് അലി എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് സംഘവും കരിപ്പൂര്‍ പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

mpg kdy 1 mdma 1.6 f up sanil: സനില്‍

mpg kdy 1 mdma 1.6 f up nafid: നാഫിദ്‌

Tags:    
News Summary - MDMA seized from Kondotty - Two more youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.