കൊച്ചി: ലക്ഷങ്ങൾ വിലവരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി കാക്കനാട് ചിറ്റേത്തുകരയിൽ രണ്ടുപേർ അറസ്റ്റിൽ. എറണാകുളം വെണ്ണല ചക്കരപറമ്പ് തയ്യോത്ത് വീട്ടിൽ ഷിഹാബ് (44), മലപ്പുറം കോട്ടക്കൽ വാളക്കുളം മാറ്റൻ വീട്ടിൽ ജുനൈദ് (22) എന്നിവരാണ് പിടിയിലായത്. ഡാൻസഫും തൃക്കാക്കര പൊലീസും ചേർന്ന് തൃക്കാക്കര, കാക്കനാട് ഭാഗങ്ങളിൽ ആഴ്ചകളായി നടത്തിയ രഹസ്യ പരിശോധനകൾക്കിടയിലാണ് ഇവർ പിടിയിലായത്. അഞ്ച് ലക്ഷം രൂപയോളം വിലവരുന്ന 45 ഗ്രാം ലഹരിമരുന്നാണ് ഇവരിൽനിന്ന് കണ്ടെടുത്തത്.
അയൽ സംസ്ഥാനങ്ങളിലെ ലഹരി മാഫിയ ബന്ധങ്ങൾ ഉപയോഗിച്ച് കൊച്ചിയിൽ മയക്കുമരുന്ന് എത്തിച്ച് വിദ്യാർഥികളെയും യുവാക്കളെയും വിൽപനക്കാരാക്കുന്നയാളാണ് ഷിഹാബെന്ന് പൊലീസ് പറഞ്ഞു. രണ്ടു കോടിയോളം രൂപ വിലവരുന്ന വീട്ടിൽ ഇയാൾ തനിച്ചാണ് ജീവിക്കുന്നത്. കൊച്ചിയിലെ ലഹരിമരുന്നിെൻറ വലിയ താവളമായിരുന്നു ഈ വീട്. മലപ്പുറത്ത് നാലുകിലോഗ്രാം കഞ്ചാവുമായി പിടികൂടിയതുൾെപ്പടെ നിരവധി കേസുകളിലെ പ്രതിയാണ് ജുനൈദ്.
ഡെപ്യൂട്ടി കമീഷണർ ഐശ്വര്യ ഡോംഗ്രേയുടെ നിർദേശ പ്രകാരം അസി. കമീഷണർ കെ.എ. അബ്ദുൽ സലാം, ഇൻസ്പെക്ടർ വിനോദ്, ഡാൻസാഫ് എസ്.ഐ ജോസഫ് സാജൻ, തൃക്കാക്കര എസ്.ഐമാരായ ജസ്റ്റിൻ, വിഷ്ണു, ഹരോൾഡ് ജോർജ്, സീനിയർ.സി.പി.ഒ.രഞ്ചിത്ത്. ഡാൻസാഫിലെ പൊലീസുകാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.