കോഴിക്കോട്: മീഡിയവണ്‍ മഹാ പഞ്ചായത്ത് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. അഞ്ച് മേഖലയില്‍ നിന്ന് 10 പഞ്ചായത്തുകള്‍ പുരസ്കാരം നേടി. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ സാന്നിധ്യത്തില്‍ തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തീനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്കാരം.
കൃഷി, ക്ഷീരവികസനം മേഖലയിൽ മയ്യിൽ (കണ്ണൂർ), നൂൽപ്പുഴ (വയനാട്) പഞ്ചായത്തുകൾ പുരസ്കാരം നേടി. ബേഡഡുക്ക (കാസർകോട്), പെരിഞ്ഞനം (തൃശൂർ) പഞ്ചായത്തുകളാണ് ആരോഗ്യം പാലിയേറ്റ് മേഖലയില്‍ പുരസ്കാരത്തിന് അര്‍ഹരായത്. വനിതകളുടെയും കുട്ടികളുടെയും ക്ഷേമം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് പോരൂരും (മലപ്പുറം), മാങ്ങാട്ടിടവും (കണ്ണൂർ) മികച്ച പഞ്ചായത്തുകളായത്. പേരാവൂര്‍ (കണ്ണൂർ), മേപ്പാടി (വയനാട്) പഞ്ചായത്തുകള്‍ വിദ്യാഭ്യാസം സാംസ്കാരികം മേഖലയിൽ ഒന്നാമതെത്തി. കുടിവെള്ള, ജലസംരക്ഷണം എന്നീ മേഖലയിലെ മികവിനുള്ള പുരസ്കാരം നേടിയത് പൂക്കോട്ടുകാവ് (പാലക്കാട്), നെടുമ്പന (കൊല്ലം) പഞ്ചായത്തുകളാണ്.
ഗാന്ധി സ്വപ്നം കണ്ട ഗ്രാമസ്വരാജിലേക്കാണ് കേരളത്തിലെ പഞ്ചായത്തുകളുടെ ജൈത്രയാത്രയെന്ന് ചടങ്ങിലെ വിശിഷ്ട സാന്നിധ്യമായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മീഡിയവണ്‍ എം.ഡി ഡോ. യാസീന്‍ അഷ്റഫ്, എഡിറ്റര്‍ രാജീവ് ദേവരാജ്, കൈരളി ജൂവലറി എം.ഡി നാദിര്‍ഷ എന്നിവര്‍ പുരസ്കാര പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു. വിശിഷ്ടാതിഥികള്‍ പങ്കെടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണ ചെയ്യും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വികസനപദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനുമുള്ള അധികാരം കൈമാറിക്കൊണ്ട് കേരളത്തിൽ ജനകീയാസൂത്രണം നടപ്പാക്കിയിട്ട് കാൽ നൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന അവസരത്തിലാണ് മഹാപഞ്ചായത്ത് പുരസ്കാരങ്ങൾ മീഡിയവൺ പ്രഖ്യാപിക്കുന്നത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുഴുകി നില്‍ക്കുന്ന വേളയിലും മഹാപഞ്ചായത്തിനോട് സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ലഭ്യമായ അപേക്ഷകളിൽ നിന്ന് ആദ്യ ഘട്ടത്തിൽ 107 പദ്ധതികളെയും ഫൈനൽ റൗണ്ടിൽ 51 പദ്ധതികളെയും ഷോർട് ലിസ്റ്റ് ചെയ്തിരുന്നു. മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് അധ്യക്ഷനും പ്ലാനിങ് ബോര്‍ഡ് മുന്‍ അംഗങ്ങളായ ജി. വിജയരാഘവന്‍, സി.പി. ജോണ്‍, സംസ്ഥാന ധനകമ്മീഷന്‍ ഉപദേശക മറിയാമ്മ സാനു ജോര്‍ജ്, വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡൻറ് യു. കലാനാഥന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. പൊതുജനങ്ങളുടെ വോട്ടിനു വെയ്റ്റേജ് നൽകിയിരുന്നു. പതിനായിരങ്ങൾ ഓൺലൈൻ വോട്ടിങ്ങിലൂടെ മഹാപഞ്ചായത്തിൻെറ ഭാഗമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.