കോഴിക്കോട്: മെഡിക്കൽ കോളജ് പരിസരത്ത് തെരുവുനായ് ശല്യം രൂക്ഷം. തിങ്കളാഴ്ച മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയ ഓട്ടോഡ്രൈവർക്ക് തെരുവുനായുടെ കടിയേറ്റു. രാത്രി 8.50ഓടെയാണ് സംഭവം. മെഡിക്കൽ കോളജ് മണക്കാട്ട് ശോഭീന്ദ്രനാണ് നായുടെ കടിയേറ്റത്. മെഡിക്കൽ കോളജ് സ്റ്റേഷൻ പരിസരത്തുനിന്ന് നേരത്തേയും നിരവധി പേർക്ക് ഈ നായിൽനിന്ന് കടിയേറ്റതായി റിപ്പോർട്ടുണ്ട്.
മെഡിക്കൽ കോളജ് പരിസരത്ത് രാത്രി സർവിസ് നടത്തുന്ന ഓട്ടോഡ്രൈവർമാർ പൊലീസ് സ്റ്റേഷനിൽ ഒപ്പുവെക്കണം. ഒപ്പിട്ടശേഷം, കസ്റ്റഡിയിലെടുത്തു കൊണ്ടുവന്ന വാഹനം മാറ്റിവെക്കാൻ പൊലീസിനെ സഹായിച്ച് മടങ്ങുമ്പോഴാണ് ശോഭീന്ദ്രന് നായിൽനിന്ന് കടിയേറ്റത്. ശോഭീന്ദ്രൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. സ്ഥിരമായി സ്റ്റേഷൻ പരിസരങ്ങളിൽ ഉണ്ടാകുന്ന നായ് പൊലീസുകാർക്കുനേരെ ഓടുന്നതും നിത്യസംഭവമാണ്. സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്കുനേരെ നായ് കുരച്ചുചാടുകയും ഓടിക്കുകയും ചെയ്യും. നായ് ഭീഷണി ഉയർത്തുന്ന കാര്യം കോർപറേഷൻ അധികൃതരെ അറിയിച്ചിരുന്നുവെന്നും എ.ബി.സി ടീം മൂന്നുതവണ വന്ന് സ്റ്റേഷൻ പരിസരത്ത് പരിശോധന നടത്തിയെങ്കിലും നായെ പിടികൂടാൻ കഴിഞ്ഞില്ലെന്നും പൊലീസ് അറിയിച്ചു. നായ് സ്ഥിരമായി ആളുകളെ ആക്രമിക്കുന്നത് കണ്ടാലും കല്ലെടുത്ത് എറിയാൻപോലും പറ്റാത്ത അവസ്ഥയാണെന്ന് ഓട്ടോഡ്രൈവർമാരും പറയുന്നു.
മെഡിക്കൽ കോളജ് പരിസരത്ത് തെരുവുനായ്ക്കൾ കൂട്ടംകൂട്ടമായി തമ്പടിക്കുന്നത് ചികിത്സക്കും കൂട്ടിരിപ്പുകാരായി എത്തുന്നവർക്കും ഭീഷണിയായിരിക്കുകയാണ്. പഴയ കാഷ്വാലിറ്റി പരിസരത്താണ് തെരുവുനായ് ശല്യം രൂക്ഷമായിരിക്കുന്നത്. ഇവിടെ മാലിന്യം കൂട്ടിയിടുന്നതും ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്നതും തെരുവുനായ്ക്കൾ തമ്പടിക്കാനിടയാക്കുന്നു. മാലിന്യം കൃത്യമായി സംസ്കരിക്കാത്തതാണ് തെരുവുനായ് ശല്യം രൂക്ഷമാകാൻ കാരണമെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.