പുതിയ നഴ്സിംഗ് കോളജുകളിൽ വേഗത്തിൽ ക്ലാസുകൾ ആരംഭിക്കണമെന്ന് മെഡിക്കൽ ഫ്രറ്റേൺസ്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ - സ്വാശ്രയ മേഖലയിൽ ഈ വർഷം പുതുതായി ആരംഭിച്ച നഴ്സിംഗ് കോളേജുകൾക്ക് ഐ.എൻ.സി അംഗീകാരം ഉറപ്പ് വരുത്താൻ സർക്കാർ സന്നദ്ധമാവണമെന്ന് മെഡിക്കൽ ഫ്രറ്റേൺസ് സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു. 13 നഴ്സിംഗ് കോളജുകളിലായി 820 ലധികം സീറ്റുകളിലേക്കാണ് ഈ വർഷം പുതുതായി അഡ്മിഷൻ വിളിച്ചത്. സീറ്റുകളിൽ ഏറെയും സർക്കാർ മേഖലയിൽ ആയത് കൊണ്ടുതന്നെ എല്ലാ സീറ്റുകളിലേക്കും അഡ്മിഷൻ പൂർത്തിയാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ കോഴ്സുകൾക്ക് ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരം ഇതുവരെയും ലഭിച്ചിട്ടില്ല.

ഐ.എൻ.സി അംഗീകാരം ലഭിക്കാതെ പഠനം നടത്തിയാൽ സംസ്ഥാനത്തിന് പുറത്തുള്ള ജോലി സാധ്യതകളെ വലിയ രീതിയിൽ ബാധിക്കും. വിദ്യാഭ്യാസ വായ്പ അടക്കം ലഭിക്കാതെ വരുന്ന സാഹചര്യവും വിദ്യാർത്ഥികൾക്ക് മുന്നിലുണ്ട്. ഐ.എൻ.സി അംഗീകാരം ലഭിക്കാത്തത് കാരണം സെപ്റ്റംബർ മാസത്തിൽ ആരംഭിക്കേണ്ട ഫസ്റ്റ് ഇയർ നഴ്സിംഗ് ക്ലാസുകൾ ഇതുവരെ സംസ്ഥാനത്തു ആരംഭിച്ചിട്ടില്ല. ക്ലാസുകൾ വൈകി തുടങ്ങിയാൽ പെട്ടെന്ന് തന്നെ പരീക്ഷയിലേക്ക് പോകുന്ന സാഹചര്യവും വിദ്യാർത്ഥികളെ ആശങ്കപ്പെടുത്തുന്നതാണ്. പുതുതായി ആരംഭിച്ച കോഴ്സുകൾക്ക് എത്രയും വേഗത്തിൽ അംഗീകാരം ലഭിക്കാനുള്ള നടപടികൾ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. കൺവീനർ പി.എ ഫസീല അധ്യക്ഷത വഹിച്ചു.

Tags:    
News Summary - Medical fraternities want classes to start soon in new nursing colleges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.