കൊല്ലം: സർക്കാറിന്റെ നേതൃത്വത്തിൽ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്രിതര്‍ക്കും ഏർപ്പെടുത്തിയിരിക്കുന്ന മെഡിസെപ് ഇൻഷുറൻസ് പദ്ധതിയുടെ സേവനം പല പ്രമുഖ ആശുപത്രികളിലും ഗുണഭോക്താക്കൾക്ക് ലഭിക്കുന്നില്ലെന്ന് പരാതി.
പദ്ധതി പ്രകാരം എല്ലാവർഷവും മൂന്ന് ലക്ഷം രൂപവരെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുമെന്നാണ് വാഗ്ദാനം. ഗുരുതരമായ രോഗങ്ങളുടെ കാര്യത്തിൽ ഉയർന്ന തുക അനുവദിക്കും.
ആദ്യവർഷത്തിൽ ക്ലെയിം ചെയ്യാത്ത തുകയിൽനിന്ന് 1.5 ലക്ഷം രൂപ വരെ അടുത്ത വർഷത്തേക്ക് നീക്കിവെക്കാം എന്നൊക്കെ വാഗ്ദാനം നൽകിയായിരുന്നു പദ്ധതി നടപ്പാക്കിയത്.
സംസ്ഥാനത്തെ 99 സ്വകാര്യ ആശുപത്രികളിൽ ചികിത്സസൗകര്യം ഉറപ്പുപറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ രോഗിയുമായി ചെല്ലുന്ന ജീവനക്കാരോടും പെൻഷൻകാരോടും പല പ്രമുഖ ആശുപത്രികളും ‘മെഡിസെപ് ഇൻഷുറൻസ് ഇവിടെ സ്വീകരിക്കുന്നില്ല’ എന്നുപറഞ്ഞ് മടക്കി അയക്കുന്നതായാണ് പരാതി.
തങ്ങളിൽനിന്നും തുക പിടിച്ചെടുക്കുന്നെങ്കിലും ആശുപത്രികൾക്ക് പണം നൽകാത്തതിനാലാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്തതെന്നാണ് ജീവനക്കാരും പെൻഷൻകാരും പറയുന്നത്. ഇവരുടെ പക്കൽനിന്ന് പ്രതിമാസം 500രൂപ വീതമാണ് പദ്ധതിക്കുവേണ്ടി ഈടാക്കുന്നത്.
ഒരു വർഷം ഒരാളിൽനിന്ന് 6000 രൂപയാണ് സർക്കാർ ഖജനാവിലേക്ക് എത്തുന്നത്. ഈ തുക വകമാറ്റി ചെലവഴിക്കുന്നതുകൊണ്ടാണ് പരിരക്ഷ ലഭിക്കാത്തതെന്നാണ് ഗുണഭോക്താക്കൾ ആരോപിക്കുന്നത്. പല സ്വകാര്യ ഇൻഷുറൻസ് കമ്പനികളും നല്ല സേവനം ഈ രംഗത്ത് ഇടപാടുകാർക്ക് നൽകുമ്പോൾ, സർക്കാർ ഉറപ്പിലെത്തിയ ‘മെഡിസെപ്’ പദ്ധതിയുടെ വിശ്വാസ്യത പൂർണമായും നഷ്ടപ്പെട്ടു എന്ന ആക്ഷേപമാണ് ഉയരുന്നത്.
മെഡിസെപ് സേവനം ലഭ്യമാകുന്ന സ്ഥാപനങ്ങളുടെ പട്ടിക സർക്കാർ പ്രസിദ്ധീകരിച്ച് പദ്ധതിയുടെ ഗുണം എല്ലാവർക്കും ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന ആവശ്യമാണുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.