തൃശൂര്‍: മര്‍ച്ചൻറ് നേവിയില്‍ ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ തമിഴ്നാട് സ്വദേശികള്‍ അറസ്റ്റിലായി. തിരുനെല്‍വേലി സ്വദേശികളായ മുന്‍ മര്‍ച്ചൻറ് നേവി ക്യാപ്റ്റന്‍ അലന് കൃപാകരന്‍ (38), സഹോദരന് അലക്സാണ്ടര്‍ (43), നിയമ ബിരുദധാരിയായ രാജഗോപാല്‍ (53) എന്നിവരാണ് പിടിയിലായത്.
തൃശൂര്‍ സ്വദേശിക്ക് മര്‍ച്ചൻറ് നേവിയില്‍ ജോലി വാഗ്ദാനം ചെയ്ത് ബാങ്ക് അക്കൗണ്ടില്‍നിന്ന് 30,000 രൂപയാണ് മൂവരും ചേര്‍ന്ന് തട്ടിയത്. ഓണ്‍ലൈന്‍ ജോബ് സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാർഥികളുടെ ഫോണ്‍ നമ്പറും മറ്റു വിവരങ്ങളും ശേഖരിച്ച ശേഷം അവരെ വിളിച്ച് മര്‍ച്ചൻറ് നേവിയില്‍ ഉയര്‍ന്ന തസ്തികയില്‍ ജോലി വാഗ്ദാനം ചെയ്യുകയാണ് ഇവരുടെ രീതി.
രേഖകളും സര്‍ട്ടിഫിക്കറ്റുകളും ഇ-മെയില്‍ വഴി വാങ്ങും. കാലാവധി കഴിഞ്ഞ സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിന് പണം ആവശ്യപ്പെടും. ഫോണിലൂടെയാണ് ജോലിക്കുള്ള ഇൻറര്‍വ്യൂ. രാജ്യത്തുടനീളം ഇത്തരത്തില്‍ തട്ടിപ്പ് നടത്തി ഇവര്‍ ലക്ഷക്കണക്കിന് രൂപ തട്ടിയതായാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭ്യമായ വിവരം. തട്ടിപ്പിന് ഇരയായ വ്യക്തി തൃശൂര്‍ സൈബര്‍ ക്രൈം വിഭാഗത്തിന് നല്കിയ പരാതിയിലാണ് അറസ്റ്റ്.
സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ബ്രിജുകുമാറിെൻറ നേതൃത്വത്തില്‍ നടന്ന അന്വേഷണസംഘത്തില്‍ എസ്.ഐ സുനില്‍കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിനോദ് ശങ്കര്‍, ശ്രീരാഗ്, കിരണ്‍ലാല്‍ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.