പിടിയിലായ എൽസി

എംജി സർവകലാശാല കൈക്കൂലി: പിരിച്ചുവിട്ട എൽസിയുടേത് ഞെട്ടിക്കുന്ന തട്ടിപ്പ്; തോൽക്കാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് വിദ്യാർഥിയിൽനിന്ന് വാങ്ങിയത് 1.25 ലക്ഷം

കോട്ടയം: കോഴ്സ് സർട്ടിഫിക്കറ്റ് വേഗത്തിൽ ലഭിക്കാൻ വിദ്യാർഥികളിൽനിന്ന് കൈക്കൂലി വാങ്ങിയതിന് ജോലിയിൽനിന്ന് പിരിച്ചുവിട്ട എംജി സർവകലാശാല പരീക്ഷാഭവനിലെ അസിസ്റ്റന്റ് സി.ജെ.എൽസി നടത്തിയത് ഞെട്ടിക്കുന്ന തട്ടിപ്പുകൾ. എംബിഎ കോഴ്സിൽ വിജയിച്ച വിദ്യാർഥിനിയോട് വിജയ കാര്യം മറച്ചുവെച്ച്, തോൽക്കാൻ സാധ്യതയുണ്ടെന്നും പണം തന്നാൽ മാർക്കിൽ തിരമറി നടത്തി ജയിപ്പിക്കാമെന്നും പറഞ്ഞാണ് കൈക്കൂലി വാങ്ങിയത്. സർവകലാശാല നടത്തിയ അന്വേഷണത്തിൽ രണ്ട് എം.ബി.എ വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റ് എൽസി തിരുത്തിയതായും കണ്ടെത്തിയിരുന്നു.

വിജിലൻസ്, എംജിയിലെ നാലംഗ സിൻഡിക്കറ്റ് കമ്മിഷൻ, റജിസ്ട്രാർ, അസിസ്റ്റന്റ് റജിസ്ട്രാർ എന്നിവരാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്. സിൻഡിക്കറ്റ് കമ്മിഷൻ റിപ്പോർട്ട് വൈസ് ചാൻസലർക്കു നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ജീവനക്കാരിയെ പിരിച്ചുവിടാൻ തീരുമാനമായത്. വിജിലൻസ് റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കും.

ഏറ്റുമാനൂരിലെ കോളജിൽ നിന്ന് എം.ബി.എ കോഴ്സിൽ വിജയിച്ച തിരുവല്ല സ്വദേശിനിയായ വിദ്യാർഥിനിയോടാണ് തോൽക്കാൻ സാധ്യതയുണ്ടെന്നും ജയിപ്പിക്കാമെന്നും പറഞ്ഞു കബളിപ്പിച്ച് കൈക്കൂലി വാങ്ങിയത്. എം.ബി.എ പ്രൊവിഷനൽ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും വേഗം കൈമാറുന്നതിന് ഒരു വിദ്യാർഥിനിയുടെ കയ്യിൽ നിന്നു പലതവണയായി എൽസി 1.25 ലക്ഷം രൂപ കൈക്കൂലി വാങ്ങി. 15,000 രൂപ വാങ്ങുന്നതിനിടെ 2022 ജനുവരി 29നാണ് ഇവരെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.

വിദ്യാർഥിനി സ്വർണം പണയംവച്ചാണ് കൈക്കൂലി നൽകിയത്. തുടർന്ന് എൽസി മാർക്ക് ലിസ്റ്റ് വേഗം നൽകി. പ്രൊവിഷനൽ സർട്ടിഫിക്കറ്റിന് 30,000 രൂപ കൂടി ആവശ്യപ്പെട്ടു. എന്നാൽ, ഇതിനിടെ വിദ്യാർഥിനി സർവകലാശാലയിൽ അന്വേഷിച്ചപ്പോൾ പരീക്ഷയിൽ നേരത്തേതന്നെ ജയിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്നാണു വിജിലൻസിനു പരാതി നൽകിയത്.

തിരുവല്ല സ്വദേശിനിക്ക് പുറമേ, 4 എം.ബി.എ വിദ്യാർഥികളിൽ നിന്നായി ഇവർ ഒന്നരലക്ഷം രൂപ വാങ്ങിയെന്നാണു വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട്. അതേസമയം, ഇതേ സംഭവവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ എംബിഎ വിഭാഗം സെക്‌ഷൻ ഓഫിസർ ഐ.സാജനെ തിരിച്ചെടുക്കാൻ സർവകലാശാല തീരുമാനിച്ചു. 

Tags:    
News Summary - MG University Pareeksha bhavan bribery case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.