മൈക്രോ ബിസിനസ്: തിരുവനന്തപുരം നഗരസഭയിൽ നടന്നത് 5.19 കോടിയുടെ കൊള്ളയെന്ന് സി.എ.ജി

തിരുവനന്തപുരം: മൈക്രോ ബിസിനസ് പദ്ധതിയിൽ തിരുവനന്തപുരം നഗരസഭയിൽ നടന്നത് 5.19 കോടിയുടെ തട്ടിപ്പെന്ന് സി.എ.ജി റിപ്പോർട്ട്. വായ്പാ പദ്ധതിയുടെ യഥാർഥ ഗുണഭോക്താക്കളെ ഉറപ്പാക്കുന്നതിലും നടത്തിപ്പ് രീതിയുടെ മേൽനോട്ടം വഹിക്കുന്നതിലും നഗരസഭ പരാജയപ്പെട്ടുവെന്നാണ് നിയമസഭയിൽ വെച്ച റിപ്പോർട്ടിൽ സി.എജി ചൂണ്ടിക്കാണിച്ചത്. വായ്പയൊന്നും എടുക്കാത്ത വ്യക്തികൾക്ക് സബ്‌സിഡി തുക അനുവദിച്ചതുവഴി 5.19 കോടി രൂപയുടെ അപഹരണം നടന്നുവെന്നാണ് പരിശോധനയിലെ കണ്ടെത്തൽ.

തദ്ദേശ വകുപ്പ് പുറപ്പെടുവിച്ച (2018 ഫെബ്രുവരി) സബ്സിഡി മാർഗനിർദേശങ്ങളനുസരിച്ച് അഞ്ച് വനിതാ അംഗങ്ങൾ ഉൾപ്പെടുന്ന ജോയിൻറ് ലയബിലിറ്റി ഗ്രൂപ്പുകൾക്ക് (ജെ.എൽ.ജി) ബാങ്കുകളിൽ നിന്ന് വായ്പ

ചെറു ബിസിനസ് സംരംഭങ്ങൾ ആരംഭിക്കുന്നതിനായിരുന്നു പദ്ധതി. സ്ത്രീകൾക്ക് സ്വയം തൊഴിൽ നൽകുന്നതിനായി രണ്ട് പദ്ധതികൾ വീതം 2020-21-ലും 2021-22-ലും ഉൾപ്പെടുത്തി. നഗരസഭയുടെ വികസനഫണ്ടിൽ നിന്ന് ഓരോ ജെ.എൽ.ജി ക്കും അനുവദിക്കാവുന്ന പരമാവധി തുക മൂന്ന് ലക്ഷം ആയിരുന്നു. ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ (ഐ.ഇ.ഒ) ആയിരുന്നു പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥൻ. 2020-2022 കാലയളവിൽ രണ്ട് ഐ.ഇമാർ നിർണ ഉദ്യോഗസ്ഥന്മാരായി ചുമതലവഹിച്ചു.

2020-21 ൽ 119 ജനറൽ ഗ്രൂപ്പുകൾക്കം 33 പട്ടികജാതി (എസ്‌.സി) ഗ്രൂപ്പുകൾക്കും 2000-22-ൽ 38 ജനറൽ ഗ്രൂപ്പുകൾക്കും 25 എസ്‌.സി ഗ്രൂപ്പുകൾക്കുമാണ് പദ്ധതി തുക അനുവദിച്ചത്. 2020-21 ൽ 4.56 കോടിയും 2021-22 ൽ 1.89 കോടിയും സബ്‌സിഡിയായി അനുവദിച്ചു. വാർഡ് കമ്മിറ്റികൾ തയാറാക്കി കോർപ്പറേഷൻ കൗൺസിൽ അംഗീകരിച്ച ജെ.എൽ.ജികളുടെ പട്ടികയും നൽകി.

വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ, തിരുവനന്തപുരത്തെ ജില്ലാ ട്രഷറിയിൽ നിന്ന് എസ്‌.സി.ബികളുടെ അക്കൗണ്ടുകൾ വഴി സബ്‌സിഡി തുക 205 ജെ.എൽ.ജികളുടെ എസ്‌.ബി അക്കൗണ്ടുകളിലേക്ക് കൈമാറാൻ വഴിയൊരുക്കി. ബാങ്കുകളിൽ നിന്ന് വായ്പയൊന്നും എടുക്കാതെ ജെ.എൽ.ജികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സബ്‌സിഡി തുക വന്നു ചേർന്നു. ഐ.ഇ.ഒകൾ സബ്‌സിഡി തുക ബാക്ക് എൻഡഡ് സബ്‌സിഡിയായി ബാങ്കുകളിലേക്ക് നൽകുന്നതിന് പകരം ജെ.എൽ.ജികളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് ക്രമവിരുദ്ധമായി കൈമാറ്റം ചെയ്തവെന്ന് പരിശോധനയിൽ കണ്ടെത്തി.

ജെ.എൽ.ജികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്ത 5.34 കോടി, തയൽ മെഷീനുകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്ന അശ്വതി സപ്ലയേഴ്സിന്റെ ഏക ഉടമസ്ഥന്റെ പേരിലുള്ള മൂന്ന് വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലാണ് എത്തിയത്. നഗരസഭ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ, ബാങ്കുകളിൽ അക്കൗണ്ട് തുടങ്ങിയ ജെ.എൽ.ജികളിലെ അംഗങ്ങളുമായി ഓഡിറ്റ് നടത്തിയ സംയുക്ത യോഗങ്ങൾ/ടെലിഫോണിലൂടെയുള്ള ഇൻറർവ്യൂകൾ എന്നിവയിലൂടെ ജെ.എൽ.ജിയിലെ അംഗങ്ങൾ പരസ്പരം അറിയുന്നവർ പോലും അല്ലെന്നും അവർ ഒരു സംയുക്ത മൈക്രോ ബിസിനസ് സംരംഭത്തിന്റെയും ഭാഗമായിട്ടില്ലെന്നും വെളിപ്പെട്ടു.

വായ്പകളൊന്നും സ്വീകരിക്കാത്ത/മൈക്രോ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാതിരുന്ന വ്യക്തികൾ, വായ്പാബന്ധിത പദ്ധതിയുടെ സബ്‌സിഡി തുക തട്ടിയെടുത്തു. ഇങ്ങനെ 2020-2022 കാലയളവിൽ അപഹരിച്ചത് 5.79 കോടി രൂപയാണ്. രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 33 ലക്ഷം ബ്ലോക്ക് ചെയ്തു. ഏൽപ്പിച്ച ചുമതലകൾ നിർവഹിക്കുന്നതിലുള്ള ബോധപൂർവമായ വീഴ്ച‌ക്ക് അന്നുണ്ടായിരുന്ന ഐ.ഇ.ഒകളുടെ മേൽ ഉത്തരവാദിത്തം ചുമത്തണെന്നും തട്ടിയെടുത്ത് തുക ഉദ്യോസ്ഥരിൽനിന്ന് തിരിച്ചുപിടിക്കണമെന്നാണ് റിപ്പോർട്ട്.

പണാപഹരണത്തിന്റെ വിശദാംശങ്ങൾ ഓഡിറ്റ് അറിയിച്ചപ്പോൾ, രണ്ട് ഐ.ഇ.ഒകളിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ടെന്നും, അവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുന്നതിനുവേണ്ടി വ്യവസായ ഡയറക്ടർക്ക് പ്രശ്നം റിപ്പോർട്ട് ചെയ്തു. ഈ വിഷയം സർക്കാരിനെ അറിയിച്ചിട്ട് പ്രതികരണമൊന്നും ലഭിച്ചിട്ടില്ല

പദ്ധതികൾ നടപ്പിലാക്കുന്നതിനായി നിർവഹണ ഉദ്യോഗസ്ഥർക്ക് അനുവദിക്കുന്ന ഫണ്ടുകൾ വിഭാവനം ചെയ്ത പ്രകാരം അർഹരായ ഗുണഭോക്താക്കളിൽ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ അതീവ ശ്രദ്ധയും ജാഗ്രതയും പുലർത്തണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. പൊതു പണം അപഹരിക്കുന്നതു തടയാൻ ജാഗ്രതയോടുകൂടിയ ഫലപ്രദമായ നിരീക്ഷണം അനിവാര്യമാണ്. നഗസഭക്ക് ഉണ്ടായ ധനനഷ്ടത്തിൻറെ യഥാർഥ വ്യാപ്തി കണ്ടെത്തുന്നതിനും പൊതു പണം ഊറ്റിയെടുക്കുന്ന തട്ടിപ്പുകാർക്ക് എതിരായി കർശന നടപടി സ്വീകരിക്കുന്നതിനും അനുയോജ്യമായ ഏജൻസികളെക്കൊണ്ട് ഈ വിഷയം അന്വേഷിക്കണമെന്നാണ് നിർദേശം.

Tags:    
News Summary - Micro Business: CAG said that 5.19 crores of robbery took place in Thiruvananthapuram Municipal Corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.