അമ്പലപ്പുഴ: നെല്ല് സംഭരണത്തിന്റെ മറവിൽ നെൽ കർഷകരെ ഇടനിലക്കാർ കൊടിയ ചൂഷണത്തിന് ഇരയാക്കുന്നതായി കർഷകർ. പാഡി ഓഫിസർമാരും ഇവർക്ക് കൂട്ടുനിൽക്കുന്നതായി അവർ പറയുന്നു. സംഭരണ സമയത്ത് നെല്ലിന് കൂടുതൽ തൂക്കക്കിഴിവ് ആവശ്യപ്പെട്ടാണ് കബളിപ്പിക്കൽ. ഉണങ്ങിയ നല്ല നെല്ലിനുപോലും കൂടുതൽ കിഴിവ് ആവശ്യപ്പെടുമെന്ന് കർഷകർ പറയുന്നു. തുടക്കത്തിൽ രണ്ടും മൂന്നും കിലോ കിഴിവ് അംഗീകരിക്കുന്ന ഇടനിലക്കാർ നെല്ലെടുക്കാൻ എത്തുമ്പോൾ അഞ്ചു മുതൽ എട്ടു വരെ കിലോ കിഴിവാണ് ആവശ്യപ്പെടുന്നത്. നെല്ലിന്റെ ഈര്‍പ്പം, പതിര് തുടങ്ങിയ വാദങ്ങള്‍ ഉന്നയിച്ചാണ് തൂക്കത്തില്‍ കുറവ് വരുത്തുന്നത്.
ഈര്‍പ്പത്തിന്റെ അളവ് 17 പോയന്റ് വരെയാണെങ്കില്‍ കിഴിവ് നൽകേണ്ടെന്നാണ് സർക്കാർ നിർദേശം. എന്നാൽ, ഇതും ലംഘിച്ചാണ് നെല്ല് സംഭരിക്കുന്നത്. 17ൽ കൂടുതൽ ഈർപ്പമുള്ള നെല്ലിന് ഓരോ ക്വിന്റലിനും ഓരോ കിലോ കിഴിവ് കൂടുതൽ നൽകണം. എന്നാൽ, പതിരുമാറ്റ് എന്ന പുതിയ വാദം ഉന്നയിച്ച് ക്വിന്റലിന് ആറ് കിലോ കിഴിവ് ഇടനിലക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിന്റെ പേരില്‍ പുന്നപ്ര തെക്ക് വെട്ടിക്കരിയിലെ നെല്ലെടുപ്പ് തടസ്സപ്പെട്ടിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഒത്തുതീര്‍പ്പായത്. സംഭരണ സീസൺ ഇടനിലക്കാരുടെയും പാഡി ഓഫിസർമാരുടെയും ചാകരക്കാലമായാണ് അറിയപ്പെടുന്നത്. സർക്കാറും കൃഷി, സിവിൽ സപ്ലൈസ് വകുപ്പുകളും സംഭരണത്തിന് നിർദേശിച്ചിരിക്കുന്ന എല്ലാ മാനദണ്ഡങ്ങളും ഇവർ കാറ്റിൽപറത്തുന്നതായും ലക്ഷങ്ങൾ ചെലവഴിച്ച് വിളവെടുക്കുന്ന നെല്ല് ഇടനിലക്കാർ കൊണ്ടുപോകുന്ന അവസ്ഥയാണെന്നും കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.