ഡെപ്യൂട്ടേഷനിൽ ബന്ധു പറ്റില്ലെന്ന് എവിടെയും പറയുന്നില്ല; ജലീലിനെ പിന്തുണച്ച് മന്ത്രി ബാലൻ

പാലക്കാട്: ഏതെങ്കിലുമൊരു കീഴ്കോടതിയിൽ നിന്ന് പ്രതികൂല വിധിയുണ്ടായാൽ അപ്പോൾ തന്നെ രാജിവെക്കുന്ന കീഴ്വഴക്കമില്ലെന്ന് മന്ത്രി എ.കെ. ബാലൻ. ബന്ധു നിയമനത്തിൽ മന്ത്രി കെ.ടി. ജലീലിനെതിരായ ലോകായുക്ത വിധിയുമായി ബന്ധപ്പെട്ട് ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജലീലിന്‍റെ ബന്ധു അദീബിനെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമിച്ചത്. ബന്ധു നിയമപരമായി അർഹനാണോ എന്നുള്ളതേ പരിശോധിക്കേണ്ടതുള്ളൂ. ഡെപ്യൂട്ടേഷനിൽ ബന്ധു പറ്റില്ലെന്ന് നിയമത്തിൽ എവിടെയും പറയുന്നില്ലെന്നും മന്ത്രി ബാലൻ പറഞ്ഞു.


കെ.എം. മാണി ഉൾപ്പെടെ നിരവധി പേർ ഡെപ്യൂട്ടേഷനിൽ അർഹരായ ബന്ധുക്കളെ നിയമിച്ചിട്ടുണ്ട്. അദീബ് യോഗ്യനാണോയെന്നത് സംബന്ധിച്ച് ഗവർണറെയും ഹൈകോടതിയെയും ജലീൽ നേരത്തെ തന്നെ ബോധ്യപ്പെടുത്തിയതാണ്. ലോകായുക്തയുടെ വിധിയുമായി ബന്ധപ്പെട്ട് ആവശ്യമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ജലീൽ തന്നെ വ്യക്തമാക്കിയതാണ്. കോടതി വിധി വന്നയുടൻ രാജിവെക്കുന്ന സ്ഥിതി എവിടെയുമുണ്ടായിട്ടില്ല.



ജലീൽ നിയമിച്ച ബന്ധു അദീബ് ശമ്പളം വാങ്ങിയിട്ടില്ല. ആകെ 17 ദിവസമോ മറ്റോ മാത്രമേ സർവിസിൽ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ തന്നെ ധാർമികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒഴിഞ്ഞു. സർക്കാറിന്‍റെ പണം അദ്ദേഹം വാങ്ങിയിട്ടില്ല.

സർക്കാർ തലത്തിൽ ഇക്കാര്യത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കും. മൂന്ന് മാസത്തിനുള്ളിൽ മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ തീരുമാനമെടുത്താൽ മതിയെന്നും മന്ത്രി ബാലൻ പറഞ്ഞു. 

Tags:    
News Summary - minister ak balan extends support to ak balan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.