‘ആർഎസ്എസ്’ മനസ്സില്ലാത്ത കോൺഗ്രസുകാർ വായിക്കാൻ, തുറന്ന കത്തുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കോഴിക്കോട്: ‘ആർഎസ്എസ്’ മനസ്സില്ലാത്ത കോൺഗ്രസുകാർ വായിക്കാൻ, തുറന്ന കത്തുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കോൺഗ്രസ്സ് നേതാവ് കിരൺ കുമാർ റെഡ്ഢി കഴിഞ്ഞ ദിവസം കോൺഗ്രസ്സിൽ നിന്നും രാജിവെച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ കത്ത്. ഫേസ് ബുക്കിലാണ് മതേതര കോൺഗ്രസുകാ​രുടെ ശ്രദ്ധക്ഷണിച്ചുകൊണ്ടുള്ള കുറിപ്പുള്ളത്.

കത്ത് പൂർണരൂപത്തിൽ:

‘ആർഎസ്എസ്’ മനസ്സില്ലാത്ത മതനിരപേക്ഷകോൺഗ്രസുകാർ വായിക്കാൻ, സ്നേഹത്തോടെ..-പി.എ മുഹമ്മദ് റിയാസ്

അവിഭക്ത ആന്ധ്രാപ്രദേശിലെ അവസാന മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന കിരൺ കുമാർ റെഡ്ഢി കഴിഞ്ഞ ദിവസം കോൺഗ്രസ്സിൽ നിന്നും രാജിവെച്ചിരിക്കുകയാണ്. അണ്ടർ-22 സംസ്‌ഥാന ക്രിക്കറ്റ് ടീമിനെ നയിച്ച വിക്കറ്റ് കീപ്പർ കൂടിയായ കിരൺ റെഡ്ഢി ബിജെപിയിലേക്ക് ചേക്കേറുമെന്നാണ് മാധ്യമ വാർത്തകൾ.

കേരളത്തിലെ സിപിഐഎമ്മിനെയും ഇടതുപക്ഷ സർക്കാരിനെയും ആക്രമിക്കാൻ ആവോളം സമയം കണ്ടെത്തുന്ന എഐസിസി സംഘടനാ ജനറൽ സെക്രട്ടറിയും അദ്ദേഹത്തിന്റെ ഫാൻസ്‌ അസോസിയേഷനും അതിന്റെ നൂറിലൊരംശമെങ്കിലും ആത്മാർത്ഥത ഈ മുൻ കോൺഗ്രസ്സ് മുഖ്യമന്ത്രി ബിജെപിയിൽ പോകാതെനോക്കാൻ കാണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

എസ്എം കൃഷ്ണ (കർണാടക), ദിഗംബർ കാമത്ത് (ഗോവ), വിജയ് ബഹുഗുണ(ഉത്തരാഖണ്ഡ്), എൻഡി തിവാരി (ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്), പ്രേമഖണ്ഡു (അരുണാചൽ പ്രദേശ് ), ബിരേൻ സിംഗ് ( മണിപ്പൂർ), ക്യാപ്റ്റൻ അമരീന്ദർ സിംഗ് (പഞ്ചാബ്) എന്നീ മുൻ കോൺഗ്രസ് മുഖ്യമന്ത്രിമാർ രായ്ക്കുരാമാനം ബിജെപിയിലേക്ക് പോയകാര്യം മറന്നിട്ടുപറയുന്നതല്ല ഇക്കാര്യം. ബിജെപി വിരുദ്ധ ചേരി ദുർബലമാവരുത് എന്നതിനാൽ പറയേണ്ടിവരുന്നതാണ്. ഗുജറാത്തിൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ബിജെപി അധികാരത്തിൽ വന്നപ്പോൾ ദുഃഖിച്ചവരാണ് ഞങ്ങൾ.എന്നാൽ 2018 ൽ ത്രിപുരയിൽ ഇടതുപക്ഷത്തിന് അധികാരം നഷ്ടപ്പെട്ട്‌ ബിജെപിയാണ് അധികാരത്തിൽ വന്നതെന്നറിഞ്ഞിട്ടും ഞങ്ങളുടെ തോൽ‌വിയിൽ സന്തോഷം കൊണ്ട് തുള്ളി ചാടിയിടത്ത് എത്തി കേരളത്തിലെ പല കോൺഗ്രെസ്സുകാരുടെയും രാഷ്ട്രീയ നിലപാട് .

മഞ്ചേശ്വരത്തും പാലക്കാട്ടും ബിജെപി പരാജയപ്പെട്ടപ്പോൾ ആശ്വാസം കൊണ്ടവരാണ് ഇടതുപക്ഷം. എന്നാൽ നേമത്ത് ഞങ്ങൾ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചപ്പോൾ തുള്ളിച്ചാടാൻ നിങ്ങളിൽ സന്തോഷം കണ്ടില്ല. ഇതാണ് നിങ്ങളും ഞങ്ങളും തമ്മിലുള്ള രാഷ്ട്രീയ നിലപാടുകളിലെ വ്യത്യാസം. കിരൺ കുമാർ റെഡ്ഢിയുടെ ബിജെപി പ്രവേശനം തടയാനും,പറ്റുമെങ്കിൽ മതനിരപേക്ഷ ചേരിയിൽ ഉറച്ചുനിർത്താനുമുള്ള എന്തെങ്കിലും ഇടപെടൽ കോൺഗ്രസ്സ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Tags:    
News Summary - Minister Mohammad Riaz with an open letter to the secular Congressmen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.