പൊന്നാനി: ഖലീഫ ഉമ്മർ ഒരു കാലത്ത് നടപ്പിലാക്കിയ ഭരണ രീതികളുമായി സമ്യമുള്ള പരിപാടിയാണ് പിണറായി വിജയൻ സർക്കാറിെൻറ നവകേരള സദസെന്ന അഭിപ്രായം കേരള സർക്കാറിനുള്ള സന്തോഷകരമായ അംഗീകാരമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. പൊന്നാനി ഹാർബർ മൈതാനത്ത് നടന്ന നവ കേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രഭാത സദസ് പരിപാടിയിൽ പങ്കെടുത്ത ഒരു വ്യക്തിയാണ് ഖലീഫ ഉമറിന്റെ ഭരണവുമായി ഈ സർക്കാറിനെ താരതമ്യപ്പെടുത്തിയതെന്ന് മന്ത്രി പറഞ്ഞു.
നവകേരള പരിപാടിയിൽ ലഭിക്കുന്ന നിർദേശങ്ങളും പരാതികളും വളരെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ജനാധിപത്യത്തിൽ ഏറ്റവും വലിയ കാര്യം ജനങ്ങളുടെ ഇച്ഛയെ കണക്കിലെടുക്കുക എന്നതാണ്. രാജ്യത്തെ ദരിദ്രരെ മതിൽ കെട്ടിയും ബോർഡ് വെച്ചും മറച്ച് വികസനം ഉണ്ടെന്ന് വരുത്തി തീർക്കുകയാണ് ബി.ജെ.പി സർക്കാർ. എന്നാൽ കേരളം സ്വീകരിക്കുന്നത് ആ വഴിയല്ല.
ഇന്ത്യയിൽ ഏറ്റവും കുറവ് ദരിദ്രരുള്ളത് കേരളത്തിലാണ്. എന്നാൽ അത് കൊട്ടിഘോഷിച്ച് പറയാതെ നിലവിലുള്ള ദരിദ്ര വിഭാഗത്തെ ഉയർത്തി കൊണ്ടുവരാനാണ് ഇടതുപക്ഷ സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നവകേരള സദസു പോലുള്ള മാതൃകപരമായ പരിപാടികൾ ബഹിഷ്ക്കരിക്കുന്നത് ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.