കണ്ണൂർ: മന്ത്രിസഭ പുനസംഘടനയുടെ ഭാഗമായി കണ്ണൂരിന്റെ സ്വന്തം എം.എൽ.എയായ രാമചന്ദ്രൻ കടന്നപ്പള്ളി മന്ത്രിപദത്തിലെത്തുകയാണ്. നിരവധി വർഷത്തെ അനുഭവസമ്പത്തും നിലപാടുകളുമാണ് കടന്നപ്പള്ളിയുടെ സമ്പാദ്യം. നഗരത്തിലെയും ജില്ലയിലെയും വികസന സ്വപ്നങ്ങളും പ്രതീക്ഷകളും മാധ്യമവുമായി പങ്കുവെക്കുകയാണ് നിയുക്ത മന്ത്രി.
കണ്ണൂരിന്റെ സ്വന്തം തുറമുഖമായ അഴീക്കലിനെ പൂർണതോതിലുള്ള തുറമുഖമായി മാറ്റും. ആദ്യപരിഗണന അഴീക്കലിനാണ്. വിഴിഞ്ഞം പോലെ അഴീക്കലിലും വികസനമെത്തും. ആധുനികവത്കരണ പ്രവൃത്തികൾ നടപ്പാക്കുന്നതിന് പ്രാധാന്യം നൽകും. നിലവിൽ അഴീക്കൽ ഒരു ചെറിയ തുറമുഖമാണ്. എല്ലാ അടിസ്ഥാന സൗകര്യങ്ങളും പ്രദാനം ചെയ്യുന്ന ഒരു തുറമുഖമായി പ്രവർത്തിപ്പിക്കാനാനാണ് ശ്രമം. റോഡ് ഗതാഗതത്തിരക്ക് കുറക്കാൻ ജലപാതയുടെ വികസനം സഹായിക്കും. തടി, മരം, പ്ലൈവുഡ് വ്യവസായം, തുണിത്തരങ്ങൾ, നിർമാണ സാമഗ്രികൾ തുടങ്ങിയവയുടെ കയറ്റുമതി തുറമുഖ വികസനത്തെ സഹായിക്കും.
അതിവേഗം വളരുന്ന നഗരമാണ് കണ്ണൂർ. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കാനാവശ്യമായ നടപടികൾക്ക് പ്രാധാന്യം നൽകും. മേലെചൊവ്വയിൽ മേൽപ്പാത നിർമിക്കാനായി ജനുവരിയിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കും. പദ്ധതി കിഫ്ബി അംഗീകരിച്ചു. നേരത്തെ മേലെചൊവ്വയിൽ അടിപ്പാത നിർമിക്കാനാണ് തീരുമാനിച്ചത്. ദേശീയപാതക്കടിയിലെ കുടിവെള്ള പൈപ്പുകൾ തടസമായതോടെയാണ് അടിപ്പാതക്ക് പകരം മേൽപ്പാതയെന്ന തീരുമാനത്തിലെത്തിയത്. നേരത്തെ അടിപ്പാതക്കായി പുതുക്കിയ എസ്റ്റിമേറ്റ് തുകയായ 34.6 കോടി രൂപ ചെലവിൽ തന്നെ മേൽപ്പാലവും പണിയാനാവും. പഴശ്ശിയിൽനിന്ന് മേലെചൊവ്വയിലെ ജലസംഭരണിയിലേക്ക് ഗ്രാവിറ്റി ഫോഴ്സിൽ വരുന്ന പൈപ് ലൈനായതിനാൽ പമ്പിങ്ങിനെ ബാധിക്കാത്ത വിധത്തിലാവും നിർമാണം. കെട്ടിടം പൊളി നേരത്തെ പൂർത്തിയാക്കാനായി. 310 മീറ്റർ നീളത്തിലും ഒമ്പത് മീറ്റർ വീതിയിലുമാണ് മേൽപാലം. തലശ്ശേരി, മട്ടന്നൂർ ഭാഗത്തുനിന്നും കണ്ണൂരിലേക്ക് വരുന്ന വാഹനങ്ങൾക്ക് കുരുക്കിൽപെടാതെ നഗരത്തിലെത്താനാവും.
ചാലക്കുന്നിൽ അപകടഭീഷണിയൊന്നുമില്ലാതെ ജനങ്ങൾക്ക് മേൽപാലത്തിലൂടെ റെയിൽപാളം കടക്കാനാവും. മേൽപാലത്തിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. മന്ത്രിയെന്നനിലയിൽ ഇതിന് വേഗംകൂട്ടുന്ന നടപടികൾ റെയിൽവേയുടെ സഹകരണത്തോടെ സ്വീകരിക്കും. 1.05 കോടി രൂപകൂടി റെയിൽവേക്ക് സംസ്ഥാന സർക്കാർ കൈമാറിയാൽ ടെൻഡറിലേക്ക് കടക്കാം.
റെയിൽവേക്ക് സർക്കാർ ഇതുവരെ 7.02 കോടിരൂപ നൽകി. ഇതിന് പുറമെയാണ് എസ്റ്റിമേറ്റിൽ മാറ്റം വന്നതിനെ തുടർന്ന് 1.05 കോടി കൂടി ആവശ്യപ്പെട്ടത്. 8.07 കോടി രൂപയാണ് ഇപ്പോൾ എസ്റ്റിമേറ്റ് തുക. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് റെയിൽവേ മേൽപ്പാലത്തിനായി ബജറ്റിൽ 5. 27 കോടി രൂപ അനുവദിച്ച് റെയിൽവേക്ക് കൈമാറിയിരുന്നു. മേൽപ്പാലം നിർമിച്ചാൽ ചാലക്കുന്നിൽനിന്ന് തോട്ടടയിലേക്ക് ആളുകൾക്ക് സുരക്ഷിതമായും എളുപ്പത്തിലും എത്താനാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.