കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ കമ്പനി എക്സാലോജിക്കിനെതിരായ കേന്ദ്ര അന്വേഷണ വാർത്തയെക്കുറിച്ച് പ്രതികരിക്കാതെ മന്ത്രി പി. രാജീവ്. ‘‘കരിമണൽ കാര്യത്തിൽ ഞങ്ങൾ ചില ചോദ്യങ്ങൾ മാത്യു കുഴൽനാടനോട് ചോദിച്ചിട്ടുണ്ട്. അതിന് അയാൾ മറുപടി പറയട്ടെ. ബാക്കി പിന്നീട് പറയാം’’ -മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു.
അതേസമയം, എക്സാലോജിക്കിനെതിരായ അന്വേഷണം സംബന്ധിച്ച് പാർട്ടി നേതൃത്വം വിശദീകരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അന്വേഷണമൊക്കെ കുറെ കണ്ടതാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള ഇത്തരം അന്വേഷണം മുമ്പും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പാലക്കാട്: എക്‌സാലോജിക്കുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേന്ദ്ര അന്വേഷണം അറിഞ്ഞിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി. ഇപ്പോഴുള്ള ഏത് കേന്ദ്രസർക്കാർ അന്വേഷണവും നിഷ്പക്ഷമാവാറില്ല. ന്യായവും നീതിയും ഇല്ലാത്ത നടപടികളാണ് കേന്ദ്രത്തിൽനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ കണ്ണോടെ എതിരാളികളെ നിർവീര്യമാക്കാൻ നോക്കുകയാണ് കേന്ദ്രസർക്കാറെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വീണ വിജയന്‍റെ കമ്പനിക്കെതിരായ കേന്ദ്ര അന്വേഷണം രാഷ്ട്രീയമായ വികല ലക്ഷ്യത്തോടെയാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ഇതിലെ രാഷ്ട്രീയ താൽപര്യം തിരിച്ചറിയാനുള്ള കഴിവ് കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും മന്ത്രി എറണാകുളം പ്രസ് ക്ലബിന്‍റെ മീറ്റ് ദ പ്രസിൽ പറഞ്ഞു. ഒരു ജനാധിപത്യ മര്യാദയുമില്ലാതെയാണ് കേന്ദ്രം സംസ്ഥാനത്തോട് പെരുമാറുന്നത്. ബി.ജെ.പി ഇതര സർക്കാറുകളെ വേട്ടയാടുന്നതിന്‍റെ ഭാഗമായാണിത്. സാമ്പത്തികമായി ഞെരുക്കുന്നതോടൊപ്പം ഭരണഘടനാപ്രതിസന്ധിയുണ്ടാക്കാനും നീക്കം നടത്തുകയാണ്. ഇതിനെതിരെ ദേശീയാടിസ്ഥാനത്തിൽ മുന്നണിയുണ്ടാക്കണം -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.