തിരുവനന്തപുരം: ആദ്യഘട്ട നിർമാണം പൂർത്തിയാക്കാനും കമീഷനിങ് ചെയ്യാനുമുള്ള തീയതികൾ പല തവണ മാറ്റുന്നതിനിടെ, രണ്ടാംഘട്ടം 2027ൽ പൂർത്തിയാകുമെന്ന പ്രതീക്ഷ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ പങ്കുവെച്ചു. 2024 മേയിൽ ആദ്യഘട്ടം കമീഷനിങ് നടത്താൻ സാധിച്ചേക്കുമെന്നാണ് സർക്കാർ ഇപ്പോൾ പറയുന്നത്. അതിനിടെ, ആദ്യഘട്ടത്തിൽ പൂർത്തിയാക്കേണ്ട 800 മീറ്റർ ബെർത്തിൽ കപ്പലടുപ്പിക്കുംമുമ്പ് 400 മീറ്റർ പൂർത്തിയാക്കുമെന്ന് കഴിഞ്ഞമാസം പറഞ്ഞിരുന്നു. എന്നാൽ, 270 മീറ്റർ മാത്രമാണ് പൂർത്തിയായത്. എന്നാലും, മന്ത്രിസഭ പുനഃസംഘടന നടക്കുംമുമ്പ് കപ്പലിന് സ്വീകരണം നൽകുന്ന ചടങ്ങൊരുക്കാനും ആഘോഷമാക്കാനും തീരുമാനിക്കുകയായിരുന്നു. ഇത് കമീഷനിങ്ങാണെന്ന പ്രതീതി ജനിപ്പിച്ചും മന്ത്രിക്ക് അഭിവാദ്യമർപ്പിച്ചും തുറമുഖത്തെ അനുകൂലിക്കുന്ന സമൂഹമാധ്യമ സംഘങ്ങൾ ആഘോഷത്തിലാണ്.
പറഞ്ഞ സമയത്തിൽ ആദ്യഘട്ടം നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ, അദാനി ഗ്രൂപ്പിനെ ഒഴിവാക്കാൻ സർക്കാറിന് അധികാരമുണ്ട്. എന്നാൽ, 2019 ഡിസംബറിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് മഹാമാരി, 2017ലെ ഓഖി ചുഴലിക്കാറ്റ്, 2018 ലെ മഹാമാരിയും പ്രളയവും 2017 നവംബറിൽ തുറമുഖപദ്ധതി പ്രദേശത്ത് 11 ദിവസം നീണ്ടുനിന്ന മത്സ്യത്തൊഴിലാളി സമരം എന്നിവയടക്കമുള്ള 16 കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ് സമയം നീട്ടിച്ചോദിച്ച് ആർബിട്രേഷന് പോയത്.
പി.പി.പി മോഡലിൽ സ്വകാര്യ പങ്കാളിക്ക് 30 വർഷമാണ് പ്രവർത്തനത്തിനുള്ള സ്റ്റാൻഡേർഡ് കാലാവധി. എന്നാൽ, 40 വർഷം നൽകിയതിലൂടെ അധിക 10 വർഷം അദാനി ഗ്രൂപ്പിന് കോടികളുടെ ലാഭമുണ്ടാക്കാൻ ഇടവരുത്തിയെന്ന് സി.എ.ജി ചൂണ്ടിക്കാണിച്ചിരുന്നു. ആദ്യഘട്ടം നിർമാണം പൂർത്തിയാകുംമുമ്പ് രണ്ടും മൂന്നും ഘട്ടം നിർമാണം നടത്താൻ അനുമതി നൽകണമെന്ന സർക്കാർ ഏജൻസിയായ വിഴിഞ്ഞം സീ പോർട്ട് ലിമിറ്റഡ് കേന്ദ്രത്തിനുനൽകിയ അപേക്ഷ തള്ളി. പൊതുജനങ്ങളിൽനിന്നുള്ള പരാതികളും ആക്ഷേപങ്ങളും കേൾക്കാതെതന്നെ അടുത്ത ഘട്ടത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടതാണ് അപേക്ഷ തള്ളാൻ കാരണം. ഈ അപേക്ഷ സ്വീകരിച്ചാൽ പ്രവർത്തന കാലാവധി 60 വർഷമായി ഉയർത്തിക്കിട്ടുമെന്ന ലാഭം അദാനി ഗ്രൂപ്പിനുണ്ട്. സർക്കാർ ഏറ്റെടുത്ത ഭൂമി ലോക ബാങ്കിലടക്കം പണയം വെക്കാനുള്ള അധികാരം അദാനി ഗ്രൂപ്പിന് നൽകിയതും വിവാദമായിരുന്നു.
•കരാർ ഒപ്പിട്ടത് - 2015 ആഗസ്റ്റ് 17
•നിർമാണം ആരംഭിച്ചത് - 2015 ഡിസംബർ 05
•ആദ്യഘട്ട പൂർത്തീകരണം നിശ്ചയിച്ചത് - 2019 ഡിസംബർ 03
(ഒപ്പിട്ട് 1460 ദിവസം)
•ആദ്യഘട്ടം പൂർത്തീകരണത്തിന് വേണ്ട ദിനങ്ങളെന്ന്
അവകാശപ്പെട്ടത് - 1000 ദിവസം
•ആദ്യഘട്ടം നിർമാണം ആരംഭിച്ച് (2023 ഒക്ടോബർ 15 വരെ)
പിന്നിട്ടത് - 2872 ദിവസങ്ങൾ.
•പുതിയ പ്രഖ്യാപന പ്രകാരം ആദ്യഘട്ടം പൂർത്തീകരിക്കാമെന്ന്
അവകാശപ്പെടുന്നത് - 2024 മേയ് (3069 ദിനങ്ങൾ)
•പദ്ധതി ചെലവ് - 7700 കോടി (2545 കോടി അദാനിയുടേത്,
ബാക്കി സർക്കാറുകളുടേത്)
•നഷ്ടം നികത്താൻ നൽകുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് - 1635 കോടി
•സർക്കാർ ഏറ്റെടുത്തുനൽകിയ ഭൂമി -500 ഏക്കർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.