തിരുവനന്തപുരം: ഒക്ടോബർ രണ്ടുമുതൽ നവംബർ ഒന്നുവരെയുള്ള തീവ്ര ലഹരി വിരുദ്ധ കാമ്പയിനിൽ മുഴുവൻ വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും അണിനിരക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. വിദ്യാലയങ്ങൾക്ക് അവധിയാണെങ്കിലും പരിപാടികൾ നടത്തുന്നതിന് നടപടിയെടുക്കണമെന്നും മന്ത്രി നിർദേശിച്ചു.
ഞായറാഴ്ചയിലെ പരിപാടി മാറ്റിവെക്കണമെന്ന് കെ.സി.ബി.സി ഉൾപ്പെടെയുള്ള ക്രിസ്ത്യൻ സംഘടനകൾ ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് സ്കൂൾതലത്തിലെ പരിപാടികൾക്ക് മാറ്റമില്ലെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് വാർത്താകുറിപ്പിറക്കിയത്. എന്നാൽ, വിശ്വാസപരമായ ആചരാനുഷ്ഠാനങ്ങളിൽ കത്തോലിക്കരായ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പങ്കെടുക്കേണ്ടതുണ്ടെന്നും ഗാന്ധിജയന്തി ദിനമായ ഞായറാഴ്ച പ്രവൃത്തിദിനമാക്കാനുള്ള സർക്കാർ നിർദേശം കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങൾ പാലിക്കില്ലെന്നും കെ.സി.ബി.സി സർക്കുലർ വഴി അറിയിച്ചു.
ഗാന്ധി ജയന്തി ദിനത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നതിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് മന്ത്രി അറിയിച്ചതിനുപിന്നാലെയാണ് കെ.സി.ബി.സി സർക്കുലർ പുറത്തിറക്കിയത്.
പരമാവധി വിദ്യാർഥികളുടെ പങ്കാളിത്തം ഗാന്ധി ജയന്തി ദിനത്തിലെ പരിപാടികൾക്ക് ഉണ്ടാകണമെന്ന് മന്ത്രി അഭ്യർഥിച്ചു. ഒക്ടോബർ രണ്ടിന് 10നുള്ള ഉദ്ഘാടന പരിപാടി എല്ലാവരിലേക്കും എത്തിക്കാനുള്ള പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ നടത്തണം. വിദ്യാലയസമിതികൾ മുൻകൈയെടുത്ത് പ്രചാരണ ബോർഡുകൾ സ്ഥാപിക്കണം.
ഒക്ടോബർ 6, 7 തീയതികളിൽ രക്ഷാകർത്താക്കൾക്കുള്ള ബോധവത്കരണ പരിപാടികൾ വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പി.ടി.എ, എം.പി.ടി.എ, വികസനസമിതി തുടങ്ങിയവയുടെ നേതൃത്വത്തിൽ നടത്തണം. ഒരുമാസം സ്കൂൾതലത്തിൽ വിവിധ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കണം. നവംബർ ഒന്നിന് വൈകീട്ട് മൂന്ന് മുതൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരി വിരുദ്ധ ശൃംഖല വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ മുൻകൂട്ടി നടപ്പാക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
മന്ത്രിയുടെ നിർദേശം തള്ളിയ കെ.സി.ബി.സി, ഞായറാഴ്ചക്ക് പകരം മറ്റൊരു ദിവസം ലഹരി വിരുദ്ധ ദിനമായി ആചരിക്കണമെന്ന് സ്കൂളുകൾക്ക് നൽകിയ അറിയിപ്പിൽ പറഞ്ഞു.
കോട്ടയം: ക്രൈസ്തവ സമൂഹത്തിന്റെ ആരാധന സ്വാതന്ത്ര്യം ഹനിക്കുന്ന തരത്തിൽ ഒക്ടോബർ രണ്ട് ഞായറാഴ്ച കേരളത്തിലെ വിദ്യാലയങ്ങൾക്ക് പ്രവൃത്തി ദിവസമാക്കിയതിൽ കേരള റീജനൽ സി.എസ്.ഐ ബിഷപ്സ് കൗൺസിൽ പ്രതിഷേധിച്ചു.
ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ സമൂഹത്തിന്റെ ആരാധന സ്വാതന്ത്ര്യം സംരക്ഷിക്കേണ്ട ബാധ്യത സർക്കാറിനുണ്ട്. അതിനാൽ തീരുമാനത്തിൽനിന്ന് പിന്മാറണം. ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ മറ്റൊരു പ്രവൃത്തി ദിനത്തിൽ നടത്താൻ സർക്കാർ തയാറാവണം. സർക്കാർ മുൻകൈ എടുത്ത് നടത്തുന്ന എല്ലാ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലും സഭയുടെ പൂർണ പിന്തുണയും സഹകരണവും ബിഷപ്സ് കൗൺസിൽ ഉറപ്പുനൽകി. സി.എസ്.ഐ മോഡറേറ്റർ ബിഷപ് ഡോ. എ. ധർമരാജ് റസാലം അധ്യക്ഷത വഹിച്ചു. ബിഷപ് ബേക്കർ നൈനാൻ ഫെൻ, ബിഷപ് ഡോ. റോയിസ് മനോജ് വിക്ടർ, ബിഷപ് ഡോ. ഉമ്മൻ ജോർജ്, ബിഷപ് വി.എസ്. ഫ്രാൻസിസ്, ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ എന്നിവർ സംസാരിച്ചു.'
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.