തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലെ ഒന്നാം പ്രതി സതീഷ് കുമാറുമായി എൽ.ഡി.എഫ് കൺവീനറും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി. ജയരാജന് അടുത്ത ബന്ധമെന്നും ഇരുവർക്കും പങ്കാളിത്തമുള്ള സൂപ്പർമാർക്കറ്റ് ഗൾഫിൽ പ്രവർത്തിക്കുന്നുണ്ടെന്നും വെളിപ്പെടുത്തൽ.
സതീഷ്‌കുമാറിന്റെ തൃശൂർ സ്വദേശിയായ ഡ്രൈവറാണ് ഇതുസംബന്ധിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സതീഷ്കുമാറിന്റെ സ്വകാര്യ യാത്രകൾക്കടക്കം ഇയാളാണ് ഡ്രൈവറായും സഹായിയായും ഉണ്ടായിരുന്നത്. സി.പി.എം നേതാവ് എം.കെ. കണ്ണനുമായും സതീഷ് കുമാറിന് അടുത്ത ബന്ധമുണ്ടെന്ന് ഡ്രൈവർ പറയുന്നു. ജയരാജൻ തൃശൂരിൽ സി.പി.എം ജില്ല സെക്രട്ടറിയായിരിക്കെ ഇരുവരും ഏറെ അടുപ്പമുണ്ട്.
സതീഷിന്റെ സഹോദരനെ ഗൾഫിലെ സാമ്പത്തിക പ്രശ്നത്തിൽ സഹായിച്ചത് ഇ.പിയാണ്. ഗൾഫിൽ സതീഷ്കുമാറിന്റെ സൂപ്പർമാർക്കറ്റിൽ ജയരാജന് പങ്കാളിത്തമുണ്ട്. അത് എവിടെയാണെന്ന് അറിയില്ല. ഇവിടെ ഇറക്കാനാകാത്ത പണം ഗൾഫിലേക്ക് വിട്ട് മാറ്റിയെടുക്കുകയാണ് ചെയ്യുക. ഇരുവരും രാമനിലയത്തിലടക്കം നിരവധി തവണ കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്. ബിസിനസുമായി ബന്ധപ്പെട്ട ഫണ്ടുകള്‍ പാസാക്കാന്‍ സതീഷ്കുമാര്‍ എം.കെ. കണ്ണനെ ഫോണില്‍ വിളിച്ച് ആവശ്യപ്പെടാറുണ്ടെന്നും ഇദ്ദേഹം പറയുന്നു.
നടന്നത് വലിയ ഇടപാടുകളാണ്. കൈകാര്യം ചെയ്തിരുന്നതിൽ മന്ത്രിമാരടക്കമുള്ളവരുടെ പണമുണ്ടെന്നാണ് സതീഷ്കുമാറിൽനിന്നും ഫോൺവിളികളിൽനിന്നുമടക്കം മനസ്സിലായത്. ഒരു സമയം 10 കോടിയുടെ വരെ ഇടപാട് ചെയ്യാനാകുമെന്നാണ് സതീഷ്കുമാർ പറഞ്ഞിരുന്നത്. കോലഴിയിലെ സതീഷ്കുമാറിന്റെ ഓഫിസിലിരുന്ന് നിരവധി തവണ ഇത്തരം ചർച്ചകളുണ്ടായിട്ടുണ്ട്. പൊലീസിലും സതീഷ് കുമാറിന് ബന്ധങ്ങളുണ്ട്. ഒരു കോടിക്ക് മുകളിലുള്ള ഇടപാടുകളിൽ വിലാസങ്ങളറിയാനും മറ്റും വിളിക്കുക എസ്.പിമാരെയാണ്.
ഇടപാടുകളിൽ മുന്‍ എസ്.പി ആന്റണിക്കും നിക്ഷേപമുണ്ട്. എസ്.പി ഉപയോഗിച്ചത് സതീഷ്‌കുമാറിന്റെ വാഹനമാണെന്നും ഡ്രൈവര്‍ പറഞ്ഞു. മൊഴിയെടുക്കാൻ ഇ.ഡിയോ മറ്റ് അന്വേഷണ ഏജൻസികളോ വിളിപ്പിച്ചാൽ നൽകുമെന്നും ഡ്രൈവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.