കൊച്ചി: സംഘ്പരിവാറിന്റെ ന്യൂനപക്ഷവിരുദ്ധ നിലപാടുകൾക്കും വേട്ടകൾക്കുമെതിരെ മതനിരപേക്ഷവാദികളുടെ ശക്തമായ ഐക്യനിര വളർത്തണമെന്ന് സി.പി.എം. വർഗീയതക്കെതിരെ മതവിശ്വാസികളെക്കൂടി അണിനിരത്തിയുള്ള വിശാലമായ മുന്നേറ്റം രൂപപ്പെടുത്തണം. ഇതിൽ എല്ലാ ജനാധിപത്യ വിശ്വാസികളും അണിചേരണമെന്ന് സംസ്ഥാന സമ്മേളനം ആഹ്വാനം ചെയ്തു.
ന്യൂനപക്ഷ പരിരക്ഷ എന്നത് മതനിരപേക്ഷതയുടെ സംരക്ഷണത്തിന് ഏറ്റവും പ്രധാനപ്പെട്ട ഉപാധികളിൽ ഒന്നാണ്. എന്നാൽ, അത്തരം കാഴ്ചപ്പാട് സംഘ്പരിവാറിനില്ല. അവരെ അന്യമായി കണ്ട് ജനങ്ങൾക്കിടയിൽ വിഭജനമുണ്ടാക്കി നേട്ടമുണ്ടാക്കുന്ന രാഷ്ട്രീയ നിലപാടാണ് അവർ സ്വീകരിക്കുന്നത്. സംഘ്പരിവാർ മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ അജണ്ട ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ രൂപപ്പെടുത്തിയിട്ടുണ്ട്. സംഘ്പരിവാറിന്റെ ഹിന്ദുത്വ, കോർപറേറ്റ്, അമിതാധികാര അജണ്ടകൾക്കെതിരെ കോൺഗ്രസ് ശക്തമായ നിലപാട് സ്വീകരിക്കുന്നില്ല. മുത്തലാഖ് നിരോധന നിയമം കൊണ്ടുവന്നതുവഴി മുസ്ലിംകളുടെ വിവാഹമോചനം മാത്രം ക്രിമിനൽ കുറ്റമാക്കി മാറ്റി. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളായ കശ്മീരിലും ലക്ഷദ്വീപിലും നടത്തുന്ന ഇടപെടലുകളും ഇതിന്റെ തുടർച്ചയാണ്. ഹിജാബിനെതിരെ കർണാടകത്തിലെ ബി.ജെ.പി സർക്കാർ സ്വീകരിച്ച നിലപാട് കടുത്ത മുസ്ലിം വിരോധത്തിൽനിന്ന് രൂപപ്പെട്ടതാണ്.
ക്രിസ്ത്യൻ ജനവിഭാഗത്തിൽപെടുന്നവരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമിക്കപ്പെടുന്നു. പൗരത്വം മതാടിസ്ഥാനത്തിൽ നിർണയിക്കുന്ന ഒന്നാക്കി മാറ്റുന്നതോടെ മതരാഷ്ട്ര കാഴ്ചപ്പാടിലേക്ക് രാജ്യത്തെ കൊണ്ടുപോകാനുള്ള പദ്ധതിയാണ് തയാറാകുന്നത്. ഹിന്ദുത്വ, കോർപറേറ്റ് അജണ്ടകളുമായി അമിതാധികാര പ്രവണതയോടെ മുന്നോട്ടുപോകുന്ന ബി.ജെ.പിക്ക് ഭരണഘടന മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകളെ ഉൾക്കൊള്ളാനാവില്ലെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.