തിരുവനന്തപുരം: പിണറായിക്കെതിരെ പരസ്യമായി പ്രതികരിച്ച പി.വി. അൻവറിന്‍റെ അറസ്റ്റ് ഒട്ടും അപ്രതീക്ഷതമല്ല. സർക്കാറിൽനിന്ന് ഇത്തരം നടപടികൾ ഏതുനിമിഷവും ഉണ്ടായേക്കാമെന്ന് അൻവറും ഉറപ്പിച്ചതാണ്. കിട്ടിയ ആദ്യാവസരം തന്നെ പാർട്ടിയും സർക്കാറും ഉപയോഗപ്പെടുത്തി.
വനംവകുപ്പ് ഓഫീസിലുണ്ടായ പ്രതിഷേധത്തിനിടയിലെ അക്രമത്തിന്‍റെ പേരിലാണ് അൻവറിന്‍റെ അറസ്റ്റ്. സംഭവദിവസം തന്നെ രാത്രി വീടുവളഞ്ഞുള്ള അറസ്റ്റ് നടപടികൾക്ക് പതിവിൽക്കവിഞ്ഞ ശുഷ്കാന്തിയാണ് പൊലീസ് കാണിച്ചത്. സമാനമായ സംഭവങ്ങളിൽ ദിവസങ്ങൾ കഴിഞ്ഞാലും നടപടികളുണ്ടാകാറില്ലെന്നിരിക്കെ, ഒരു എം.എൽ.എയെ മണിക്കുറുകൾക്കകം പൊലീസ് വീടുകയറി പിടികൂടി. തീരുമാനം പൊലീസിന്‍റേത് മാത്രല്ലെന്ന് ഉറപ്പ്.
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശമാണ് നടപ്പായത്. ഇത്തരമൊരു അവസരത്തിന് സർക്കാറും പൊലീസും കാത്തിരിക്കുകയായിരുന്നു. കാരണം, പിണറായി വിജയനും അദ്ദേഹത്തിന്‍റെ വിശ്വസ്തരായ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, എ.ഡി.ജി.പി എം.ആർ. അജിത്കുമാർ എന്നിവർക്കും നേരെ അൻവർ നടത്തിയതുപോലുള്ള കടന്നാക്രമണം സമീപകാലത്ത് ആരും നടത്തിയിട്ടില്ല.
അതുണ്ടാക്കിയ പ്രകമ്പനങ്ങൾ മറികടക്കാൻ പിണറായി വിജയന് കഴിഞ്ഞത് പാർട്ടിയിലും സർക്കാറിലും അദ്ദേഹത്തിനുള്ള പൂർണ്ണ നിയന്ത്രണം ഒന്നുകൊണ്ടുമാത്രമാണ്. തനിക്കെതിരെ സംസാരിക്കാൻ ധൈര്യം കാണിച്ചയാൾ ഇടതുമുന്നണിയിൽ വേണ്ടെന്ന് പിണറായി തീരുമാനിച്ചതോടെ അൻവറിന് ഇടതുമുന്നണിയിലും ഇരിപ്പിടം നഷ്ടമായി.
അൻവർ ഉയർത്തിയ വിവാദം കെട്ടടങ്ങിയതിന് പിന്നാലെ, അദ്ദേഹത്തിനെതിരെ ഒന്നിലേറെ മാനനഷ്ട കേസുകളുമായി പി.ശശി രംഗത്തുവന്നിരുന്നു. മാത്രമല്ല, അൻവറിനെതിരെ നേരത്തേയുള്ള ചില പരാതികൾ പൊടിതട്ടിയെടുക്കാനുള്ള നീക്കങ്ങളും സർക്കാറിന്‍റെ ഭാഗത്തുനിന്നുണ്ട്.
അങ്ങനെ സാധ്യമായ എല്ലാനിലയിലും അൻവറിനെ പൂട്ടാൻ കരുക്കൾ നീക്കവെ, വനംവകുപ്പ് ഓഫീസിലെ സംഘർഷം സർക്കാറിന് വീണുകിട്ടിയ സുവർണ്ണാവസരമായി. സംഘർഷ സമയത്ത് അൻവർ സ്ഥലത്തുണ്ടായിരുന്നെങ്കിലും അക്രമത്തിൽ നേരിട്ട് പങ്കില്ലെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. എങ്കിലും അൻവറിനെ മുഖ്യപ്രതിയാക്കിയത് മുകളിൽനിന്നുള്ള തീരുമാനമെന്നത് വ്യക്തം. അഴിക്കുള്ളിലാക്കാനുറച്ച് സർക്കാർ തുനിഞ്ഞിറങ്ങിയപ്പോൾ വെല്ലുവിളിച്ചുനിന്ന അൻവറിന് വഴങ്ങുകയല്ലാതെ വഴിയില്ലാതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.