പൗരത്വനിയമ ഭേദഗതി നിയമം പിന്‍വലിക്കുന്നതുവരെ പോരാട്ടമെന്ന് എം.എം ഹസന്‍

തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതി നിയമം പിന്‍വലിക്കുന്നതുവരെ നിയമപരമായും രാഷ്ട്രീയപരമായുമുള്ള പോരാട്ടം തുടരുമെന്ന് കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം ഹസന്‍. കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി അധ്യക്ഷന്‍മാരുടെയും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെയും യോഗത്തില്‍ ആക്ടിംഗ് പ്രസിഡന്റായി ചുമതലയേറ്റശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതധ്രുവീകരണം എന്ന ഏക ലക്ഷ്യത്തോടെയാണ് പൗരത്വനിയമഭേദഗതി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മോദി സര്‍ക്കാര്‍ കൊണ്ടുവന്നതെന്നും ഭരണഘടനാവിരുദ്ധമായ ഈ നിയമം കോടതിയില്‍ നിലനില്ക്കില്ലെന്നും ഹസന്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ഇരട്ടത്താപ്പാണ് സ്വീകരിച്ചിട്ടുള്ളത്.

പൗരത്വനിയമം നടപ്പാക്കില്ലെന്നു പറയുന്ന മുഖ്യമന്ത്രിയുടേത് പരിഹാസ്യമായ നിലപാടുകളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. നിയമ ഭേദഗതിക്കെതിരേ യു.ഡി.എഫ് നടത്തിയ പ്രക്ഷോഭങ്ങളില്‍ എണ്ണൂറിലധികം കേസുകള്‍ ചുമത്തിയിട്ട് അതു പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. കഴിഞ്ഞ ദിവസം പ്രതിഷേധിച്ചവര്‍ക്കെതിരേയും കേസെടുത്തു. മുഖ്യമന്ത്രിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേസ് പിന്‍വലിക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.

പരിപാടിയിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിട്ട് 20 സീറ്റിലും മിന്നുന്ന വിജയം നേടുമെമെന്ന് സുധാകരന്‍ പറഞ്ഞു. വർക്കിങ് കമ്മിറ്റി അംഗം ശശി തരൂര്‍, മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം, രാഷ്ട്രീയകാര്യസമിതിയംഗം എം. ലിജു തുടങ്ങിയവര്‍ സംസാരിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസനെ പ്രസിഡന്റിന്റെ താത്ക്കാലിക ചുമതല ഏല്പിച്ചു.

Tags:    
News Summary - MM Hasan said that the fight will be till the repeal of the Citizenship Amendment Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.