ഫോര്‍ട്ട്‌കൊച്ചി പോലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഡിസൈന്‍ പോളിസി ഉപയോഗപ്പെടുത്തണമെന്ന് മുഹമ്മദ് റിയാസ്

കൊച്ചി : കേരളത്തെ ഡിസൈന്‍ഡ് ഡെസ്റ്റിനേഷന്‍ ആക്കുവാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ഫോര്‍ട്ട്‌കൊച്ചി പോലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഡിസൈന്‍ പോളിസി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഫോര്‍ട്ട്‌കൊച്ചി ഫ്രീഡം ജയില്‍ മ്യൂസിയത്തില്‍ പ്രാദേശിക കലാകാരന്മാരുടെ കലാപ്രദര്‍ശനമായ പപ്പാഞ്ഞി ആര്‍ട് ഫെയര്‍-2023 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഫോര്‍ട്ട്‌കൊച്ചിയുടെയും എറണാകുളത്തിന്റെയും ടുറിസം വികസനത്തിനായി ടൂറിസം വകുപ്പ് എല്ലാവിധ പിന്തുണയും നല്‍കും. ബീച്ച്-ഹെറിട്ടേജ് ടൂറിസം എന്നിവയ്ക്ക് പ്രാധാന്യമുള്ള ജില്ലയാണ് എറണാകുളം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന ജില്ലയും എറണാകുളമാണ്.

കേരളത്തെ ഡിസൈന്‍ഡ് ഡെസ്റ്റിനേഷന്‍ ആക്കുന്നതിന്റെ ഭാഗമായി രാജ്യാന്തര വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ കരട് ഡിസൈന്‍ പോളിസിയില്‍ പൈതൃക കലാപ്രദര്‍ശനങ്ങള്‍ക്ക് പ്രത്യേക വേദി വേണമെന്ന് നിര്‍ദേശമുണ്ട്. പ്രാദേശിക കലാകാരന്മാര്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുന്ന നിര്‍ദേശമാണിതെന്നും പപ്പാഞ്ഞി ആര്‍ട് ഫെയര്‍ പോലുള്ള പ്രദര്‍ശനങ്ങള്‍ ടുറിസ്റ്റുകളെ ആകര്‍ഷിക്കും.

ഉത്തരവാദിത്വ ടൂറിസത്തിന് ഗുണകരമാണ് പപ്പാഞ്ഞി ആര്‍ട് ഫെയര്‍ പോലുള്ള പ്രദര്‍ശനങ്ങള്‍. ചരിത്രത്തിന്റെ ഭാഗമായ ഫോര്‍ട്ട്‌കൊച്ചി ജയില്‍ മ്യൂസിയം സഞ്ചാരികള്‍ക്കുകൂടി പരിചയപ്പെടുത്തുവാന്‍ ഇത്തരം പ്രദര്‍ശനങ്ങള്‍ക്ക് കഴിയും. ചരിത്രപ്രാധാന്യമുള്ള ഇടങ്ങളെ ടുറിസ്റ്റ് കേന്ദ്രങ്ങളാക്കി സഞ്ചാരികള്‍ക്ക് കടന്നുവരാന്‍ സൗകര്യമൊരുക്കുന്നത് പ്രധാനപ്പെട്ടകാര്യമാണ്.

പാലങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുഇടങ്ങള്‍ ടൂറിസത്തിനായി ഉപയോഗിക്കും. പാലങ്ങളുടെ അടിഭാഗങ്ങള്‍ പാര്‍ക്ക്, ഓപ്പണ്‍ ജിം, ഫുട്പാര്‍ക്കുകള്‍ തുടങ്ങിയവയ്ക്കായി ഉപയോഗപ്പെടുത്താം. പാലങ്ങള്‍ ദീപങ്ങളാല്‍ അലങ്കരിച്ച് ടുറിസത്തിനായി ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. കേരളത്തെ ടുറിസ്റ്റ് സൗഹൃദ സംസ്ഥാനമായി മാറ്റുന്നതിന് സാധ്യമായ എല്ലാ ഇടപെടലുകളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കെ.ജെ മാക്‌സി എം.എൽ.എ അധ്യക്ഷത വഹിച്ചു. കലക്ടര്‍ ഡോ.രേണു രാജ്, സബ് കലക്ടര്‍ പി.വിഷ്ണു രാജ്, കൊച്ചി നഗരസഭ കൗണ്‍സിലര്‍മാരായ ആന്റണി കുരിത്തറ, ബെനഡിക്ട് ഫെര്‍ണാണ്ടസ്, ആന്റണി ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു. കൊച്ചിയിലെ പ്രാദേശിക കലാകാരന്മാരുടെ കലാസൃഷ്ടികളുടെ പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമായി കൊച്ചിന്‍ ഹെരിറ്റേജ് സോണ്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് രണ്ട് ആഴ്ച നീളുന്ന പപ്പാഞ്ഞി ആര്‍ട് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്. 

Tags:    
News Summary - Mohammad Riaz said that tourist centers like Fort Kochi should use design policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.